സഹോദരനെ കൊലപ്പെടുത്തിയ യുവതി റിമാന്റില്‍; കുടുക്കിയത് മൃതദേഹത്തില്‍ നിന്ന് അറ്റുപോയ മൂന്നു വിരലുകള്‍

സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലായിരുന്ന ശിവകാശി സ്വദേശി കസ്തൂരിയെ റിമാന്റ് ചെയ്തു. ചെന്നൈ ശിവകാശി കണ്ണാങ്കി കോളനി വിതുര്‍ നഗറില്‍ മൈക്കള്‍ രാജിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. കേസിലെ ഒന്നാം പ്രതിയും കസ്തൂരിയുടെ ഭര്‍ത്താവുമായ വെള്ള മുത്തു ഒളിവിലാണ്. മൈക്കള്‍രാജിനെ മരിച്ചനിലയില്‍ കസ്തൂരിയാണ് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്‌.

ഉറക്കത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച മൈക്കിള്‍ രാജിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്നുമാണ് ഇവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ആശുപത്രിയിലെത്തുമ്പോള്‍ മൈക്കിള്‍ രാജിന്റെ ഇടതുകാലിന്റെ മൂന്ന് വിരല്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു. വലതുകാല്‍ ഉരഞ്ഞ് മുറിഞ്ഞിട്ടുണ്ടായിരുന്നു. മൃതദേഹത്തിലുണ്ടായിരുന്ന ഈ അസ്വാഭാവിക മുറിവുകളാണ് ആശുപത്രി അധികൃതരില്‍ സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് താനും ഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് ഇവര്‍ സമ്മതിച്ചത്.

പാണ്ടനാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവര്‍ ഏതാനും ദിവസം മുമ്പ്‌ ഓച്ചിറ ക്ലാപ്പനയിലെ വാടകവീട്ടിലേക്ക് മാറിയിരുന്നു. അവിടെവച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം ബൈക്കില്‍ ഇരുത്തി വെള്ളമുത്തുവും കസ്തൂരിയും എട്ടു വയസുള്ള മകളും ചേര്‍ന്ന് ചെങ്ങന്നൂര്‍ പൂപ്പള്ളി ജംഗ്ഷനില്‍ പുലര്‍ച്ചെ 3.15ന് എത്തിച്ചു. മൃതദേഹം ഇവിടെ ഇറക്കിയശേഷം വെള്ളമുത്തു കടന്നു. ബൈക്കില്‍ കൊണ്ടുപോകുമ്ബോള്‍ കാല്‍ നിലത്തുരഞ്ഞാണ് മൃതദേഹത്തിന്റെ വിരലുകള്‍ അറ്റുപോയത്.

പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും ഓച്ചിറയിലെ ക്ലാപ്പനയില്‍ എത്തി തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയത് ക്ലാപ്പനയില്‍ വച്ചായതിനാല്‍ തുടരന്വേഷണത്തിനായി കേസ് ഫയലുകള്‍ ഓച്ചിറ പൊലീസിന് കൈമാറിയതായി ചെങ്ങന്നൂര്‍ സി.ഐ എം.സുധിലാല്‍, എസ്.ഐ എസ്.വി.ബിജു പറഞ്ഞു. എന്നാല്‍ ഇന്ന് രാവിലെ വരെ ഫയലുകള്‍ കിട്ടിയിട്ടില്ലെന്നാണ് ഓച്ചിറ സി.ഐ പ്രകാശ് അറിയിച്ചു.