സാധാരണ എയർ കണ്ടീഷണർ വാങ്ങണോ അതോ ഇൻവെർട്ടർ എയർ കണ്ടീഷണർ വാങ്ങണോ…?

എയർ കണ്ടീഷനറുകൾ വാങ്ങുന്നവർക്ക് ഏറ്റവും കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്നായിരിക്കും സാധാരണ എയർ കണ്ടീഷണർ വാങ്ങണോ അതോ ഇൻവെർട്ടർ എയർ കണ്ടീഷണർ വാങ്ങണോ എന്നത്. താരതമ്യേന കുറഞ്ഞ ഊർജ്ജ ഉപഭോഗവും നല്ല രീതിയിൽ മുറിക്കകത്തെ താപനില ക്രമീകരിക്കാൻ കഴിയുന്നതുമൊക്കെ എടുത്ത് പറയത്തക്ക ഗുണങ്ങളാണെങ്കിലും വില താരതമ്യേന കൂടുതൽ ആണെന്നതിനാൽ ആശയക്കുഴപ്പം സ്വാഭാവികം.

ഇവിടെ ഇൻവെർട്ടർ എയർ കണ്ടീഷണർ വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനു മുൻപ് കടലാസിലുള്ളതും പ്രായോഗിക തലത്തിൽ ഉള്ളതുമായ ഗുണദോഷങ്ങളെക്കുറിച്ച് കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇൻവെർട്ടർ എയർ കണ്ടീഷനറുകളിൽ സാധാരണ എയർ കണ്ടീഷനറുകളിൽ നിന്നും വ്യത്യസ്തമായി കമ്പ്രസ്സറിന്റെ വേഗത മുറിയിലെ താപനിലയ്കനുസരിച്ച് ക്രമീകരിക്കുന്ന ഒരു ഓട്ടോമാറ്റിക് ഇലക്ട്രോണിക് റഗുലേറ്റർ ആണുള്ളത്. ഇതുമൂലം നല്ല ഊർജ്ജ ലാഭം ഉണ്ടാകുന്നു. 30 മുതൽ 50 ശതമാനം വരെയൊക്കെ ഊർജ്ജ ലാഭം ലഭിക്കുന്നു എങ്കിലും നമ്മുടെ വിപണിയിൽ ലഭ്യമായ ഇൻവെർട്ടർ എയർ കണ്ടീഷനറുകൾക്ക് പ്രായോഗിക തലത്തിൽ ഇനിയും പരിഹരിക്കപ്പെടേണ്ടതായ ഒരു വലിയ പ്രശ്നമുണ്ട്.

Image result for difference between inverter air conditioner and normal air conditioner

ഇതിലെ കണ്ട്രോൾ കാർഡ് വളരെ പെട്ടന്ന് തന്നെ കേടാകുന്നത് പ്രതിവർഷം ഇത്തരം എയർ കണ്ടീഷനറുകൾ നൽകുന്ന സാമ്പത്തിക ലാഭത്തെ റദ്ദ് ചെയ്യുന്നു. മിക്കവാറും എല്ലാ പ്രമുഖ കമ്പനികളും ഇൻവെർട്ടർ എയർ കണ്ടീഷനറുകളുടെ കമ്പ്രസ്സറിനു ലൈഫ് ടൈം വാറന്റി നൽകാറുണ്ട്. സാധാരണ എയർ കണ്ടീഷനറുകളെ അപേക്ഷിച്ച് ആയുസ്സ് വളരെ കൂടുതൽ ആയതിനാൽ കമ്പ്രസ്സറുകൾക്ക് ആയുഷ്കാല വാറന്റി നൽകുന്നതിൽ കമ്പനികൾക്ക് പ്രത്യേകിച്ച് നഷ്ടമൊന്നുമില്ല എന്ന് മാത്രവുമല്ല ഇത് വലിയൊരു പരസ്യവുമാണ്‌. കാരണം ഉപഭോക്താക്കൾ ഇടയ്ക്കിടയ്ക്ക് കേടാവുന്ന സാധാരണ കമ്പ്രസ്സറുകളായാണ്‌ ഇവയെ തെറ്റിദ്ധരിക്കുക എന്നതു തന്നെ. പക്ഷേ ഇലക്ട്രോണിക് കണ്ട്രോൾ ബോഡിന് ഗ്യാരണ്ടി നൽകാൻ കമ്പനികൾ തയ്യാറാകുന്നില്ല.

എപ്പോൾ വേണമെങ്കിൽ തകരാറിലാകാൻ സാദ്ധ്യതയുള്ളതാണ്‌ ഇൻവെർട്ടർ എയർ കണ്ടീഷനറുകളുടെ കണ്ട്രോൾ കാർഡ്. എത്ര നല്ല സ്റ്റെബിലൈസർ ഉപയോഗിച്ചാലും ഇക്കാര്യത്തിൽ ഒരു പരിധിയിൽ കൂടുതൽ സംരക്ഷണം ലഭിക്കുമെന്ന് കരുതേണ്ട. പ്രത്യേകിച്ച് വൈദ്യുത വ്യതിയാനങ്ങൾ കൂടൂതലായുള്ല ഇടങ്ങളിൽ . എൽ ഇ ഡി ബൾബിന്റെ ആയുസ്സ് പറയുന്നതുപോലെ ആണ്‌ ഇതും. എൽ ഇ ഡി ബൾബിലെ എൽ ഇ ഡിയുടെ ആയുസ്സ് അമ്പതിനായിരം മണിക്കൂർ എന്നൊക്കെ പറയുന്നെങ്കിലും അതിന്റെ ഡ്രൈവർ ബോഡ് എത്ര കാലം ഓടും എന്നതിനു യാതൊരു ഗ്യാരണ്ടിയും ഇല്ല.

Image result for normal ac non ac

അതുകൊണ്ട് തന്നെ ഏതെങ്കിലും കമ്പനി കണ്ട്രോൾ കാർഡിനു കൂടി വാറന്റി നൽകുകയാണെങ്കിൽ അത്തരം ഇൻവെർട്ടർ എയർ കണ്ടീഷനറുകൾ തെരഞ്ഞെടുക്കുകയാണ്‌ ഉചിതം. വലിയ രീതിയിൽ വോൽട്ടേജ് വ്യതിയാനങ്ങളും ഇടിമിന്നൽ പോലെയുള്ള പ്രശ്നങ്ങൾ കൂടുതലായുമുള്ള ഇടങ്ങളിൽ ഇൻവെർട്ടർ എയർ കണ്ടീഷനറുകളുടെ കണ്ട്രൊൾ കാർഡുകൾ തകരാറിലാകാനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. അത്തരം ഇടങ്ങളിൽ സാധാരണ എയർ കണ്ടീഷനറുകൾ തന്നെ ആണ്‌ ഉത്തമം.

വാൽക്കഷണം : നാലു മരം നട്ടാലോ മരം ഒരു വരം എന്ന മുദ്രാവാക്യം മുഴക്കിയാലോ എയർ കണ്ടീഷനറുകൾ ഉപയോഗിക്കുന്നതുമൂലമുള്ള പരിസ്ഥിതി നാശത്തിനു പകരമാകില്ല.