സികെ ജാനു. ഒരു ഇതിഹാസം

അജയകുമാർ

നമുക്ക് സികെ ജാനു ആദിവാസി ഗോത്രമഹാസഭയുടെ പരമാധികാരി മാത്രമാണ്. എന്നാൽ നമ്മൾ വീണ്ടും പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ ജീവിതത്തിൻറെ തുടക്കംമുതൽ പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് ഇഞ്ചിഞ്ചായി പാകപ്പെട്ട ഒരു ഉരുക്കുവനിതയെ കാണാം.

1970 വെള്ളമുണ്ടയിൽ കാട്ടിലെ ഒരു ഊരിൽ ജനിച്ചു. മറ്റുള്ള ആദിവാസികുട്ടികളെ പോലെ സ്കൂളിലേക്ക് പോയില്ല. ഓർമ്മയുള്ള കാലംമുതൽ ജന്മിമാരുടെ വയലുകളിലും പണിയെടുത്തും പുനം വെട്ടിച്ചുട്ട് കൃഷിഭൂമി രൂപപ്പെടുത്തിയും, ഫോറസ്റ്റ് കാർക്കുവേണ്ടി അടിക്കാടുകൾ വെട്ടിയും കഠിനാധ്വാനം ചെയ്ത് കുട്ടിക്കാലം .പതിനൊന്നാം വയസ്സിൽ കൂലിപ്പണിക്ക് ഇറങ്ങിയപ്പോൾ രണ്ടുരൂപ ആയിരുന്നു കൂലി. കണ്ടത്തിൽ ചാണകം കൊണ്ടിടുക. നിലം കിളയ്ക്കുക, വിത്തിടുക, ഞാറു പറിക്കുക, നാട്ടി വെക്കുക, കള എടുക്കുക ,വെള്ളം തേവുക ,വിളവെടുപ്പ് , കറ്റ ചുമപ്പ് , കറ്റ മെതിക്കൽ, കറ്റ ഉണക്കൽ കാട് വിശൽ തുടങ്ങിയ എല്ലാ പണികളും അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. നേരം വെളുക്കുമ്പോൾ പാടത്തിറങ്ങി കൊള്ളണം ഇരുട്ടു വന്ന് പേക്കൻ കരയും വരെ പണിയെടുക്കണം.

കൊച്ചു കുട്ടിയായിരുന്നപ്പോൾ കണ്ടത്തിലെ വരമ്പിൽ ഞണ്ടുപിടിക്കാനും, ജന്മിമാരുടെ കാലിമേയ്ക്കാനും കാട്ടിൽ കായ് കനികൾ ശേഖരിക്കാനും ഒക്കെ പോകുമായിരുന്നു. പച്ച കിഴങ്ങുകളും ചുട്ട കിഴങ്ങുകളും, തോട്ടിലെ മീനും ഞണ്ടുകളും ,കൈതക്കാട്ടിലെ കുണ്ടക്കോഴികളും, ഒക്കെക്കൊണ്ട് ആ കാലം തള്ളിവിട്ടു.

അവരുടെ വീട്ടിലെ സൗകര്യങ്ങളെക്കുറിച്ച് അവർ തന്നെ പറയുന്നത് കേൾക്കുക

നമ്മളെ ചെറുപ്പത്തിലെ കുടീലൊന്നും വെളക്കൊന്നും കത്തിക്കൂല . ഇരുട്ടു തന്നെ ഇരുട്ട്. കത്തിക്കാൻ വെളക്കേ ഉണ്ടായിരുന്നില്ല. തീപ്പെട്ടി കണ്ടിട്ടേയില്ല. അടുപ്പു കത്തിക്കാൻ തീക്കനൽ കെടാതെ വെയ്ക്കും. ഇരുട്ടും വെളിച്ചവും കെട്ട നേരത്ത് എല്ലാവരുംകൂടി മിറ്റത്തിരിക്കും. പുകയില തിന്നുന്നവർ അത് തിന്നും. ചിലപ്പോൾ വിറക് കൂട്ടിയിട്ട് തീ ഇടും .അതിൽ ഇട്ട് കാട്ടുകിഴങ്ങ് ചുട്ടുതിന്നും.

എറു മാടങ്ങളിൽ ഇരുന്ന് കൃഷി നശിപ്പിക്കാൻ വരുന്ന ആന, മാൻ ,കാട്ടുപന്നി കുരങ്ങ് ,എന്നിവയെ ഓടിക്കാൻ പാട്ട കൊട്ടുമായിരുന്നു. ഒറ്റ ഉടുപ്പ് മാത്രമാണ് ചെറുപ്പത്തിൽ ഉണ്ടായിരുന്നത്. ഊരിലെ വലിയവരെക്കെ ഉടുത്ത തുണി രണ്ടു മൂന്നായി കീറി കുട്ടികൾ ഓരോന്ന് എടുക്കും അതെങ്ങനെയെങ്കിലും മേത്ത് കെട്ടും . അത്രതന്നെ.

 

ഒരിക്കൽ മാനന്തവാടി ഹോസ്റ്റലിലേക്ക് കുട്ടികളെ കൊണ്ടുപോകാൻ ആൾക്കാർ വന്നു കുറേയെണ്ണത്തിനെ കൊണ്ടുപോയി അക്കൂട്ടത്തിൽ അവരുടെ അനുജത്തിയേയും കൊണ്ടുപോയി. അവർ വീട്ടിൽ ഇല്ലാതിരുന്നത് കാരണം അവർക്ക് പഠിക്കാൻ പോകാൻ കഴിഞ്ഞില്ല . അച്ഛൻ മൂന്നു കെട്ടി മൊത്തം അഞ്ച് മക്കൾ മൂന്ന് പെണ്ണും രണ്ട് ആണും. അനിയത്തിയെ പ്രസവിക്കുന്നതിനു മുന്നേ തന്നെ അച്ഛൻ അവരുടെ കുടുംബത്തെ ഉപേക്ഷിച്ചുപോയി. വീട്ടിലെ അംഗങ്ങളെല്ലാം ജന്മിയുടെ ഭൂമിയിലെ പണിക്ക് പോവുമായിരുന്നു പണിയെടുത്താലും വയറുനിറച്ച് എന്തെങ്കിലും കഴിക്കണമെങ്കിൽ കാട്ടിൽ കയറണമായിരുന്നു. എട്ടുവയസ്സുള്ളപ്പോൾ വെള്ളമുണ്ടയിലെ മേരിക്കുട്ടി ടീച്ചറുടെ വീട്ടിൽ കുട്ടിയെ നോക്കാൻ നിന്നു. അവരെ വീട്ടിൽ നിന്നപ്പോഴാണ് നല്ലരീതിയിൽ വസ്ത്രധാരണം ചെയ്ത ആളുകളെ കാണുന്നത്. അവരുടെ വീട്ടിൽ വച്ചാണ് ആദ്യമായി ഒരു പുത്തനുടുപ്പു കിട്ടുന്നതും സിനിമ കാണുന്നതും പള്ളിയിൽ പോകുന്നതും. ടീച്ചറിനൊപ്പം മൂന്നുനാലു വർഷം കഴിച്ചുകൂട്ടി ടീച്ചർ സ്ഥലംമാറി പോയപ്പോൾ വീണ്ടും കുടിയിലേക്ക് പോയി ജന്മിമാരുടെ പുരയിടത്തിൽ പണിയെടുക്കാൻ പോയി. ഉച്ചയ്ക്ക് ജോലിസ്ഥലത്ത് നിന്ന് കഞ്ഞി കിട്ടും അതിൽ വെള്ളത്തിൽ അങ്ങുമിങ്ങും കുറച്ച് വറ്റ് കാണും. ജന്മിമാരെ പണിക്കാർക്ക് വളരെ പേടിയായിരുന്നു കണ്ടത്തിൽ പണിയെടുക്കുമ്പോൾ വരമ്പത്ത് ഒരാൾ പണിക്കാരെ നോക്കിനിൽക്കുമായിരുന്നു അയാളെ എല്ലാപേർക്കും പേടിയായിരുന്നു

അവർ പറയുന്നു.

ആവശ്യത്തിന് കന്നുകാലികൾ ഇല്ലെങ്കിൽ നൂകം വലിക്കുന്ന പണിയും ഉണ്ടായിരുന്നു. നുകം വലിച്ച് നടക്കുമ്പോൾ ചെളിവെള്ളത്തിൽ കാലുകൾ എടുത്തു മുന്നോട്ടുവയ്ക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. വലിയ മഴപെയ്യുമ്പോൾ കവുങ്ങ് പാളയുടെ തൊപ്പി തലയിൽ വയ്ക്കും അതിന്റെ നീണ്ട മുൻഭാഗത്ത് നിന്ന് വെള്ളം വീഴുന്നത് നോക്കി നോക്കി നുകം വലിച്ചാൽ വിശപ്പറിയില്ല.

അവർ വാര്യരുടെ പണിക്കാർ ആയിരുന്നു വർഷത്തിലൊരിക്കലേ അയാളെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിരുന്നുള്ളു.
പുനം ചുട്ട് കുന്നിടിച്ചു കൃഷിഭൂമിയാക്കി മാറ്റുമ്പോൾ ആ ഭൂമിയെ ആവർ കയ്യേറും വീണ്ടും അവരെ കാട്കയറ്റും.

കരിയന്റെയും വെള്ളച്ചിയുടെയും മകളായ ജാനുവിന് മൃഗങ്ങളെപ്പോലെ ഇനിഷ്യൽ ഇല്ലായിരുന്നു. 17-ാം വയസ്സിൽ കാൻ ഫെഡിന്റെ സാക്ഷരതാ ക്ലാസ് എടുക്കാൻ വന്നവരാണ് ചേക്കോട്ട് കരിയൻ ജാനു എന്ന സി കെ ജാനുവിനെ സൃഷ്ടിച്ചത്. എന്നാൽ അവർ പൂർണമായി അക്ഷരം പഠിപ്പിച്ചില്ല . എന്നാൽ അത് കഴിഞ്ഞു വന്ന സോളിഡാരിറ്റിയുടെ സിബി എന്ന് ഒരു സാക്ഷരതാ പ്രവർത്തകൻ വന്ന് ആത്മാർത്ഥമായി അവരെ പഠിപ്പിച്ചു. എഴുതാനും വായിക്കാനും നന്നായി പഠിച്ചു. ഇതിനിടയിൽ കുടി കളിലെല്ലാം എകെജിയും ഇഎംഎസു ഒക്കെ ചുവരുകളിൽ തൂങ്ങി ആടാൻ തുടങ്ങി. കൂലിപ്പണി കുറഞ്ഞപ്പോൾ തയ്യൽ പഠിക്കാൻ പോയി അതു പഠിച്ചു. അക്ഷരം പഠിച്ച അതോടുകൂടി സാക്ഷരതാ പ്രവർത്തകയായി. കർഷക സംഘത്തിന്റെ പ്രവർത്തകയായി പാർട്ടി ക്ലാസുകളിലും മീറ്റിങ്ങുകളിലും ജാതകളിലും സജീവമായി പങ്കെടുത്തു. എന്നാൽ അടിയാളൻ മാരു ടെ ജന്മിമാർക്കെതിരേയുള്ള സമരങ്ങളിൽ ഒത്തുതീർപ്പുകൾ പലപ്പോഴും ജന്മിമാർക്ക് അനുകൂലമായിരുന്നു. സാക്ഷരതാ പ്രവർത്തകരും സഖാക്കളും ജന്മിമാരും നൂറുകണക്കിന് കല്യാണം കഴിക്കാത്ത അമ്മമാരെയും അച്ഛനില്ലാത്ത കുട്ടികളെയും ഉണ്ടാക്കി കൊണ്ടേയിരുന്നു

18 വയസ്സുള്ളപ്പോൾ വിവാഹം ഇഷ്ടം ഇല്ലായിരുന്നെങ്കിലും ചെക്കോട്ട് കുളിയൻ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു. എന്നാൽ വളരെ പെട്ടന്ന് തന്നെ അയാളോടൊപ്പം ഉള്ള ജീവിതം ഉപേക്ഷിച്ച് പുരയിലേക്ക് തിരിച്ചുവന്നു . അവരുടെ ഇടയിലെ പുരുഷന്മാർക്ക് കള്ളും പുകയിലയും തുണിയും കൊടുത്ത് അവരുടെ വസ്തുക്കൾ മുഴുവൻ കുടിയേറ്റക്കാർ പിടിച്ചെടുത്തു. പുകയിലക്കും സാരിക്കും ഒക്കെ വേണ്ടി പലരും കല്യാണം കഴിക്കാത്ത അമ്മമാരായി. പാർട്ടിയോട് വളരെ കൂറ് ഉണ്ടായിരുന്നെങ്കിലും ഒത്തുതീർപ്പുകളിൽ എപ്പോഴും പരാജയം പാവങ്ങളുടെ തായി മാറിയപ്പോൾ അവർക്ക് സ്വന്തം വഴി തേടി വന്നു. അവർക്ക് സ്വന്തമായി ഉണ്ടായിരുന്ന സ്മശാനം പലരും കയ്യേറിയപ്പോൾ അതിനെതിരെ സമരം ചെയ്ത അറസ്റ്റ് വരിച്ചു. പാർട്ടി കയ്യേറ്റക്കാർക്കൊപ്പം നിന്നു. കയ്യേറ്റംകൂടുതൽ ആയപ്പോൾ ആദിവാസികൾ ഭൂരഹിതരായി. അങ്ങനെ സ്വന്തമായി കുടിലും ഭൂമിയും ഇല്ലാത്തവർ ഒരുമിച്ച് ചേർന്ന് 45 കുടുംബക്കാർ തിരുനെല്ലിയിലെ ഒരു കുന്നിൽ കുടിയേറിപ്പാർത്തു അതിന് ഏറ്റവും മുകളിൽ ജാനു കുടിൽകെട്ടി. ഭർത്താക്കന്മാർ ഉപേക്ഷിച്ച രണ്ടു സ്ത്രീകളും ഒരു അനാഥ കുട്ടിയും ഒരു പട്ടിയും കുറച്ച് ആടുകളുമായി. അവിടെ താമസിക്കുന്നു. ഇതിനിടയിൽ ആദിവാസികളുടെ ഭൂമിക്കും വിദ്യാഭ്യാസത്തിനും ഒക്കെ വേണ്ടി പോരാട്ടങ്ങൾ പലതും നടത്തി 2001 ഏ കെ ആൻറണിയുടെ വീടിനുമുന്നിൽ കുടിൽകെട്ടി സമരം ചെയ്തു. ഒത്തുതീർപ്പുകൾ ഉണ്ടായി. പക്ഷേ വ്യവസ്ഥകളൊന്നും പാലിക്കാത്തതിനാൽ വീണ്ടും സമരം ചെയ്തു. ഗീതാനന്ദന്റെയും അവരുടെ നേതൃത്വത്തിൽ 2003 മുത്തങ്ങ വനത്തിൽ ഭൂമി കയ്യേറ്റ സമരം നടന്നു. പോലീസും ഫോറസ്റ്റ് ‘കാരും ചേർന്ന് അവരെ വേട്ടയാടി ആ സമരത്തിൽ ഒരു പോലീസുകാരൻ മരണപ്പെട്ടു .കേസിലെ ഒന്നാം പ്രതിയായി അവർ . പൊലീസുകാർ 7 കേസും ഫോറസ്റ്റുകാർ 6 കേസും അവർക്കെതിരെ എടുത്തു .കയ്യേറ്റ കേസുകൾ ഇപ്പോഴും അവർക്കെതിരെ എടുത്തുകൊണ്ടിരിക്കുന്നു. ആദിവാസികളിലെ എല്ലാ വിഭാഗങ്ങളിലെയും ആൾക്കാരുടെ പ്രശ്നങ്ങൾ പഠിക്കുകയും അതിനു വേണ്ടി പോരാടുകയും ചെയ്യുന്നു ഒരു വ്യക്തിയായി കേരളസമൂഹത്തിൽ അവർ നിൽക്കുകയാണ്.