സര്‍ക്കാരിന്റേത് പകപോക്കലെന്ന് കോണ്‍ഗ്രസ്; വിജിലന്‍സിനെ രാഷ്ട്രീയ ആയുധമാക്കുന്നു


എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം; ഇടത് സര്‍ക്കാരിന്റെ കയ്യില്‍ വിജിലന്‍സ് വെറും രാഷ്ട്രീയ ആയുധമെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ് നേതൃത്വം. വിജിലന്‍സിനെ വടിയാക്കി അടിക്കാനുള്ള ഇടത് സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കാന്‍ ഫലപ്രദമായി രംഗത്തിറങ്ങാനും കോണ്‍ഗ്രസ് തുനിയുന്നു.

മറ്റന്നാള്‍ കൂടുന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ വിജിലന്‍സ് നീക്കങ്ങള്‍ ചര്‍ച്ചയാകും. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.ബാബുവിനെതിരെ വിജിലന്‍സ് കേസുമായി മുന്നോട്ടു പോകുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അമര്‍ഷം നിലനില്‍ക്കേയാണ് വിജിലന്‍സിനെതിരായ നീക്കം കോണ്‍ഗ്രസ് ശക്തമാക്കുന്നത്.

എഴുതിത്തള്ളുന്നതില്‍ റെക്കോഡിട്ട വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡിജിപി ലോക്നാഥ് ബെഹ്‌റ ബാബുവിന്റെ കേസുമായി മുന്നോട്ട് പോകുന്നത് രാഷ്ട്രീയ പകപ്പോക്കലാണെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുൻ മന്ത്രി കെ. ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നാണ് വിജിലൻസ് ഈ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്.

കേസ് നിലനിൽക്കുമെന്നും പത്ത് ദിവസത്തിനകം പുതിയ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്നും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കെ.ബാബുവിന്‍റെ സ്വത്തിൽ പകുതിയോളവും അനധികൃതമാണെന്നാണ്‌ വിജിലൻസിന്‍റെ കണ്ടെത്തൽ.

ബാബു നല്‍കിയ പുതിയ വിശദീകരണവും തൃപ്തികരമല്ലെന്നും അദ്ദേഹത്തിനെതിരായ അന്വേഷണം അവസാനഘട്ടത്തിലാണെന്നുമാണ് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചത്.

കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ രണ്ടു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകുമെന്നും വിജിലന്‍സ് ഡയറക്ടർ അറിയിച്ചിരുന്നു. ബാബുവിന്റെ കേസുമായി ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് അദ്ദേഹത്തിനും ഒപ്പം പാര്‍ട്ടിയ്ക്കും എതിരെ നടത്തുന്ന രാഷ്ട്രീയ പകപോക്കലാണെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെയാണ് 14 ന് കൂടുന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ ഈ കാര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

വിജിലന്‍സ് നീക്കങ്ങളും കെ.ബാബുവിന്റെ കേസും രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യും – മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗവുമായ ബെന്നി ബെഹന്നാന്‍ 24 കേരളയോട് പറഞ്ഞു. നിരവധി കേസുകളാണ്‌ ഈ ഇടത് സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് എഴുതിത്തള്ളിയത്.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ അതേപടി നിലനിര്‍ത്തുന്നതിലും മുന്നോട്ട് കൊണ്ടുപോകുന്നതും കാണിക്കുന്നത് വിജിലന്‍സിന്റെ രാഷ്ട്രീയ പക്ഷപാതിത്തമാണ്.ഫെബ്രുവരി 14ന് ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും – ബെന്നി ബെഹന്നാന്‍ പറഞ്ഞു.

എന്നാല്‍ തന്റെ കാര്യത്തില്‍ വിജിലന്‍സ് കേസുമായി മുന്നോട്ടുപോകുന്നു എന്ന കാര്യം ടെലിവിഷന്‍ വാര്‍ത്തയില്‍ നിന്നാണ് അറിഞ്ഞത്. ഈ കാര്യത്തില്‍ താന്‍ അഭിപ്രായ പ്രകടനം നടത്തുന്നില്ല – കെ.ബാബു 24 കേരളയോട് പറഞ്ഞു.

കഴിഞ്ഞ 11 മാസത്തിനിടെ ഉന്നതർ പ്രതികളായ 13 കേസുകളിൽ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അഴിമതി കേസുകളിൽപെട്ട പൊലീസുകാരടക്കം 30 ഉദ്യോഗസ്ഥരുടെ സസ്പെൻഷനാണ് വിജിലന്‍സ് റദ്ദാക്കിയത്. തങ്ങള്‍ക്ക് താത്പര്യമുള്ള കേസുകളില്‍ അന്വേഷണം മുറുകുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റുന്നതും വിജിലൻസിൽ പതിവായിട്ടുണ്ട്.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവർക്കെതിരെയുള്ള ആരോപണങ്ങളിലും തെളിവില്ലെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. ഇ.പി.ജയരാജനെതിരെ കേസെടുത്തതു തെറ്റായിപ്പോയെന്നു ഹൈക്കോടതിയിൽ സത്യവാങ്മൂലവും വിജിലന്‍സ് നല്‍കിയിരുന്നു.

കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസിലും തെളിവില്ലെന്ന് വിജിലന്‍സ് കോടതിയെ ധരിപ്പിച്ചു. മാണിക്കെതിരായ മറ്റൊരു അന്വേഷണവും ഉടൻ അവസാനിപ്പിക്കും. മറ്റു ചില കേസുകളിലും തെളിവില്ലെന്ന റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കാന്‍ ഒരുങ്ങുകയാണ് വിജിലന്‍സ്. ഈ ഘട്ടത്തിലാണ് വിജിലന്‍സിനെ രാഷ്ട്രീയ ആയുധമാക്കി മുന്നോട്ട് പോകാനുള്ള ഇടത് സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.