സിംഹവും കടുവയും തമ്മിൽ യുദ്ധം ഉണ്ടായാൽ ആരു ജയിക്കും ?

നിധിൻ കുമാർ

കടുവക്കാണ് സാധ്യത കൂടുതൽ. കാരണം കടുവക്ക് സിംഹത്തെക്കാൾ വലിപ്പവും, ഭാരവും കൂടുതൽ ആണ്. അതിന്റെ ആനുകൂല്യം കിട്ടും. അതല്ലാതെ വേറെയും കാരണങ്ങൾ ഉണ്ട്. അതേക്കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം. അതിനു മുൻപേ ഇവരെ ഒന്ന് നന്നായി മനസിലാക്കുന്നത് നല്ലതാണ്.ഇതിൽ പ്രധാനമായും ആഫ്രിക്കയിലെ സിംഹങ്ങളെ വെച്ചു നടത്തിയ നിരീക്ഷണങ്ങൾ ആണ്. കാരണം ക്യാമറ കണ്ണുകൾക്ക് പെട്ടെന്ന് കിട്ടുന്നത് ഇവരെയാണ്. പഠിക്കാൻ കൂടുതൽ വീഡിയോകൾ കിട്ടുന്നതും അവരെ കുറിച്ചാണ്.  ഒറ്റക്ക് കാട്ടിലൂടെ ഒരു കള്ളനെ പോലെ നടക്കുന്ന കടുവകളുടെ വീഡിയോ കിട്ടാൻ കുറച്ച്‌ ബുദ്ധിമുട്ട് തന്നെയാണ്.

സിംഹം ഒരു സോഷ്യൽ ലൈഫ് നയിക്കുന്ന ജീവി ആണ്. അതായത് കുടുംബം , കുട്ടികൾ സെറ്റപ്പ് ആയിട്ട് ഉള്ള ഒരു ലൈഫ്. കടുവക്ക് അതല്ല. ഒറ്റയാൻ ആണ്. ഒറ്റയാൻ ആയത് കൊണ്ട് തന്നെ കടുവ വളരെ ജാഗരൂകനായിരിക്കും.

സിംഹങ്ങൾ പ്രൈഡ്(pride) അല്ലെങ്കിൽ കൊയാളിഷൻ (coalision) എന്നിങ്ങനെ ആയുള്ള കൂട്ടമായാണ് ജീവിക്കുക. ആണുങ്ങൾ മാത്രം ഉള്ള ടീം ആണ് coalision. പൊതുവെ ചേട്ടൻ അനിയന്മാരോ അല്ലെങ്കിൽ രക്തബന്ധത്തിൽ ഉള്ള മറ്റു സിംഹങ്ങളുടെയോ കൂട്ടമായിരിക്കും ഈ സംഘം. 2 മുതൽ 7 വരെ ആൺസിംഹങ്ങൾ ഉണ്ടാകും ഒരോ coalision ലും. അംഗങ്ങളുടെ എണ്ണം 5ന് മുകളിലേക്ക് വളരെ അപൂർവ്വമായേ എത്താറുള്ളു. Mapogo coalition(6 male lions ) , west street lions(6) പോലുള്ള ചില സംഘങ്ങൾ ഇതിനുദാഹരണങ്ങൾ ആണ്.

പ്രൈഡ് ആകുമ്പോൾ സ്ത്രീകളും കുട്ടികളും കാണും. പെണ്ണുങ്ങൾ കഷ്ടപ്പെട്ട് ഇര പിടിച്ചോളും. ഫുഡ് ആയാൽ ഓടി പോയി പെണ്ണുങ്ങളേം കുട്ടികളേം ഒന്നു ഗർജ്ജിച്ചു പേടിപ്പിച്ച ശേഷം കഴിച്ചു തുടങ്ങേണ്ട പണിയെ പ്രൈഡിൽ കഴിയുന്ന ആൺസിംഹത്തിനുള്ളു. അല്ലാത്തപ്പോൾ ഉറക്കം, territory സംരക്ഷണം പോലുള്ള പണികളിൽ ആയിരിക്കും കക്ഷി.

പക്ഷെ ഈ territory സംരക്ഷണം അത്ര എളുപ്പം പിടിച്ച പണി അല്ല. ഏതു നിമിഷവും ജീവൻ പോയേക്കാവുന്ന അപകടം പിടിച്ച ജോലിയാണത്. പ്രൈഡിൽ കുട്ടികൾ ഉണ്ടാകും എന്ന് പറഞ്ഞല്ലോ, 4 വയസ്സാകുമ്പോണ് ഒരു സിംഹം പ്രായപൂർത്തിയായി എന്ന് പറയുന്നത്. അത് കഴിഞ്ഞാൽ പിന്നെ ആൺസിംഹങ്ങൾക്ക് പ്രൈഡിൽ നിൽക്കാൻ പറ്റില്ല. കാരണം

1. പ്രൈഡ് വലുതാകുന്തോറും, ഒരു ഇരയെ കിട്ടിയാൽ എല്ലാവർക്കും മതിയായ ഭക്ഷണം ലഭിക്കാതെ വരും. 20-25 കിലോ മാംസം എങ്കിലും ഒരു ആൺ സിംഹത്തിനു വേണ്ടി വരും. പെൺസിംഹത്തിന് അതിലും കുറച്ചു മതി. 10 ൽ കൂടുതൽ അംഗങ്ങൾ ഉള്ള ഒരു പ്രൈഡിന്റെ ഒരു ദിവസത്തെ ആവശ്യങ്ങൾ ഒന്ന് ആലോചിച്ചു നോക്കിയേ. പിന്നെ ഇവർ വേട്ടയാടി പിടിക്കുന്നത് Wildebeest (150-250kg) നെ ആണെങ്കിൽ അതൊക്കെ ഒരു നേരം കൊണ്ട് കഴിയും. ആഫ്രിക്കൻ കാട്ടുപോത്ത്(avg 750kg) ആണെങ്കിൽ പിന്നേയും ഒന്നു രണ്ടു ദിവസത്തേക്ക് ഉണ്ടാകും. പക്ഷെ കൂട്ടമായി നടക്കുന്ന ആഫ്രിക്കൻ കാട്ടുപോത്തിൽ നിന്നും ഒരെണ്ണത്തിനെ പൊക്കുക എന്നത് നിസ്സാരമല്ല. ഇവറ്റകൾക്ക് 2 ആഴ്ച വരെ ഭക്ഷണം ഇല്ലാതെ ജീവിക്കാൻ പറ്റും. എന്നാലും അത് ആരോഗ്യത്തിനെ ബാധിക്കും. ദിവസം 20 മണിക്കൂർ വരെ ഉറങ്ങാൻ ഉള്ള കഴിവൊക്കെ വിശപ്പിനെ മറക്കാൻ സഹായിക്കും.

2. സിംഹങ്ങൾ എന്നും dominance ആഗ്രഹിക്കുന്ന ജീവിവർഗ്ഗമാണ്. ആൺ സിംഹങ്ങൾ പ്രത്യേകിച്ച്. മറ്റൊരു സിംഹത്തിന്റെ അധീശത്വം അംഗീകരിച്ചു കൊണ്ടുള്ള ജീവിതം സിംഹങ്ങൾക്ക് മരണത്തിന് തുല്യമാണ്. അത് കൊണ്ട് പിള്ളേർ വലുതാകുന്തോറും മുതിർന്നവരുടെ ഭാവി തുലാസിലാകും. ഇരയെ കിട്ടിയാൽ ആദ്യം കഴിച്ചു തുടങ്ങുന്നത് പോലെ തന്നെ, പുതിയൊരു പ്രൈഡിനെ കീഴ്പ്പെടുത്തിയാൽ അതിൽ പെൺസിംഹങ്ങളെ mate ചെയ്യാൻ ഉള്ള അവകാശവും ഏറ്റവും ശക്തനായ സിംഹത്തിനാണ്. ഇത്തരം അവസ്ഥ നില നിൽക്കുന്നതിനാൽ വളർന്ന് വരുന്ന ആൺ സിംഹങ്ങളെ ഗ്രൂപ്പിൽ നിൽക്കാതെ ഓടിച്ചു വിടും. പെൺസിംഹങ്ങൾക്ക് എത്ര കാലം വേണമെങ്കിലും പ്രൈഡിൽ നിൽക്കാം.

ചിലപ്പോൾ ഒറ്റക്കോ അല്ലെങ്കിൽ കൂട്ടമായോ ആയിട്ടായിരിക്കും കുട്ടികൾ സംഘത്തിൽ നിന്ന് പുറത്ത് പോകുന്നത്. ആദ്യമൊക്കെ ലോ പ്രൊഫൈൽ ജീവിതം ആയിരിക്കും ഇവർ നയിക്കുക. മാൻ വർഗ്ഗത്തിൽ പെട്ട gazelle, impala പോലുള്ള മൃഗങ്ങളെ പിടിച്ച്‌ ഇവർ ജീവിക്കും. വലിയ അലർച്ച ഒന്നും ഉണ്ടാക്കില്ല. എന്തിനാ വെറുതെ ശത്രുക്കളുടെ ശ്രദ്ധ പിടിച്ചു വരുത്തുന്നത്.

ഒരു മുതിർന്ന സിംഹത്തിന്റെ ശത്രു എന്ന് പറയുന്നത് മറ്റു സിംഹങ്ങൾ തന്നെയാണ്. കാരണം ഇവർക്ക് potential threat ആയി അധികം ജീവികളില്ല. കൂട്ടമായി നടക്കുന്ന hyna(കഴുത പുലികൾ) ചെറിയ ശല്യം ചെയ്യുമെങ്കിലും, ആൺ സിംഹങ്ങളോട് ഒരു പരിധി വിട്ട് കളിക്കാൻ നിൽക്കില്ല.

2 വർഷത്തിൽ ഒരിക്കൽ ആണ് പെൺസിംഹങ്ങൾ പ്രസവിക്കുക.
ഈ 2 വർഷത്തെ കണക്ക് എന്താണെന്നു വെച്ചാൽ അത് കുട്ടികൾ വളർന്ന് വലുതാകാൻ എടുക്കുന്ന സമയമാണ്. കുട്ടികൾക്ക് 2 വയസ്സ് എത്തും വരെ പെൺസിംഹങ്ങൾ ആണുങ്ങളുമായി ഇണ ചേരില്ല. ഈ ഒരു കാരണം കൊണ്ടാണ് ജനിച്ചു വീഴുന്ന പല സിംഹങ്ങളും ചെറുപ്പത്തിലെ കൊല്ലപ്പെടുന്നത്.

പുതിയ സിംഹങ്ങൾ വന്ന് ഒരു പ്രൈഡിനെ കീഴടക്കിയാൽ ആദ്യം ചെയ്യുന്നത് കുഞ്ഞുങ്ങളെ കൊല്ലുക എന്നതാണ്. വേറൊരു സിംഹത്തിന്റെ കുഞ്ഞുങ്ങൾക്ക് രണ്ടാനച്ഛൻ ആകുന്ന കാര്യം സിംഹങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. കുഞ്ഞുങ്ങളുടെ സാമീപ്യം ഇണ ചേരുന്നതിൽ നിന്നും പെൺസിംഹങ്ങളെ പിന്തിരിപ്പിക്കും. കുട്ടികളെ കൊല്ലാതെ വഴിയില്ല . പറ്റുന്ന പോലെ പെൺസിംഹങ്ങൾ എതിർക്കും. പക്ഷെ ഒരു ആണിന് മുന്നിൽ ഒന്നും വിലപ്പോവില്ല.. ചിലപ്പോൾ മാരകമായി മുറിവേൽക്കാനും സാധ്യത ഉണ്ട്. കുട്ടികളെ ഒക്കെ നഷ്ടമായി വീണ്ടും ഒറ്റയ്ക്കു ആകുമ്പോളാണ് പെൺസിംഹത്തിന് ഇണ ചേരണം എന്ന് തോന്നുന്നത്. അപ്പോൾ ശരീരം ചൂട് പ്രകടിപ്പിച്ചു തുടങ്ങും. ആ ചൂട് കിട്ടി കഴിഞ്ഞാൽ പിന്നെ ആൺസിംഹം പുറകിൽ നിന്ന് മാറില്ല. 15മിനുട്ടിൽ 1 എന്ന കണക്കിൽ മേറ്റിങ് നടക്കും. ഒരു ദിവസം 40 തവണ വരെ നടക്കും എന്ന് പറയപ്പെടുന്നു. പെൺസിംഹങ്ങൾക്ക് പെട്ടെന്ന് കൺസീവിങ് നടക്കില്ല. ഒരാഴ്ചയോ രണ്ടാഴ്ചയോ ഈ പ്രക്രിയ തുടർന്നാൽ മാത്രമേ കാര്യങ്ങൾക്ക് ഒരു തീരുമാനമാകു.
എല്ലാം ശരിയായി നടന്നാൽ പിന്നെ ഒരു മൂന്നര മാസം കാത്തിരിപ്പ് ആണ്.

പ്രസവം എത്തുമ്പോഴേക്കും പെൺസിംഹം പ്രൈഡിൽ നിന്നും മാറി ഒറ്റക്ക് ആകും. പ്രസവം കഴിഞ്ഞു കുഞ്ഞുങ്ങൾക്ക് 6-8 ആഴ്ച്ച പ്രായം എത്തും വരെ ഇവർ പ്രൈഡിൽ ചേരില്ല. കാരണമുണ്ട്. ഒരു പ്രസവത്തിൽ 2-6 കുട്ടികൾ വരെ ഉണ്ടാകാം. എന്നാൽ 4 നിപ്പിൾസ് ആണ് സിംഹങ്ങൾക്ക് ഉള്ളത്. അപ്പോൾ ഉറപ്പായും എല്ലാ കുട്ടികൾക്കും മതിയാവോളം പാല് കിട്ടണം എന്നില്ല. ഇനിയാണ് കോമഡി. പ്രൈഡിൽ വേറെയും പെൺസിംഹങ്ങൾ കാണും. ഇവർക്കും പിള്ളേർ കാണും. ഈ പിള്ളേരെ എല്ലാവരെയും ഒരു ഗ്രൂപ്പ് ആയി ആണ് അമ്മമാർ നോക്കുന്നത്. അപ്പോൾ 6 മാസം പ്രായമുള്ള, വേറെ സിംഹത്തിന്റെ കുട്ടികൾ പോലും കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കുന്നത് കാണുമ്പോൾ കൂടെ വന്നു കുടിക്കാൻ ഉള്ള സാധ്യത ഉണ്ട്. അങ്ങനെ വന്നാൽ സ്വന്തം കുഞ്ഞുങ്ങൾ പട്ടിണി കിടന്ന് ചാകും.

ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ കണ്ണു തുറക്കാൻ 4 ആഴ്ച്ച എങ്കിലും സമയം എടുക്കും.പിന്നെ മര്യാദക്ക് പിച്ച വെക്കാൻ രണ്ടാഴ്ച്ച കൂടി സമയം വേണം.
എല്ലാം കഴിഞ്ഞാൽ പ്രൈഡിൽ കൊണ്ടു പരിചയപ്പെടുത്തണം. അതൊക്കെ പെൺസിംഹങ്ങളെ സംബന്ധിച്ചിടത്തോളം പിടിപ്പത് പണിയാണ്. അച്ഛൻ സിംഹം കുഞ്ഞിനെ കണ്ടു മണത്തും തട്ടിയും നോക്കി സ്വന്തം ചോര തന്നെയാണെന്ന് ഉറപ്പിക്കുന്നതൊക്കെ കാണേണ്ട കാഴ്ചയാണ്.

ഇനി ഇവർ പ്രായപൂർത്തിയായി പുറത്തേക്ക് പോകുന്ന കാര്യം നോക്കാം.
4 വയസ്സാകുമ്പോഴേക്കും ആൺസിംഹങ്ങൾക്ക് തലയിൽ സട(mane) വന്ന് തുടങ്ങും. പ്രായപൂർത്തിയായതിന്റെ ലക്ഷണമാണ് സട. പ്രായം കൂടും തോറും സടയിലെ രോമങ്ങൾ കറുക്കാൻ തുടങ്ങും. സിംഹങ്ങളുടെ പ്രായം തിരിച്ചറിയാൻ സട എത്രത്തോളം കറുത്തിട്ടാണെന്ന് നോക്കിയാൽ മതി.

പ്രത്യക്ഷത്തിൽ ഇത് തല എടുപ്പിന് വേണ്ടിയാണ് എന്ന് തോന്നുമെങ്കിലും, യഥാർത്ഥത്തിൽ ഇത് സിംഹങ്ങൾ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ ജീവൻ സംരക്ഷിക്കാൻ വേണ്ടി പരിണമിച്ച് ഉണ്ടായതാണ്. സിംഹങ്ങൾ എപ്പോഴും കഴുത്തിനാണ് കടിക്കാൻ നോക്കുന്നത്. സടയിലെ രോമങ്ങൾ ഈ കടിയിൽ നിന്നും രക്ഷിച്ചോളും. പരിണാമത്തിന്റെ ഭാഗമായി ആഫ്രിക്കൻ സിംഹങ്ങൾക്ക് ബാക്കിയുള്ള സിംഹങ്ങളേക്കാൾ ഒന്നു രണ്ടു പ്രത്യേകതകൾ ഉണ്ട്.

ഇരയെ കഴുത്തിൽ കടിച്ച ശേഷം വലിച്ചു കുടഞ്ഞു മരണം വേഗത്തിൽ ആക്കുന്ന പരിപാടി നായ്ക്കളുടേതാണ്. പൂച്ച വർഗ്ഗത്തിന് ഈ രീതി ഇല്ല. കഴുത്തിൽ കടിച്ച ശേഷം പല്ലു ആഴത്തിൽ ഇറക്കി ഇരയെ അനങ്ങാതെ നിർത്തുകയാണ് പൂച്ച വർഗ്ഗം ചെയ്യുക. എന്നാൽ ആഫ്രിക്കയിലെ ആൺ സിംഹങ്ങൾക്ക് കടിച്ചു കുടയുന്ന രീതി ഉണ്ട്. ഇതിന് കാരണമായി പറയെപ്പടുന്നത്, പലപ്പോഴും 15ഉം 20ഉം പേരുള്ള സംഘം ചേർന്ന് ആക്രമിക്കുന്ന ഹൈനകളെയും ആഫ്രിക്കൻ വൈൽഡ് ഡോഗ്‌സിനെയും പ്രതിരോധിക്കണം എങ്കിൽ പാരമ്പര്യ രീതികൾ പോര, മറിച്ചു പെട്ടെന്നുള്ള നീക്കങ്ങളിൽ കൂടി മാത്രമേ അതിജീവനം നടക്കു. പിന്നീട് അതും ജനിതകമായി കൈമാറി വന്നു.

ഇനി നമുക്ക് ലോ പ്രൊഫൈൽ ജീവിതം നയിക്കുന്ന , പ്രൈഡിൽ നിന്നും പുറത്തായ സിംഹങ്ങളുടെ അടുത്ത സ്റ്റേജ് നോക്കാം. എന്നും എങ്ങനാ മാനിനെയും കഴിച്ചു ജീവിക്കുക. കാട്ടിൽ ആണേൽ ജിറാഫ് ഉണ്ട്, ഹിപ്പോ പൊട്ടാമസ് ഉണ്ട്, കാട്ടു പോത്തുണ്ട്… പക്ഷെ വേറെ സിംഹങ്ങളുടെ ടെറിട്ടറിയിൽ പോയി ഇര പിടിക്കുന്നത് റിസ്ക് ആണ്. സാധാരണ 100 ചതുരശ്ര മൈൽ ആണ് ഒരു സിംഹത്തിന്റെ ടെറിട്ടറി ആയി കണക്കാക്കുന്നത്. ബൗണ്ടറികളിൽ എല്ലാം മൂത്രം ഒഴിച്ചു ഇട്ടിട്ടുണ്ടാകും.
അതിക്രമിച്ചു കടക്കുന്നവർക്ക് ഉള്ള മുന്നറിയിപ്പ് ആണത്.

അറിയാതെ എങ്ങാനും ബൗണ്ടറി കടന്നാൽ 2 ചോയ്സ് ഉണ്ട്.
1. ഒച്ച ഉണ്ടാക്കാതെ തിരിഞ്ഞു നടക്കുക.

2. ആണുങ്ങളെ പോലെ നിന്നു വെല്ലു വിളിക്കുക. നീട്ടി ഒന്ന് ഗർജ്ജനം കൊടുത്താൽ മതി. 8 km വരെ എത്തി കൊള്ളും. ഇത് കേട്ടാൽ സ്ഥലമുടമ തിരിച്ചു ഗർജ്ജിച്ചോളും. പിന്നെ ഗർജ്ജനം കേട്ട ദിശയിൽ 2 കൂട്ടരും വരുന്നു.
ചിലപ്പോൾ ഏതേങ്കിലും ഒരു സൈഡിൽ എണ്ണം കുറവാകും. എന്നാലും പ്രശ്നമില്ല..യുദ്ധം നടന്നോളും. ജയിക്കുന്നവർ പുതിയ അവകാശികൾ.
പുറത്ത് നിന്ന് വന്നവർ ആണ് ജയിക്കുന്നതെങ്കിൽ പെൺസിംഹങ്ങളും പ്രൈഡും അവർക്ക് സ്വന്തം. കുട്ടികളുടെ കാര്യം അധോഗതി.

സിംഹം കാട്ടിലെ രാജാവ് എന്നൊക്കെ പറയുമ്പോൾ, കാട് എന്താണെന്ന് വിശദീകരിക്കുന്നത് നന്നായിരിക്കും. കാരണം നല്ല വിശാലമായ ഓപ്പൺ സ്പേസ് , ഗ്രാസ് ലാൻഡ് ആണ് ഇവർക്കിഷ്ടം. അതാകുമ്പോൾ വിഷൻ നല്ല ലോങ്ങിൽ കിട്ടും. ഇര ഇവിടെ എങ്കിലും ഉണ്ടെങ്കിൽ കാണാൻ എളുപ്പം അതാണ്. തീരെ ഇര കിട്ടാത്ത സീസണിൽ മാത്രമാണ് ഇവർ ജലാശയങ്ങളുടെ അടുത്ത് പോയി കിടന്ന് വെള്ളം കുടിക്കാൻ വരുന്ന മൃഗങ്ങളെ പിടിക്കുന്നത്.

10 മുതൽ 14 വയസ്സു വരെ ഇവർ ജീവിക്കും. അവസാനം ചെയ്ത് കൂട്ടിയ യുദ്ധങ്ങളുടെ മുറിപ്പാടും മുഖത്തു അവശേഷിപ്പിച്ചു കൊണ്ട് ഇവർ ലോകത്തോട് വിട പറയും.

ഏകദേശം ഇങ്ങനെ ഒക്കെയാണ് ഇവരുടെ കാര്യങ്ങൾ.

സിംഹങ്ങളെ പറ്റി കൂടുതൽ അറിയേണ്ടവർക്ക് കെവിൻ റിച്ചാർഡ്സണിന്റെ വീഡിയോകൾ കാണാവുന്നതാണ്. അത് പോലെ സാബി സാൻഡ്, മസായി മാരാ, ക്രുഗർ നാഷണൽ പാർക്കിലെ വീഡിയോകൾ ഒക്കെ കണ്ടു നോക്കാവുന്നതാണ്.

റെഡ് ഡാറ്റ ബുക്കിലേക്ക് ( വംശ നാശം നേരിടുന്ന ജീവികളുടെ ലിസ്റ്റ്) സിംഹങ്ങൾ പ്രവേശിക്കുന്ന കാലം വിദൂരമല്ല. ഇന്ന് ആഫ്രിക്കയിൽ 25000 സിംഹങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. വേട്ടയാടലിൽ നിന്നും അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.

കടുവകളെ പറ്റി പറയുവാണേൽ സിംപിൾ ആണ്.

എണ്ണത്തിൽ സിംഹത്തെക്കാൾ കുറവാണ് ഇവർ. അത് കൊണ്ട് ടെറിട്ടറി നോക്കിയാൽ കുറച്ചു കൂടി വലുതാണ്. ഒറ്റക്ക് നടക്കുന്നത് കൊണ്ടു തമ്മിൽ കണ്ടാൽ മാറി പോകാറാണ് പതിവ്. സിംഹത്തിന്റെ തലച്ചോറിനെക്കാൾ 25 ശതമാനം വലുതാണ് ഇവരുടെ തലച്ചോറ് . അത് കൊണ്ടു പക്വത കൂടും.
ഒറ്റക്ക് ആയത് കൊണ്ട് പരമാവധി യുദ്ധം ഒഴിവാക്കും. കാരണം മുറിവുണ്ടായാൽ അത് ഇര പിടിക്കുന്നതിനെ ബാധിക്കും. ബുദ്ധി നല്ല കൂടുതൽ ആയിരിക്കും . ഇര പിടിക്കുന്നതിൽ ഒക്കെ സാമർഥ്യം കൂടുതൽ പ്രകടിപ്പിക്കും. ഇന്നത്തേക്ക് ഉള്ള ഇര കിട്ടി കഴിച്ചു കൊണ്ടിരിക്കുമ്പോൾ , നാളത്തേക്ക് ഉള്ള ഇര അടുത്ത് കൂടി എങ്ങാനും പോകുന്നത് കണ്ടാൽ ഉടനെ ഓടി പോയി അതിനെ കൊല്ലുന്ന ടീം ആണ് കടുവ.
സിംഹം ഒരിക്കലും ആ ചെറ്റത്തരം കാണിക്കില്ല.

ഇനി ഇവർ യുദ്ധം ചെയ്യുന്ന അവസ്‌ഥ ആലോചിക്കാം.

സിംഹവും കടുവയും ഒരുമിച്ച് exist ചെയ്യുന്ന ഒരു സ്ഥലവും ഭൂമിയിൽ ഇല്ല. ഇത്തിരി അടുത്ത് എങ്കിലും 2 സ്പീഷ്യസും ഉള്ളത് ഇന്ത്യയിൽ ആണ്. എന്നാലും 2 പേരും ഒരുമിച്ചു കാണാൻ ഉള്ള സാധ്യത വട്ട പൂജ്യം ആണ് താനും.

കൊറിയയിൽ ഒക്കെ മൃഗശാലയിൽ ഒരുമിച്ചു കൊണ്ടിടും രണ്ടു പേരെയും. എന്നിട്ട് യുദ്ധം ചെയ്യിച്ചു നോക്കും. അങ്ങനെയാണ് ശക്തി പരീക്ഷിച്ചു നോക്കിയിരുന്നത്. അതൊന്നും ശരിയായ രീതിയല്ല. എന്നാലും വിദഗ്ധർ പറയുന്നത് ഒരു ഓപ്പൺ സ്പേസിൽ ആണ് യുദ്ധം എങ്കിൽ കടുവ യുദ്ധം ചെയ്യാതെ ഒഴിഞ്ഞു പോകാനാണ് സാധ്യത.

ഇനി closed സ്പേസിൽ ആണെങ്കിൽ കടുവ ആദ്യം ഒഴിഞ്ഞു മാറും. സിംഹം ശക്തി കാണിക്കാൻ ആക്രമിച്ചു കൊണ്ടിരിക്കും. എന്നാൽ കുറച്ചു കഴിയുമ്പോൾ കടുവ സിംഹത്തിനെ ശത്രു എന്നതിൽ ഉപരി ഒരു ഇരയായി കാണാൻ തുടങ്ങും. അതോടെ കടുവയുടെ ശക്തി സിംഹത്തിനു മനസിലാകും. സിംഹത്തിനെ കടുവ വലിച്ചു കീറി കൊല്ലും.

ശത്രുവിനെ ഗ്രൗണ്ടിൽ കിടത്തിയാൽ മാത്രമേ, സിംഹത്തിന് അപ്പർ ഹാൻഡ് കിട്ടുള്ളൂ. കടുവക്ക് ആണേൽ രണ്ടു കാലിൽ നിന്നും യുദ്ധം ചെയ്യാം. ബാലൻസ്ഡ് ആണ്. സിംഹം നിന്ന് യുദ്ധം ചെയ്യാൻ ബാലൻസ്ഡ് അല്ല. 80% ആളുകളും കടുവ ജയിക്കും എന്ന് ഉറപ്പിച്ചു പറയുന്നു. ബാക്കി 20ശതമാനം ആക്രമണത്തിന് പേരു കേട്ട mr. T(saTan) യെയോ kinki tail നെയോ ഉദ്ദേശിച്ചാകും അങ്ങനെ പറഞ്ഞതെന്ന് കരുതാം.