സാധാരണക്കാരെ കൊല്ലുന്നതില്‍ താലിബാനേക്കാള്‍ മുന്നില്‍ അമേരിക്ക: യുഎന്‍ റിപ്പോര്‍ട്ട്

കാബൂള്‍: അമേരിക്കയും അഫ്ഗാനിസ്ഥാന്‍ സൈന്യവും താലിബാനെക്കാള്‍ ക്രൂരമായാണ് സാധാരണക്കാരോട് പെരുമാറുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട സാധാരണക്കാരില്‍ അമേരിക്കന്‍ സൈന്യവും അഫ്ഗാന്‍ സൈന്യവും കൊലപ്പെടുത്തിയവരുടെ കണക്ക് കണ്ട് ഞെട്ടലിലാണ് ഐക്യരാഷ്ട്ര സഭ.

അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട സാധാരണക്കാരില്‍ 53 ശതമാനം പേരും സര്‍ക്കാരിന്റെ പ്രതിനിധികളായ അഫ്ഗാനിസ്ഥാന്‍ സൈന്യത്തിന്റെയും അമേരിക്കന്‍ സൈന്യത്തിന്റെയും ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. 2013 മുതല്‍ 2018 വരെയുള്ള കണക്കുകളാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

അതേസമയം പത്ത് വര്‍ഷത്തെ കണക്കില്‍ ഏറ്റവുമധികം പേരെ കൊലപ്പെടുത്തിയത് താലിബാനും മറ്റ് നിരോധിത തീവ്രവാദ സംഘടനകളുമാണ്. കൊല്ലപ്പെട്ട സാധാരണക്കാരില്‍ 58 ശതമാനം പേരെയാണ് ഇവര്‍ ഇല്ലാതാക്കിയത്. ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസവും ആക്രമണങ്ങളില്‍ നേരിയ തോതിലുള്ള അയവു വന്നിട്ടുണ്ട്. മേഖലയില്‍ സമാധാനം പുന: സ്ഥാപിക്കാനുള്ള തീവ്ര പരിശ്രമങ്ങളാണ് നടക്കുന്നത്.