സിഐ നവാസിന്റെ തിരോധാനത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഭാര്യ

കൊച്ചി: എറണാകുളം സിഐ നവാസിന്റെ തിരോധാനത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി സിഐയുടെ ഭാര്യ. മേല്‍ ഉദ്യോഗസ്ഥന്റെ പീഡനമാണ് തിരോധാനത്തിന് കാരണമെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍. മാനസിക പീഡനം നേരിടേണ്ടിവന്നെന്നും കള്ളക്കേസില്‍ കുടുക്കാന്‍ മേലുദ്യോഗസ്ഥന്‍ ശ്രമിച്ചെന്നും സി ഐയുടെ ഭാര്യ ആരോപിച്ചു. വയര്‍ലെസിലൂടെ എസ്പിയുമായി വാഗ്വാദം നടന്നതായി തനിക്കറിയാമെന്നും സിഐയുടെ ഭാര്യ പറഞ്ഞു.

നവാസ് കേരളം വിട്ട് പോയിട്ടില്ലെന്നും നാല് ജില്ലകളിലായി അന്വേഷണസംഘം തെരച്ചില്‍ നടത്തുന്നുണ്ടെന്നും പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥനെ കണ്ടെത്താനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയതായി കൊച്ചി കമ്മിഷണറായി ഐജി വിജയ് സാക്കറെ അറിയിച്ചിരുന്നു. അതേസമയം, മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തണമെന്നും പോലീസില്‍ നിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ വ്യക്തമാക്കി.

കൊച്ചി ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് സിഐ നവാസിന്റെ തിരോധാനം അന്വേഷിക്കുന്നത്. നവാസിനെ കാണാനില്ലെന്ന് സിഐയുടെ ഭാര്യയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇന്നലെ പുലര്‍ച്ചെ മുതലാണ് സിഐയെ കാണാതായിരിക്കുന്നത്. മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചുമതലകള്‍ ഇന്നലെ ഔദ്യോഗികമായി ഒഴിഞ്ഞതായും വിവരമുണ്ടായിരുന്നു.