സിപിഎം- കോണ്‍ഗ്രസ് ബന്ധം അചിന്ത്യം ; ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കുന്ന സൂചനയും ഇതു തന്നെ

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് ബന്ധകാര്യത്തില്‍ തിരുത്ത് വന്നെങ്കിലും സിപിഎം-കോണ്‍ഗ്രസ് ബന്ധം എളുപ്പമല്ലെന്ന സൂചന തന്നെയാണ് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും പുറത്തു വരുന്നത്.

കോണ്‍ഗ്രസുമായി ധാരണയോ തിരഞ്ഞെടുപ്പ് സഖ്യമോ വേണ്ടെന്ന ഭാഗത്തിന് പകരം കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്നാണ് തിരുത്ത് വന്നത്. ഈ തിരുത്ത് ആണ് യെച്ചൂരിയുടെ വിജയമായി ആഘോഷിക്കപ്പെടുന്നത്. യെച്ചൂരി അവതരിപ്പിച്ച ബദല്‍രേഖ സിപിഎം നിലപാടിന് എതിരാണ്.

കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം പാടില്ലെന്ന് മാത്രമല്ല കോണ്‍ഗ്രസിനെ എതിര്‍ക്കുകയും വേണമെന്നാണ് കഴിഞ്ഞ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചത്. ഈ നയത്തോടുള്ള വിയോജിപ്പാണ് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ യെച്ചൂരി മുന്നോട്ട് കൊണ്ടുപോയത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ട്ടി നയത്തിന് എതിര് നില്‍ക്കുന്നു എന്ന ധാരണ അടിമുടി പാര്‍ട്ടിക്കുള്ളില്‍ വ്യാപിക്കാന്‍ യെച്ചൂരിയുടെ ഈ നിലപാട് വഴിവെച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടിനെതിരെ യെച്ചൂരിക്കൊപ്പം ബംഗാള്‍ ഘടകം കൂടി നിലയുറപ്പിച്ചപ്പോള്‍ അത് സിപിഎമ്മില്‍ വലിയ പ്രതിസന്ധിയ്ക്ക് തന്നെ വഴിവെച്ചു. കോണ്‍ഗ്രസ് ബന്ധം വിഘാതമായി നിന്നപ്പോള്‍ വിചിത്രമായ വഴികളിലൂടെ പാര്‍ട്ടിയ്ക്ക് കടന്നു പോകേണ്ടിയും വന്നു.

ഇപ്പോഴും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി അവതരിപ്പിച്ച രേഖയ്ക്ക് പരിഗണനയില്ല. മുന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും പിബി അംഗവുമായ പ്രകാശ് കാരാട്ട് അവതരിപ്പിച്ച രേഖയാണ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചത്.

ആ രാഷ്ട്രീയ പ്രമേയത്തില്‍ ഒരു വാചകം മാത്രമാണ് മാറിയത്. ഇപ്പോള്‍ കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തില്‍ ചോദ്യം ഉയരുമ്പോള്‍ യാഥാര്‍ഥ്യം സിപിഎം പിബി അംഗം വൃന്ദാ കാരാട്ടിന്റെ വാക്കുകളിലാണ് ഒളിച്ചിരിക്കുന്നത്. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം കോണ്‍ഗ്രസുമായി ഒരു രാഷ്ട്രീയ സഖ്യം അനുവദിക്കുന്നതല്ലെന്നു വൃന്ദാ കാരാട്ട് വ്യക്തമാക്കുന്നു. ഇത് തന്നെയാണ് യാഥാര്‍ഥ്യവുമായി അടുത്ത് നില്‍ക്കുന്നത്.

കോണ്‍ഗ്രസുമായി അടുത്താല്‍ ആകെ ഭരണത്തിലിരിക്കുന്ന കേരളം കൂടി നഷ്ടപ്പെടുമെന്ന കേരളാ ഘടകത്തിന്റെ മുന്നറിയിപ്പ് വൃഥാവില്‍ തള്ളാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. യെച്ചൂരി ലൈനില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യം ഇപ്പോഴും സിപിഎമ്മിന് അചിന്ത്യം തന്നെയാണെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിന്നും തെളിയുന്നത്.

ബിജെപി മുഖ്യശത്രുവായി മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു രാഷ്ട്രീയ പ്രമേയത്തില്‍ ഒരു വാചകം മാത്രമാണ് മാറിയത്. ഈ മാറിയ വാചകങ്ങള്‍ക്ക് ഒരു കോണ്‍ഗ്രസ് ബന്ധത്തിനുള്ള ശേഷിയുമില്ല.

അപ്പോള്‍ വൃന്ദാ കാരാട്ടിന്റെ വാക്കുകള്‍ക്ക് പ്രവചന സ്വഭാവം വരുന്നു, കോണ്‍ഗ്രസുമായി ഏതൊക്കെ കാരണത്തില്‍ ധാരണയാവാം എന്ന് തീരുമാനിച്ചിട്ടുണ്ട്. വൃന്ദ പറയുന്നു.

അപ്പോഴും ഒരു ചോദ്യം ഉയരുന്നത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച ബദല്‍ രേഖയുടെ നിലവിലെ അവസ്ഥയെന്ത്‌ എന്നാണ്. ഈ രേഖ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല. തള്ളിയിട്ടുമില്ല. 1998-ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് അവതരിപ്പിച്ച ബദല്‍രേഖയുടെ പ്രാധാന്യം ഇപ്പോഴാത്തെ രേഖയക്ക് ലഭിച്ചതുമില്ല. 1998-ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ട് അവതരിപ്പിച്ചപ്പോള്‍ ബദല്‍ രേഖ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തും അവതരിപ്പിച്ചു.

ഐക്യമുന്നണി സര്‍ക്കാരില്‍ ചേരേണ്ടെന്നും ജ്യോതിബസു പ്രധാനമന്ത്രി ആകേണ്ടതില്ലാ എന്നുമായിരുന്നു രാഷ്ട്രീയ പ്രമേയം.അതിനെതിരായാണ് ബദല്‍ രേഖയുമായി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് രംഗത്ത് വന്നത്.

കാരാട്ടിന്റെ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചപ്പോള്‍ സുര്‍ജിത്തിന്റെ രേഖ അനുബന്ധമായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. ബദല്‍ രേഖ റിപ്പോര്ട്ടിന്‍റെ ഭാഗമായി.

ഇവിടെ യെച്ചൂരി അവതരിപ്പിച്ച ബദല്‍ രേഖയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് സൂചനകളില്ല. ഈ ബദല്‍രേഖ വിജയിച്ചിട്ടില്ലെന്നു വൃന്ദാ കാരാട്ട് പറയുന്നു. വാസ്തവം വൃന്ദയുടെ വാക്കുകളിലാണ്. ബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് ധാരണ പാര്‍ട്ടി നയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്നും വൃന്ദ പറയുന്നു.

ബംഗാള്‍ ഘടകം പൂര്‍ണ്ണമായും പിന്താങ്ങുന്നത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി യെച്ചൂരിയെയാണ്. ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം ധാരണയ്ക്ക് പിന്നില്‍ യെച്ചൂരിയാണ്. ബംഗാള്‍ നയം പാര്‍ട്ടി നയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ് എന്നാണ് വൃന്ദ പറയുന്നത്. അതായത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ട്ടി നയങ്ങളില്‍ നിന്നും വ്യതിചലിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസവും വൃന്ദ ഇതുതന്നെയാണ് പറഞ്ഞത്.

ഇതുകൊണ്ട് തന്നെ യെച്ചൂരി ലൈനില്‍ ഒരു സഖ്യം കോണ്‍ഗ്രസുമായി സിപിഎമ്മിന് അസാദ്ധ്യമാകുന്നു. ബംഗാള്‍ ലൈന്‍ സിപിഎം ഇപ്പോഴും തള്ളിക്കളയുകയാണ്. ബംഗാള്‍ ലൈന്‍ തള്ളുമ്പോള്‍ തള്ളുന്നത് ബംഗാള്‍ ലൈനിന്റെ സൂത്രധാരനായ യെച്ചൂരിയെക്കൂടിയാണ്.

കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും യോജിച്ച് പോകില്ല. ബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഎം കൂട്ടുകൂടുന്നത് മമതാ ബാനര്‍ജിയെ തോല്‍പ്പിക്കാനാണ്. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയ കാലാവസ്ഥയാണ്.  കോണ്‍ഗ്രസ്സി ബന്ധത്തിന്റെ കാര്യത്തില്‍ സിപിഎം എവിടെ എത്തി നില്‍ക്കുന്നു എന്ന് ബിജെപിയെയും കോണ്‍ഗ്രസിനേയും ബോധ്യപ്പെടുത്തുന്ന നിലപാട് കൂടിയാണിത്. കോണ്‍ഗ്രസുമായി ബംഗാള്‍ രീതിയില്‍ നേരിട്ടുള്ള രാഷ്ട്രീയ സഖ്യം ഇനി സാധ്യമല്ല. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസും ഇത് തന്നെയാണ് പറയുന്നത്.