സാമ്പത്തിക നഷ്ടത്തിന്റെ കണക്കില്‍ ആഗോളദുരന്തങ്ങളില്‍ നാലാമത്‌; കേരളം എന്ത് പാഠം പഠിച്ചു ?

ലക്ഷ്മി മോഹന്‍

1924 നു ശേഷം കേരളം വലിയൊരു പ്രളയത്തെ അഭിമുഖീകരിക്കേണ്ടിവന്നു. 2018 ലോകം കണ്ട മഹാദുരന്തമാണ് കേരളത്തിലെ പ്രളയമെന്ന് ലോക കാലാവസ്ഥാ സംഘടന റിപ്പോർട്ടും വന്നു. സാമ്പത്തിക നഷ്ടത്തിന്റെ കണക്കിൽ ആഗോള ദുരന്തങ്ങളിൽ നാലാമതാണ് ഓഗസ്റ്റിൽ കേരളത്തെ ബാധിച്ച മഹാപ്രളയമെന്നും റിപ്പോര്‍ട്ട്‌
ചൂണ്ടിക്കാട്ടുന്നു. പ്രളയം 54 ലക്ഷംപേരെയാണ് നേരിട്ട്  ബാധിച്ചത്. 223 പേർമരിച്ചു. 14 ലക്ഷം പേർക്ക് വീട് നഷ്ടമായി.

സംസ്ഥാനത്തിന്30,000 കോടിരൂപ സാമ്പത്തിക നഷ്ടമുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.പ്രളയാനന്തര കേരളം 100 ദിവസം പിന്നിടുമ്പോഴും പ്രളയത്തില്‍ നിന്നുംനാം പാഠം പഠിച്ചിട്ടില്ല എന്നു തെളിയിക്കുന്നതാണ് സമീപകാലത്തെ സംഭവങ്ങള്‍. കേരളം എങ്ങനെ പുനര്‍നിര്‍മ്മിക്കുമെന്നല്ല നമ്മുടെ ഏറ്റവും വലിയ പ്രശ്നം. പുനര്‍ നിര്‍മ്മാണം അടക്കമുള്ള കാര്യങ്ങള്‍പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ ആത്മപരിശോധനനടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പക്ഷേ എന്തുകൊണ്ട് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ ആ വഴിക്ക്‌
ചിന്തിക്കുന്നില്ല.ഇത് അപകടമാണ്. മാറുന്ന കാലാവസ്ഥാവ്യത്യയാനത്തില്‍ ഇനി ഒരു പ്രളയം കൂടി താങ്ങാന്‍ ശേഷിയില്ലാത്തകേരളത്തോട് കാണിക്കുന്ന ക്രൂരത.

2021 ഓടെ കേരളം വലിയ സാമ്പത്തികപ്രതിസന്ധി നേരിടുമെന്നാണു വിദഗ്ധാഭിപ്രായം. പരിസ്ഥിതിയുടെ കോട്ടം അതിലുംവലുത്‌. ഒരിഞ്ച് മേല്‍മണ്ണ് രൂപപ്പെടാന്‍ ഒരു വ്യാഴവട്ടക്കാലമെടുക്കും.ലവണാംശങ്ങളുള്ള മണ്ണ് പ്രളയം കുത്തിയൊലിച്ചു കൊണ്ടുപോയി. രണ്ടടി മേല്‍മണ്ണുരൂപപ്പെടാന്‍ ഇനി എത്ര വര്‍ഷങ്ങള്‍ കാക്കണം. ആരോഗ്യമില്ലാത്ത മണ്ണില്‍ എന്തുകൃഷിയാണ് ഇറക്കാനാവുക. ഇന്ത്യയില്‍ പ്രളയസാധ്യതയുള്ള ആറുസംസ്ഥാനങ്ങളിലൊന്നാണു കേരളം. കാലവര്‍ഷം നന്നായി അനുഭവപ്പെടുന്നപ്രദേശവുമാണ്. ജലനയം, ഡാം നയം, ഭവന നയം ഇതൊക്കെ ഇനി എന്നാണുണ്ടാവുക. പഠനങ്ങള്‍ നടത്താതെ നടപ്പിലാക്കിയ പദ്ധതികള്‍ മാറണം. കേരളം ആകെ മാറി മറിഞ്ഞ സാഹചര്യത്തില്‍ വിവാദങ്ങളും വിയോജിപ്പും മാറ്റിവച്ച് എല്ലാവരും ഒരേ മനസോടെ ഇറങ്ങണം.