സമൂഹമാധ്യമങ്ങളിലൂടെ വൈറലായ മറ്റൊരു ചന്ദ്രലേഖ ഇതാ…

നമ്മുടെ നാട്ടില്‍ തന്നെ ആരാലും അറിയപ്പെടാത്ത എത്രയോ നല്ല ഗായകരുണ്ട്. അവരില്‍ ചിലരൊക്കെ മനസ്സ് കീഴടക്കുന്ന പാട്ടുപാടി സമൂഹ മാധ്യമങ്ങളിലൂടെ നമുക്കരികിലേക്കെത്തുന്നുമുണ്ട്. ശാന്ത ബാബു എന്ന പാട്ടുകാരിയും അക്കൂട്ടത്തില്‍ ഒരാളാണ്. ‘രാജഹംസമേ’ പാടി സമൂഹ മാധ്യമത്തിലൂടെ നമ്മുടെ ഹൃദയങ്ങളിലിടം നേടിയ പാട്ടുകാരിയാണ് ചന്ദ്രലേഖ. പിന്നീട് പിന്നണി ഗാനരംഗത്തേക്കെത്തിയ ചന്ദ്രലേഖയെ പോലെ ഒരു സാധാരണക്കാരിയാണ് ശാന്തയും. ശാന്ത പാടിയ പാട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

ഒരു തയ്യാറെടുപ്പുമില്ലാതെ പച്ചയായി തുറന്ന സ്ഥലത്ത് വെച്ചാണ് ശാന്ത ബാബു പാട്ടുകള്‍ പാടിയത്. വയര്‍ലെസ്സ് കരോക്കെ മൈക്ക് ഉപയോഗിച്ചാണ് പാട്ടുകള്‍
പാടിയിരിക്കുന്നത്. എസ്. ജാനകി പാടിയ പൊന്നുരുകും പൂക്കാലം ഉള്‍പ്പെടെയുള്ള പാട്ടുകള്‍. എല്ലാം ഒന്നിനൊന്നു മനോഹരമായി പാടുകയും ചെയ്തു. ഒരു പാട്ട് പടിക്കഴിയുമ്പോള്‍ വീണ്ടും ഒന്നുകൂടി കേള്‍ക്കാന്‍ ആഗ്രഹിച്ചു പോകുന്ന ആലാപന മാധുര്യം. കുറെ നാളുകളായി ശാന്തയുടെ പാട്ടുകള്‍ സമൂഹമാധ്യമങ്ങളിലെ കൂട്ടായ്മകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഒരുപിടി മികച്ച മലയാളം മെലഡികളാണ്‌ ശാന്ത പാടിയത്.