സമരം നിയമപരമല്ല; കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​നെ​തിരെ ഹൈ​ക്കോ​ട​തി

കൊ​ച്ചി: കെ​എ​സ്‌ആ​ര്‍​ടി​സി തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ന്ന് അര്‍ധരാത്രി മു​ത​ല്‍ ന​ട​ത്താ​നി​രി​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​നെ​തി​രേ ഹൈ​ക്കോ​ട​തി. സമരം നീട്ടിവെച്ചുകൂടെ എന്നും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടതെന്നും ഹൈക്കോടതി ചോദിച്ചു.

നിയമപരമായ പരിഹാരമുളളപ്പോള്‍ എന്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടണം. സമരം നിയമപരമായ വഴിയല്ല. ഉച്ചയ്ക്ക് മുമ്പ് ചര്‍ച്ചയിലെ വിശദാംശങ്ങള്‍ അറിയിക്കണം. കെഎസ്ആര്‍ടിസി പൊതുഗതാഗത സംവിധാനമാണെന്ന് ഓര്‍മ്മ വേണമെന്നും ഹൈക്കോടതി പറഞ്ഞു. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ പണിമുടക്കിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍.

അതേസമയം, കെഎസ്ആ‌ർടിസി എംഡിയുമായി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. സമരമല്ലാതെ വേറെ വഴിയില്ലെന്ന് കെഎസ്ആർടിസി സംയുക്തയൂണിയൻ നേതാക്കൾ മാധ്യമങ്ങളോട് പറ‌ഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ചുകിട്ടുംവരെ പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്നും യൂണിയൻ നേതാക്കൾ ചർച്ചയ്ക്ക് ശേഷം പറഞ്ഞു. കെഎസ്ആർടിസി എംഡിക്കെതിരെയും യൂണിയൻ നേതാക്കൾ രംഗത്തെത്തി. എംഡി ചർച്ചയിൽ ധിക്കാരപരമായ നിലപാടാണ് സ്വീകരിച്ചതെന്നും യൂണിയൻ നേതാക്കൾ ആരോപിച്ചു.