സിഐയെ കാണാതായ സംഭവം: അന്വേഷണം തുടരുന്നു,ദൃശ്യങ്ങള്‍ ലഭിച്ചു

കൊച്ചി:  കാണാതായ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ സിഐ വി.എസ് നവാസിനായി അന്വേഷണം തുടരുന്നു. അതിനിടെ നവാസ് കഴിഞ്ഞദിവസം രാവിലെ തേവര എടിഎമ്മിലെത്തി പണം പിന്‍വലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

പാലാരിവട്ടം എസ് ഐ യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിന് ആണ് നിലവിലെ അന്വേഷണ ചുമതല. ഇന്നലെ പുലർച്ചെയാണ് ദുരൂഹ സാഹചര്യത്തിൽ സിഐ നവാസിനെ കാണാതായത്. ഉന്നത ഉദ്യോഗസ്ഥനുമായുള്ള പ്രശ്നത്തെ തുടർന്ന് നവാസ് കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നു എന്നാണ് ഭാര്യ പോലീസിന് നൽകിയ പരാതിയിൽ ഉള്ളത്.

ഡിജിപിയുടെ ഉത്തരവനുസരിച്ച് കൊച്ചി ഡി സി പി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് സി ഐ നവാസിന്‍റെ തിരോധാനം അന്വേഷിക്കുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് പൃഥിരാജിന്‍റെ നേതൃത്വത്തിൽ ഡിജിപിക്ക് നിവേദനം നൽകിയിരുന്നു.

തുടര്‍ന്ന് ഇന്നലെ കൊച്ചി അസി.കമ്മിഷണറും സിഐമായുണ്ടായ തർക്കത്തെ കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കൊച്ചി കമ്മിഷണർക്ക് ഡിജിപി നിർദ്ദേശം നൽകിയിരുന്നു.