സാംസ്‌കാരിക കേരളത്തിന് ആവേശമായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍

കേരളത്തിന്റെ കലാ- സാഹിത്യ മേഖലയ്ക്ക് അതിരുകളില്ലാത്ത സംഭാവനകള്‍ നല്‍കിയ കോഴിക്കോടിന്റെ മണ്ണില്‍ നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് കൊടിയുയരുന്നു. ജനുവരി 10 മുതല്‍ 13 വരെയാണ് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോല്‍സവത്തിന് കോഴിക്കോട് ആതിഥേയത്വം വഹിക്കുന്നത്. ഡി.സി. കിഴക്കെമുറി ഫൗണ്ടേഷനാണ് കെ.എല്‍.എഫ് സംഘടിപ്പിക്കുന്നത്.

മാപ്പിളപ്പാട്ടിന്റെ ശീലുകളുയരുന്ന കോഴിക്കോട് ബീച്ചില്‍ കെ.എല്‍.എഫ്. ഒരിക്കല്‍ കൂടി എത്തുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് മാത്രമല്ല സാധാരണക്കാരായ മലബാറുകാര്‍ക്കും അത് ആഘോഷത്തിന്റെ നാളുകളായിരിക്കും. രണ്ടുലക്ഷത്തിലധികം പേരെയാണ് കെ.എല്‍.എഫ്. വേദിയില്‍ പ്രതീക്ഷിക്കുന്നത്. അതില്‍ നല്ലൊരു വിഭാഗവും കുടുംബസമേതം എത്തുന്നവരായിരിക്കും. ഈ നാളുകളില്‍ കുടുംബങ്ങള്‍ കോഴിക്കോട് ബീച്ചിലേയ്ക്ക് ഒഴുകിയെത്തുന്നതാണ് മുന്നനുഭവങ്ങള്‍. തേനൂറുന്ന ഗസലുകളും മലബാറിന്റെ മണമുള്ള മാപ്പിളപ്പാട്ടുകളും ക്ലാസിക്- നാടന്‍ നൃത്തരൂപങ്ങളുമെല്ലാം ആസ്വദിച്ചുകൊണ്ടു കോഴിക്കോട് ബീച്ചിലെ സായാഹ്നങ്ങള്‍ ചെലവഴിക്കുക എന്നതിനൊപ്പം തന്നെ കെ.എല്‍.എഫില്‍ പങ്കെടുക്കാനെത്തുന്ന മലയാളത്തിലേയും മറ്റ് ഇന്ത്യന്‍ ഭാഷകളിലേയും വിദേശഭാഷകളിലേയും എഴുത്തുകാരെയും ചലച്ചിത്രതാരങ്ങളേയും സാംസ്‌കാരിക പ്രവര്‍ത്തകരേയും പരിചയപ്പെടാനും ഓട്ടോഗ്രാഫ് വാങ്ങാനും ഒപ്പം നിന്ന് സെല്‍ഫി എടുക്കാനുമുള്ള അവസരങ്ങള്‍ കൂടിയായാണ് അവര്‍ കെ.എല്‍.എഫിനെ കാണുന്നത്. നമ്മുടെ ഇഷ്ട എഴുത്തുകാരെയും കലാ- സാംസ്‌കാരിക പ്രവര്‍ത്തകരേയും നേരിട്ടുകാണാനും അവരെ കേള്‍ക്കാനുമുള്ള അവസരം കൂടിയാണ് കെ.എല്‍.എഫ്. ഏഷ്യ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ വന്‍കരകളില്‍ നിന്നും നിരവധി എഴുത്തുകാര്‍ കെ.എല്‍.എഫ് വേദിയിലെത്തുന്നു. രാമചന്ദ്രഗുഹ, അരുന്ധതി റോയ്, ഹര്‍ഷ് മന്ദര്‍, സ്വാമി അഗ്നിവേശ്, ശശി തരൂര്‍, രാകേഷ് ശര്‍മ, റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍, ജീത് തയ്യില്‍, പി. സായ്‌നാഥ്, മിക്കി ദേശായ്, അനിതാ നായര്‍, കേകി ദാരുവല്ല, ദേവ്ദത്ത് പട്‌നായിക്, മനു എസ്. പിള്ള, തുടങ്ങി നിരവധി ഇന്ത്യന്‍ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരികരംഗത്തെ പ്രമുഖരും കെ.എല്‍.എഫ് വേദിയെ ധന്യമാക്കും.

സാഹിത്യോല്‍സവത്തോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണും ഐ.എഫ്.എഫ്.കെ മുന്‍ ഫെസ്റ്റിവല്‍ ഡയറക്ടറുമായ ബീനാ പോളിന്റെ നേതൃത്വത്തില്‍ ചലച്ചിത്രമേളയും സംഘടിപ്പിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ സംഘടിപ്പിച്ചിരുന്ന ചലച്ചിത്രമേളകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.