സര്‍ക്കാരിന്റെ നീക്കം അനീതിയ്‌ക്കെതിരായ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വി.മുരളീധരന്‍ എം.പി

തിരുവനന്തപുരം: വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നവരെ പീഡിപ്പിക്കുന്ന സമീപനം ഭരണകൂടത്തിന്റെ കടുത്ത അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്ന് വി മുരളീധരന്‍ എം.പി. സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്കെതിരായ സര്‍ക്കാരിന്റെ നീക്കം അനീതിക്കെതിരായ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അശ്വതി ജ്വാലയെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

വിദേശ വനിത ലിഗയുടെ തിരോധാനവും മരണവുമായി ബന്ധപ്പെട്ട് അവരുടെ സഹോദരിയെ സഹായിക്കുകയും അന്വേഷണത്തില്‍ ഒപ്പം നില്‍ക്കുകയും മാത്രമാണ് അശ്വതി ചെയ്തത്. അപ്പോള്‍ അധികാരികളുടെയും പൊലീസിന്റെയും ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതാണ് സര്‍ക്കാരിന് മുന്നില്‍ അശ്വതി ചെയ്ത തെറ്റ്. അതിന്റെ പേരില്‍ അവരെ പൊലീസിനെ ഉപയോഗിച്ച് പീഡിപ്പിക്കുന്ന സമീപനം എതിര്‍ക്കപ്പെടണം. സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടുന്ന എല്ലാവരോടും അസഹിഷ്ണുതയോടെയാണ് പിണറായി സര്‍ക്കാര്‍ പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു പരാതി കിട്ടിയപ്പോള്‍ അതിന്റെ നടപടി ക്രമമെന്ന നിലയിലുള്ള അന്വേഷണമാണ് അശ്വതിക്കെതിരെ നടക്കുന്നതെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. വിചിത്രവും പരിഹാസ്യവുമായ വാദമാണ് മന്ത്രിയുടേതെന്നും അദ്ദേഹം ആരോപിച്ചു. ഒരു ചെറിയ കുട്ടി സമൂഹത്തിലെ അനീതിക്കെതിരായി ശബ്ദമുയര്‍ത്തുമ്പോള്‍ അതില്‍ അസ്വസ്ഥരാകുന്നവര്‍ അവളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. സര്‍ക്കാര്‍ തന്നെ അതിന് നേതൃത്വം നല്‍കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാഷ്ട്രീയമായ ഇടപെടലല്ല വേണ്ടത്. സമൂഹത്തിലെ എല്ലാവരും രംഗത്ത് വരണമെന്നും പൊതുപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും സ്ത്രീ സംഘടനകളുമെല്ലാം അശ്വതിക്കെതിരായ സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാരവാഹിയാണവര്‍. പ്രവര്‍ത്തനത്തിന്റെ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നു. പൊതുസമൂഹത്തിന് അവരെയറിയാം. സര്‍ക്കാരിന്റെ നീക്കത്തില്‍ ദുരൂഹതയുണ്ട്. വിദേശവനിതയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആരെയെങ്കിലും രക്ഷിക്കേണ്ടതുണ്ടോയെന്നറിയില്ല. എങ്കിലും ഇക്കാര്യത്തിലുള്ള സമീപനങ്ങള്‍ ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നതാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.