സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിനായുളള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സന്നദ്ധസംഘടനയായ യൂത്ത് ഫോര്‍ ഇക്വാലിറ്റി നല്‍കിയ പൊതുതാല്‍പര്യഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കും ഇന്ദിരാ സാഹ്നി േകസിലെ വിധിക്കുമെതിരാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്ന ഭരണഘടനയുടെ 15,16 അനുച്ഛേദങ്ങളുടെ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി ചേര്‍ന്നു പോകുന്നതല്ലെന്നാണ് ഹര്‍ജി ചൂണ്ടിക്കാട്ടുന്നത്.. 1973ലെ കേശവാനന്ദ ഭാരതി കേസിലും 1993ലെ ഇന്ദിര സാവ്നേ കേസിലും സാമ്പത്തിക സംവരണത്തിനെതിയരായ സുപ്രീം കോടതി പരാമര്‍ശങ്ങള്‍ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

എട്ട് ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് സാമ്പത്തിക സംവരണ ബില്‍. ഏറെ കാലമായി ആര്‍ എസ് എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തിക സംവരണം. അമ്പത് ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പത്ത് ശതമാനം കൂടി ഉയര്‍ത്തി അറുപത് ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.