സിഐയുടെ തിരോധാനത്തിന് നാടകീയ അന്ത്യം

കൊച്ചി: നഗരത്തിലെ സെൻട്രൽ സ്റ്റേഷനിൽ നിന്ന് കാണാതായ സി.ഐ വി.എസ് നവാസിനെ കണ്ടെത്തി. 

തമിഴ് നാട്ടിലെ കരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർപിഎഫ് ഉദ്യോഗസ്ഥരാണ് സി.ഐയെ കണ്ടെത്തിയത്. ആർപിഎഫ് വിവരം അറിയിച്ചതിനെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. 

നടപടികൾ പൂർത്തിയാക്കി നവാസിനെ ഇന്ന് തന്നെ കേരളത്തിലെത്തിക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിൻെറ പ്രതീക്ഷ. കേസ് രജിസ്റ്റർ ചെയ്തതിനാൽ അദ്ദേഹത്തെ കോടതിയിലും ഹാജരാക്കേണ്ടതുണ്ട്.

വ്യാഴാഴ്ച പുലർച്ച നാലോടെ സൗത്തിലെ പൊലീസ് ക്വാർട്ടേഴ്സിലെത്തിയ നവാസിനെ അഞ്ചേമുക്കാലോടെ കാണാതായെന്നാണ് ഭാര്യ കമീഷണർക്ക് നൽകിയ പരാതിയിലുള്ളത്. 
ബുധനാഴ്ച രാത്രി അസി. കമീഷണറും നവാസും തമ്മിൽ വയർലെസ് വഴി വാക്കുതർക്കമുണ്ടായിരുന്നു. എ.സി.പിയുടെ ശകാരത്തിൽ നവാസിന് ഏറെ മനോവിഷമം ഉണ്ടായതായി ഭാര്യ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ഭാര്യ നൽകിയ പരാതിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് നവാസ് ഇപ്പോൾ പറയുന്നത്. താൻ രാമേശ്വരത്തേക്ക് പോയതാണെന്നും ഇന്ന് മടങ്ങുകയാണെന്നും നവാസ് ബന്ധിക്കളോട് ഫോണിൽ പറഞ്ഞു.

നവാസിന്റെ തിരോധാനം വിവാദമായതിനെ തുടർന്ന് സംസ്ഥാന പൊലീസ്ഒരു 20-അംഗ സംഘത്തിന് തന്നെ രൂപം നൽകിയിരുന്നു.  പൊലീസ് സംഘം നവാസിനെ ചോദ്യം ചെയ്യും.