സസ്‌പെന്‍ഷനിലുള്ള തൃണമൂല്‍ എം എല്‍ എ ബി ജെ പിയിലേക്ക്

കൊല്‍ക്കത്ത: സസ്‌പെന്‍ഷനിലുള്ള തൃണമൂല്‍ എം എല്‍ എയും ബംഗാള്‍ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ മുകള്‍ റോയിയിയുടെ മകനുമായ സുബ്രംഗ്ഷു റോയിയും ബി ജെ പിയിലേക്ക്. പര്‍ട്ടി വിരുദ്ധ പ്രസ്താവനയുടെ പേരില്‍ ആറ് വര്‍ഷത്തേക്ക് മമത സ്‌പെന്‍ഡ് ചെയ്ത വ്യക്തിയാണ് സുബ്രംഗ്ഷു റോയി. തൃണമൂലില്‍ പലരും ശ്വാസം മുട്ടി കഴിയുകയാണ്. താന്‍ ഇപ്പോള്‍ സ്വതന്ത്രയാണ്. രണ്ട്, മൂന്ന് ദിവസത്തിനുള്ളില്‍ ബി ജെ പിയില്‍ ചേരും- അദ്ദേഹം പറഞ്ഞു.

ഒരുകാലത്ത് മമതയുടെ വലംകൈയായിരുന്ന അദ്ദേഹത്തിന്റെ പിതാവ് മുകള്‍ റോയ് ഇപ്പോള്‍ ബംഗാളിലെ ബി ജെ പിയുടെ തലവനാണ്.

കള്ളക്കേസെടുക്കാനും അക്രമിക്കപ്പെടാനും സാധ്യതയുണ്ടെന്നും ശ്രദ്ധയോടെ ഇരിക്കണമെന്ന് പിതാവ് പറഞ്ഞതായും സുബ്രംഗ്ഷു പറഞ്ഞു.

ബിജപൂര്‍ എം എല്‍ എയായ സുബ്രാംഗ്ഷു തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടി ബി ജെ പിയുടേയും തന്റെ പിതാവിന്റെയും സംഘാടന മികവിനെ പ്രകീര്‍ത്തിച്ചിരുന്നു. തന്റെ നിയമസഭാ മണ്ഡലത്തില്‍ നിന്നും തൃണമൂലിന് വേണ്ടി പ്രചാരണം നടത്തിയെന്നും, എന്നാല്‍ തന്നെക്കാള്‍ മികച്ചു നിന്ന അച്ഛന്റെ പ്രചാരണത്തോട് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെന്നും സുബ്രാംഗ്ഷു പറഞ്ഞു.

എന്റെ പിതാവിനോട് പരാജയപ്പെട്ടു എന്ന് പറയുന്നതില്‍ എനിക്ക് ഒരപമാനവുമില്ല. അദ്ദേഹം ബംഗാള്‍ രാഷ്ട്രീയത്തിലെ യഥാര്‍ഥ ചാണക്യനാണ്. ആളുകള്‍ ഞങ്ങള്‍ക്കെതിരെ വോട്ടു ചെയ്യുകയും, ഞങ്ങളുടെ പാര്‍ട്ടി പരാജയപ്പെടുകയും ചെയ്തു. ഞങ്ങളത് അംഗീകരിച്ചേ മതിയാവൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന്റെ പേരിലാണ് അദ്ദേഹത്തെ മമത സസ്‌പെന്‍ഡ് ചെയ്തത്.
മുകള്‍ റോയിയുടെ നേതൃത്വത്തില്‍ വലിയ വിജയമാണ് ബംഗാളില്‍ ബി ജെ പിയുണ്ടാക്കിയത്.