സമാധാനത്തിനുള്ള നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ പതിനഞ്ചുകാരി

കഴിഞ്ഞ ആഗസ്തിലാണ‌് സ്വീഡിഷ് പാര്‍ലമെന്റ‌് ബില്‍ഡിങ്ങിന് പുറത്ത‌് ഒരു സമരം നടന്നത‌്. ഗ്രേതാ തന്‍ബര്‍ഗ്ഗ് എന്ന പതിനഞ്ചുകാരി കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട‌് പാര്‍ലമെന്റ‌് ബില്‍ഡിങ്ങിന് മുമ്ബില്‍ സമരം സംഘടിപ്പിച്ചു. ഇന്ന‌് ആ പതിനഞ്ചുകാരിയെ തേടിയെത്തിയിരിക്കുന്നത‌് സമാധാനത്തിനുള്ള നൊബേല്‍ നാമനിര്‍ദ്ദേശമാണ‌്.

അന്ന‌് ആ സമരത്തില്‍ നിന്നും അവളുടെ മാതാപിതാക്കള്‍ അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. പാര്‍ലമെന്റ‌് ബില്‍ഡിങ്ങിന് പുറത്ത‌് കയ്യില്‍ ബാനറുമായി നിന്ന ആ പതിനഞ്ചുകാരിയെ കണ്ടവരെല്ലാം കൗതുകവും ആശ്ചര്യവുമാണ‌് പ്രകടിപ്പിച്ചത‌്. എന്നാല്‍ എട്ട് മാസങ്ങള്‍ക്ക് ശേഷം അവള്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ ഏറ്റെടുത്തത‌് 105 രാജ്യങ്ങളിലാണ‌്.

കാലാവസ്ഥ വ്യതിയാനത്തിനെതിരെ മുഖംതിരിഞ്ഞ‌് നില്‍ക്കുന്ന ഭരണകൂടത്തിനെതിരെ നിരവധിയായ സമരങ്ങളും പ്രതിഷേധങ്ങളും വിവിധ രാജ്യങ്ങളില്‍ നടക്കുന്നതിനിടയിലാണ‌് ഗ്രേതാ തുന്‍ബര്‍ഗ്ഗിനെ തേടി ഇൗ അംഗീകാരം എത്തുന്നത‌്.

അവാര്‍ഡ് ലഭിച്ചാല്‍ ഏറ്റവും പ്രായം കുറഞ്ഞ സമാധാന നൊബേല്‍ പുരസ്കാര ജേതാവാകും ഗ്രേതാ തന്‍ബര്‍ഗ്ഗ്. 17 വയസ്സില്‍ പുരസ്കാരം ലഭിച്ച മലാല യൂസഫ്സായ് ആണ് ഇതിനു മുന്‍പ് പ്രായം കുറഞ്ഞ സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ്. ഒക്ടോബര്‍ മാസത്തിലാണ് നൊബേല്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. അവാര്‍ഡ് വിതരണം ഡിസംബര്‍ മാസത്തില്‍ നടക്കും. 301 നോമിനേഷനുകളാണ് ഇത്തവണ നൊബേല്‍ പട്ടികയില്‍ ഉള്ളത്.