സിനിമയില്‍ സ്ത്രീകള്‍ക്ക് വേണ്ടി പുരുഷന്‍മാര്‍ സംസാരിക്കുന്നത് അപൂര്‍വം: ക്വീനിന്റെ സംവിധായകന്‍ ഡിജോ

എൻജിനീയറിങ് കോളേജ് ജീവിതം പ്രമേയമാകുന്ന ചിത്രമാണ് ക്വീൻ. ആണ്‍കുട്ടികളുടെ മാത്രം കോട്ടയായ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് ഒരു പെണ്‍കുട്ടി പഠിക്കാനെത്തിയാല്‍ എന്തുണ്ടാകും? ആ കഥയാണ് ക്വീൻ പറയുന്നത്.

ചിത്രത്തില്‍ അണിനിരക്കുന്നത് പുതുമുഖങ്ങളാണ്‌ എന്നത് മറ്റൊരു പ്രത്യേകതയാണ്. ഒരു ക്യാമ്പസ് അന്തരീക്ഷത്തിലൂടെ സമകാലീന പ്രശനങ്ങളെ വളരെ തന്മയത്വത്തോടെയാണ്‌ സംവിധായകന്‍ ഡിജോ ജോസ് ആന്റണി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ചിത്രത്തെകുറിച്ച് ഡിജോ ജോസ് ആന്റണി 24കേരളയോട് സംസാരിക്കുന്നു.

ക്വീന്‍ സിനിമയില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് മുറിച്ച് മാറ്റിയ സീന്‍ പുറത്ത് വിട്ടിരിക്കുകയാണല്ലോ.  എന്തുകൊണ്ടാണ് സെന്‍സര്‍ ബോര്‍ഡ് ആ ഭാഗം മാറ്റാന്‍ പറഞ്ഞത് ?

എന്തിനാണ് കോടതികള്‍ എന്ന് ചിത്രത്തില്‍ പല തവണ ചോദിക്കുന്നുണ്ട്. കോടതിക്കെതിരെ പരാമര്‍ശിക്കുന്നത് കൊണ്ടാകാം സെന്‍സര്‍ ബോര്‍ഡ് ആ ഭാഗം മാറ്റാന്‍ പറഞ്ഞത്. എന്തും പരാമര്‍ശിക്കാന്‍ കഴിയുന്ന ഒന്നാണ് സിനിമ. പക്ഷേ ഇത് കണ്ടിട്ട് കട്ട് ചെയ്യണമെന്ന് പറഞ്ഞു അത്രേയുള്ളൂ. സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ആര്‍ട്ടിസ്റ്റ് വരെ ചോദിക്കുന്നുണ്ട് ഇങ്ങനെയൊക്കെ പറയാമോ. പറയാന്‍ പാടില്ലായിരിക്കും. പക്ഷേ നമുക്ക് സിനിമയിലൂടെ പറയാന്‍ പറ്റുമല്ലോ. ഇതൊക്കെ തരണം ചെയ്ത് മുന്നോട്ടുവന്നാല്‍ നല്ലത്. തോറ്റുകഴിഞ്ഞാല്‍ തോറ്റു.

സിനിമ കണ്ടവര്‍ക്ക് മനസിലാവില്ല ഇങ്ങനെയൊരു ഭാഗം ഉണ്ടായിരുന്നുവെന്ന്. ഈ ഒരു ഭാഗത്ത് മുഴുവനും ഒരു തര്‍ക്കം നടക്കുകയാണ്. അഡ്വക്കേറ്റ് മുകുന്ദനും അഡ്വക്കേറ്റ് ആളൂരും തമ്മില്‍. അതിനിടയില്‍ ആരും ഇത് ശ്രദ്ധിക്കണമെന്നില്ല. അയ്യോ ഇത് നമ്മുടെ സിനിമക്കുള്ളില്‍ ഉണ്ടായിരുന്നല്ലോ എന്നാണ് പലരും പറഞ്ഞത്. പലരുടെയും കമന്റ് തന്നെ ഇപ്പോള്‍ വരുന്നത് ഇങ്ങനെ ഒരു ഭാഗം കണ്ടല്ലോ എന്നാണ്. ശരിക്കും ആ ഭാഗം അവിടില്ല. പക്ഷേ പലര്‍ക്കും അത്‌ മനസിലാകില്ല. പഞ്ച് ഡയലോഗുകളാണ് കൂടുതലും. മുഴുവന്‍ സമയവും അതില്‍ ലയിച്ചിരിക്കുന്നതുകൊണ്ട് അറിയാന്‍ കഴിയില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടോ എന്ന് നമ്മള്‍ ചിന്തിച്ചുപോകുന്നത്. സെന്‍സറിനുവേണ്ടി മാറ്റിയ ഭാഗം ഇപ്പോള്‍ കണ്ടിട്ടും ആ ഭാഗം അതില്‍ ഉണ്ടായിരുന്നല്ലോ എന്ന് പലരും പറയുമ്പോള്‍ ശരിക്കും അത് സിനിമയുടെ വിജയമാണ് കാണിക്കുന്നത്.

ചിത്രത്തില്‍ സലീംകുമാര്‍ ഒരു പ്രധാന വേഷമാണല്ലോ കൈകാര്യം ചെയ്യുന്നത്. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നു?

സലീംകുമാര്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോഴെ ചെയ്യാന്‍ തയ്യാറായിരുന്നു. ഞാന്‍ ഇപ്പോ ചെയ്യാന്നാണ് അദ്ദേഹം പറഞ്ഞത്. പുള്ളിയുടെ പാര്‍ട്ട് എന്തായിരുന്നോ അതുമാത്രമേ അദ്ദേഹത്തോട് പറഞ്ഞിരുന്നുള്ളൂ.  സാധാരണക്കാര്‍ക്ക് പറയാവുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. അതെല്ലാം ചോദിക്കുന്ന ഒരാളായിട്ടാണ് സലീംകുമാര്‍ ഈ ചിത്രത്തില്‍ എത്തുന്നത്.

ചിത്രം തീയറ്ററുകളില്‍ എത്തിയതിനുശേഷം സംവിധായകന് എന്താണ് പറയാനുള്ളത്?

സിനിമയുടെ പേര് പോലെ തന്നെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ചെയ്ത സിനിമയാണിത്. സിനിമ കണ്ടിട്ട് അമ്മമാരടക്കം എന്നെ വിളിക്കുന്നുണ്ട്. സിനിമയെക്കുറിച്ച്‌ സംസാരിക്കും. സംസാരിച്ചതിന് ശേഷം പറയുന്നത് ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങനെ വിളിക്കുന്നത്, ഇങ്ങനെയൊക്കെ ഞാന്‍ പറയുന്നത് ശരിയാണോ എന്നൊന്നും അറിയില്ല എന്നെക്കെയാണ്. ഇത് ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം എനിക്ക് കിട്ടിയ വിജയമാണ്. അത്രമാത്രം ഈ സിനിമയില്‍ സ്ത്രീകള്‍ക്കുവേണ്ടി സംസാരിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കുവേണ്ടി സംസാരിച്ചത് വേറാരുമല്ല ഈ യൂത്തന്‍മാരാണ്. ഒരു പുരുഷനാണ് സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നത്. ഇത്തരത്തിലൊക്കെ നടക്കുന്നത് ചുരുക്കമാണ്. ഒന്നുകില്‍ സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍ സംസാരിക്കുന്നു. അല്ലെങ്കില്‍ സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് എതിരെ സംസാരിക്കുക. പക്ഷേ ഇതില്‍ നേരെ തിരിച്ചാണ്.

ഇത്തരത്തില്‍ സിനിമ ചെയ്യുക എന്നത് ഒരു സംവിധായകനെ സംബന്ധിച്ചടുത്തോളം വലിയ റിസ്‌ക്കാണ്. ഈ റിസ്‌ക്ക് ഏറ്റെടുത്ത് സിനിമ പൂര്‍ത്തീകരിച്ച് മുന്നിലെത്തിച്ചു. ഒരു പാട് പേര് ഇനിയും സിനിമ കണ്ടിട്ടില്ല. പലര്‍ക്കും ഈ സിനിമയെ അറിയില്ല. ഇങ്ങനെയുള്ള സിനിമകള്‍ എല്ലാവരും കണ്ടാല്‍ മാത്രമേ ഇതേപോലുള്ള സിനിമകള്‍ ഉണ്ടാവുകയുള്ളൂ. നമ്മളെ പോലുള്ളവര്‍ക്ക് പ്രചോദനമുണ്ടാവുകയുള്ളൂ.

സിനിമകളെക്കുറിച്ച് ഇപ്പോള്‍ അറിയുന്നത് എന്തെങ്കിലും സെന്‍സര്‍ വിഷയം വരുമ്പോഴല്ലേ. അല്ലാതെ ആരും അറിയുന്നില്ല, അതല്ലേ ഇപ്പോള്‍ നടക്കുന്നത്?

അതെ, പക്ഷേ ഞങ്ങള്‍ക്ക് അങ്ങനെയൊന്നും ഈ സിനിമയ്ക്ക് വാര്‍ത്തയുണ്ടാക്കേണ്ട ആവശ്യമില്ലിപ്പോള്‍. ആ വീഡിയോ നമ്മള്‍ ഇട്ടത് ഇങ്ങനെ ശ്രദ്ധ കിട്ടാന്‍ വേണ്ടിയല്ല. ഇട്ടെന്നുമാത്രം. ഇതിനെ വെച്ച് ഈ സിനിമ കാണണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലയിത്. ഇങ്ങനെ ഒരു കാര്യമുണ്ടായി എന്ന് സംവിധായകരും ഇനി വരാനിരിക്കുന്ന സംവിധായകരും മറ്റുളളവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.

കഥ കേട്ടപ്പോള്‍ നിര്‍മാതാക്കളുടെ പ്രതികരണം എങ്ങനെയായിരുന്നു?

നിര്‍മാതാക്കള്‍ പിന്തുണയാണ് നല്‍കിയത്. ഇതുപോലുള്ള നിര്‍മാതാക്കള്‍ ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ എനിക്ക് സിനിമ ചെയ്യാന്‍ പറ്റില്ലായിരുന്നു. എന്നെ വിശ്വസിച്ച് സിനിമ ചെയ്യാം എന്നു പറയുമ്പോള്‍ അത് എന്നെ സംമ്പന്ധിച്ചടുത്തോളം വലിയ റിസ്‌ക്കാണ്. അതിന് അവരോട് മാത്രം നന്ദി പറയണം. വേറെ ആരോടും നന്ദി പറഞ്ഞിട്ടും കാര്യമില്ല.

സ്വന്തം കോളേജ് ജീവിതത്തിലെ അനുഭവമായിരുന്നോ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചത്?

അല്ല

കഥ എവിടുന്നായിരുന്നു?

കഥ എന്റെ രണ്ടു സുഹൃത്തുക്കളുടേതാണ്.

ചിത്രത്തില്‍ പുതുമുഖങ്ങളെ കൊണ്ടുവരാന്‍ പ്രത്യേക കാരണം വല്ലതും ഉണ്ടായിരുന്നോ?

സാധാരണ എല്ലാവര്‍ക്കും ആഗ്രഹം ആദ്യ സിനിമയില്‍ അറിയപ്പെടുന്ന അഭിനേതാക്കള്‍ വരണം എന്നു തന്നെയാവും. ഞാനും അതു തന്നെയാണ് ആഗ്രഹിച്ചിരുന്നത്. മറ്റു പലവിഷയങ്ങളുമായി നേരത്തെ ഞാന്‍ പോയിരുന്നു. പക്ഷേ അതൊന്നും നടന്നില്ല. ഈ സിനിമ പുതിയ പിള്ളേരെ വെച്ച് ചെയ്യാമെന്ന് ഞാന്‍ ആലോചിച്ചപ്പോള്‍ തന്നെ നിര്‍മാതാവ് ഇങ്ങോട്ടു പറഞ്ഞു പുതിയ പിള്ളേരെ വെച്ച് ചെയ്താലോ എന്ന്. അറിഞ്ഞോ അറിയാതെയോ പറഞ്ഞതായിരിക്കാം. അപ്പോള്‍ തന്നെ ഞാന്‍ കൈ കൊടുത്തു ചെയ്യാമെന്നു പറഞ്ഞു. ഏറെ ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ അനുഭവിച്ചിരുന്നു. സാമ്പത്തികമായും ഞങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എല്ലാം തരണം ചെയ്ത് മുന്നോട്ട് വന്നതുകൊണ്ടാണ് സിനിമയ്ക്ക് വിജയം വന്നത്.

സലീം കുമാറിനോട് പറഞ്ഞിരുന്നോ ചിത്രത്തില്‍ മുഴുവനും പുതുമുഖങ്ങളാണെന്നുള്ള കാര്യം?

ഇല്ല. സലീം ചേട്ടന്  ഇതൊന്നും ഒരു പ്രശ്‌നമുള്ള കാര്യമല്ല.

സിനിമ ചെയ്യാന്‍ എത്ര ദിവസം എടുത്തു ? ഏത് കോളേജിലാണ് ചിത്രീകരിച്ചത്?

70 ദിവസമെടുത്തു. തൃശൂരിലെ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലാണ് ചിത്രീകരണം നടന്നത്.