സമാന്തര സർവീസുകളുടെ അടിവേരറുക്കാന്‍ ഉറച്ച് കെഎസ്ആര്‍ടിസി; വാഹന പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദ് ചെയ്യപ്പെടും

എം.മനോജ്‌ കുമാര്‍ 

നടപടി കെഎസ്ആര്‍ടിസി വിജിലന്‍സ്  റിപ്പോര്‍ട്ടിനെ തുടര്‍ന്ന്

തിരുവനന്തപുരം: സമാന്തര സർവീസുകളുടെ അടിവേരറുക്കാന്‍ കെഎസ്ആര്‍ടിസിയുടെ തീരുമാനം. സമാന്തര സര്‍വീസുകള്‍ കെഎസ്ആര്‍ടിസിയുടെ വരുമാനം കവര്‍ന്നെടുക്കുന്നു എന്നും സമാന്തര വാഹനങ്ങൾ ഓടിക്കുന്നവരുടെ ലൈസസൻസ് അടിയന്തിരമായി റദ്ദ് ചെയ്യണമെന്നുമുള്ള കെഎസ്ആര്‍ടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.

സമാന്തര സര്‍വീസുകള്‍ തടയാനുള്ള കെഎസ്ആര്‍ടിസി സ്വകാഡിന്‍റെ പ്രവര്‍ത്തനം പരിപൂര്‍ണ്ണമായും നിലച്ചിരിക്കെയാണ് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. സമാന്തര സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനൊപ്പം വാഹനങ്ങളുടെ പെര്‍മിറ്റ്‌ റദ്ദ് ചെയ്യണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രമായി കെഎസ്ആര്‍ടിസിയ്ക്ക് ഒരു മാസം ലഭിക്കേണ്ട 5.5 കോടി രുപയോളമാണ് സമാന്തര സര്‍വീസുകള്‍ അപഹരിക്കുന്നതെന്നു റിപ്പോര്‍ട്ടിലുണ്ട്. കെഎസ്ആര്‍ടിസി കാര്യക്ഷമമായി സര്‍വീസ് നടത്തുന്ന പാറശ്ശാല, നെയ്യാറ്റിൻകര, കളിയിക്കാവിള, പൂവ്വാർ, വിഴിഞ്ഞം, കോവളം, വെങ്ങാനൂർ,പെരിങ്ങമ്മല, വേളി, പുത്തൻതോപ്പ്, പെരുമാതുര, ആറ്റിങ്ങൽ, ചിറയൻകീഴ്, ശ്രീകാര്യം, പോത്തൻകോട്, വെഞ്ഞാറമൂട്, നെടുമങ്ങാട്, വെമ്പായം, വട്ടപ്പാറ, മണ്ണന്തല, എന്നീ ഭാഗങ്ങളില്‍ സമാന്തര സര്‍വീസും ശക്തമാണ്.

600 ഓളം സമാന്തര വാഹനങ്ങളാണ് ഇവിടെ സര്‍വീസുകള്‍ നടത്തുന്നത്. ദിനം പ്രതി ഇവര്‍ കീശയിലാക്കുന്നത് 18 ലക്ഷത്തോളം രൂപയാണ്. മാസക്കണക്കില്‍ ഈ തുക 5.5 കോടിയോളം വരും. മാസം തോറും കെഎസ്ആര്‍ടിസിയ്ക്ക് ലഭിക്കേണ്ട തുകയാണ് സമാന്തര സര്‍വീസുകള്‍ കവരുന്നത്. പ്രതിസന്ധിയുമായി കെഎസ്ആര്‍ടിസി മുഖാമുഖം നില്‍ക്കെ സമാന്തര സര്‍വീസുകള്‍ അവസാനിപ്പിക്കേണ്ട ആവശ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് റിപ്പോര്‍ട്ടിലെ ഓരോ വരിയും.

സമാന്തര സര്‍വീസുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മനപൂര്‍വം നടപടികള്‍ വൈകിപ്പിക്കുന്നതും ഈ കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നും, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും വരുന്ന അനാസ്ഥ ഉദാഹരണ സഹിതം വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. സമാന്തര സര്‍വീസുകള്‍ സമാന്തരമായി സര്‍വീസ് നടത്താന്‍ അധികൃതരുറുടെ ഭാഗത്ത് നിന്നും വരുന്ന ഒത്താശകളിലേക്കും  റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നു.

സമാന്തര സര്‍വീസ് തടയാന്‍ രണ്ടു ഡിപ്പാര്‍ട്ട്മെന്ടുകളുടെ സഹായം വേണം. ഒന്ന് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം, രണ്ടു പൊലീസ് ഡിപ്പാര്‍ട്ട്മെന്റ്. ഇവര്‍ രണ്ടു കൂട്ടരും സമാന്തര സര്‍വീസിനെതിരെയുള്ള നീക്കത്തിന്നെതിരെ സഹകരിക്കില്ല. ഓരോ തവണ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടും. എആര്‍ ക്യാമ്പില്‍ നിന്ന് പോലീസുകാരെയോ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെയോ സമയത്ത് ലഭിക്കില്ല. സമാന്തര സര്‍വീസ് നടത്തുന്നവരുടെ ശക്തമായ സ്വാധീനവും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

ഓരോ പൊലീസ് സ്റ്റേഷനിലെ എസ്ഐമാര്‍ക്ക് സമാന്തര സര്‍വീസ് തടയണമെന്ന് നിര്‍ദ്ദേശം നല്‍കിയാല്‍ ഒരു പരിധി വരെ സമാന്തര സര്‍വീസ് തടയാം. ജീവനക്കാരെയും ജനങ്ങളെയും ഈ കാര്യത്തില്‍ ബോധവല്‍ക്കരിക്കേണ്ട ആവശ്യം ഉണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിന്റെ ഗൗരവസ്വഭാവവും കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധിയും പരിഗണിച്ച് റിപ്പോര്‍ട്ടിന്മേല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാനാണ്‌ നിലവിലെ കെഎസ് ആര്‍ടിസി സിഎംഡി ടോമിന്‍ തച്ചങ്കരി തീരുമാനിക്കുന്നതും.