സമയം പെരുമ്പറമുഴക്കി കടന്നു പോവുമ്പോള്‍……

ബക്കര്‍ അബു

നിഴലനക്കങ്ങളില്‍ നേരമളന്ന് വുളു(ദേഹശുദ്ധി)വെടുത്ത് നിസ്കരിക്കാന്‍ പോകുന്ന ഉമ്മയെ കണ്ടാണ്‌ ഞാന്‍ വളര്‍ന്നു വന്നത്. സമയം എന്താണെന്ന് അറിയാന്‍ വാച്ചോ ക്ലോക്കോ ഒന്നും ഇല്ലാതിരുന്നൊരു കാലം. അന്ന് വാച്ച് വലിയൊരു ആഡംബര ഐറ്റമായിരുന്നു. നാലഞ്ച് കിലോമീറ്റര്‍ അപ്പുറം , പുതുപ്പണത്ത്, ഉമ്മാമയുടെ വീട്ടില്‍ പോയാല്‍ ഇരുവശങ്ങളിലും ചാവികൊടുത്ത് സൂചിയുടെ ഞരമ്പനക്കത്തില്‍ മണിക്കൂറില്‍ മണിയടിക്കുന്ന വലിയൊരു ക്ലോക്കും നോക്കി ഞാനങ്ങിനെയിരിക്കും. ആ ക്ലോക്കില്‍ പന്ത്രണ്ട് മണി മുട്ടുന്നതാണ് കുഞ്ഞുന്നാളില്‍ കേട്ട ഏറ്റവും മധുരമുള്ള സംഗീതം. ഒന്നില്‍ തുടങ്ങി പന്ത്രണ്ടില്‍ തീരുംവരെ അതിനൊരു താളമുണ്ട്. ഒരുമണി മരണമണിപോലെയാണ് ആ ക്ലോക്കില്‍ മുഴങ്ങിയിരുന്നത്. കല്‍ക്കരി തിന്ന്, തീ തുപ്പി, ഒറ്റക്കണ്ണന്‍ തീവണ്ടി കൂകിപ്പായുന്നത്പോലെ ഒരു സെക്കണ്ടില്‍ അതടിച്ചു തീരും. പന്ത്രണ്ടടിച്ച് തീരുന്നത് നോക്കി നില്‍ക്കുമ്പോള്‍ ഉമ്മാമ ഉമ്മയോട് പറയും

“” ട്യേ അയിശുവേ, ന്‍റെ മോനിതാ
സമയം വിഴുങ്ങാന് ഇബടെ കാത്തിരിക്കുന്ന്”

ഉമ്മാമ അത് പറയുമ്പോള്‍ ഞാന്‍ അവരെ വളരെ അടുത്ത് നിന്നാണ് കാണുന്നത്. ഒരു പഴയ തറവാടിന്‍റെ ഇടുങ്ങിയ ഇടനാഴിക്ക് മൂന്നോ നാലോ അടി വീതിയേ കാണൂ.മുറികള്‍ ചെറുതാവുമ്പോള്‍ മുഖങ്ങള്‍ നമുക്ക് വളരെ വളരെ അടുത്തടുത്തു കാണാം. ഇന്നത്തെ വലിയ വാതില്‍ കട്ടിലുകളിലൂടെ വീതികൂടിയ സ്വീകരണമുറിയിലേക്കും കിടപ്പറയിലേക്കും കണ്ടു കണ്ടില്ല എന്ന മട്ടില്‍ കയറിപ്പോവുന്ന കുട്ടികളുടെ മുഖങ്ങള്‍ക്കും നമ്മുടെ മനസ്സിനുമിടയില്‍ വലിയൊരു ദൂരമുണ്ട്, ക്ലോക്ക് നിര്‍ണ്ണയിക്കാത്തൊരു സമയദൂരം.

Related image

അന്ന് റംസാന് ബാങ്ക് കൊടുക്കുന്നത് കേള്‍ക്കാന്‍ ഞങ്ങള്‍ ഒരു കൂട്ടം കുട്ടികള്‍ പുത്തൂര് ഏകനൊന്തത്ത് കയറി നില്‍ക്കുമായിരുന്നു. അടക്കാതെരുവിനെയും പുത്തൂരിനെയും വേര്‍തിരിക്കുന്ന കയറ്റിറക്കമാണ് ഏകനൊന്തം. അത്രയും ഉയരത്തില്‍ അതൊന്ന് മാത്രം. തെരുവിലെ മസ്ജിദ് കഴിഞ്ഞാല്‍ അടുത്ത മസ്ജിദ് മൂന്ന് കിലോമീറ്റര്‍ കഴിഞ്ഞാലെ കാണാന്‍ കഴിയുള്ളൂ. നോമ്പ് തുറക്കാന്‍ മഗ്റിബ് ബാങ്കിലെ ആദ്യവിളികേള്‍ക്കുമ്പോള്‍ തന്നെ കുട്ടികള്‍ ബാങ്ക് കൊടുത്തോ,,, ബാങ്ക് കൊടുത്തോന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഓടിപ്പോവും. വഴിയില്‍ വിളി കേള്‍ക്കുന്ന വീട്ടുകാരെല്ലാം അന്നേരം കാരക്കയും വെള്ളവും കൈയ്യിലെടുക്കും. വാച്ചും ക്ലോക്കും നോക്കി നോമ്പ് തുറക്കുന്ന സമ്പ്രദായം ഒന്നും വന്നിട്ടില്ല. അറക്കിലാടില്‍ നിന്ന് ചിലപ്പോള്‍ ബാങ്ക് കൊടുത്തതറിയിക്കാന്‍ കതിനാവെടി മുഴക്കുന്നത് കേള്‍ക്കുമായിരുന്നു.

അത്താഴം വിളിച്ചറിയിക്കുന്നത് താഴെത്തങ്ങാടിയില്‍ നിന്ന് ബാന്ഡ് മുട്ടി വരുന്ന അത്താഴം ബാവയാണ്. ജിന്നും ശൈത്താനും പുറത്തിറങ്ങാത്ത റംസാനില്‍, അതിപാതിരായ്ക് സമയം പെരുമ്പറമുഴക്കി ചോറ് കലത്തില്‍ സുജൂദ് ചെയ്യുമ്പോള്‍ വീടുണരുകയായി. ഇരിക്കാന്‍ രണ്ട് മരപ്പലക, ചോറ് വിളമ്പിയ സാനിന്‍റെ ഒരു വശത്ത് ബാപ്പയും മറുവശത്ത് ഞാനും. മണ്ണെണ്ണവിളക്കിന്‍റെ അരണ്ടവെളിച്ചത്തില്‍ റംസാന്‍ നിലാവായി ഉമ്മ നില്‍ക്കുന്നുണ്ട്. സുബഹി ബാങ്ക് എപ്പോഴാ വിളിക്കണതെന്നറിയില്ല, അതിനു മുന്പ് പെങ്ങന്മാര്‍ക്കും കൂടി ചോറ് കൊടുത്തിട്ട്, പതിയെ വരുന്ന ഉമ്മയുടെ കൈകളെയും കാത്തിരിക്കയാണ് ചോറ് കലം.

ഉമ്മ, പെരുന്നാളിന് മാസം കണ്ട് തക്ബീര്‍ ധ്വനികള്‍ മുഴക്കിപ്പോവുന്ന കുട്ടികളെയും നോക്കിയിരിപ്പാ. നോമ്പ് അവസാനിക്കുന്ന ദിവസം നനച്ചലച്ച് വൃത്തിയാക്കിയ വെള്ള മുണ്ടില്‍ അരിപ്പിടി ഉരുട്ടിയിടും. അരിപ്പിടി കൈവെള്ളയില്‍ വെച്ചുരുട്ടുന്നത് കാണാന്‍ നല്ല ചേലാണ്. അരി കണ്മഷിപോലെ അരച്ചെടുത്ത് പിടിഉരുട്ടി, അതില്‍ പഞ്ചസാരയും അധികം പഴുത്ത നേന്ത്രപ്പഴവും ചേര്‍ത്ത് പാകം ചെയ്ത് കഴിക്കുമ്പോള്‍ ഈദ് വരവായി. ഈദ് അറിയിക്കാന്‍ അന്ന് റേഡിയോ വീട്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടായിരുന്നില്ല.

അടുത്തവീട്ടില്‍ കപ്പലില്‍ ജോലിചെയ്യുന്നൊരു ഇക്കയുണ്ടായിരുന്നു. ബാപ്പയുടെ ചങ്ങായി, അദ്ദേഹമാണ് ആദ്യമായി ഞങ്ങള്‍ക്കൊരു ഒരു ടൈംപീസ്‌ തന്നത്. റഷ്യയില്‍ നിന്നും കൊണ്ടുവന്നതാണത്. ഒരു കപ്പിന്‍റെ വാവട്ടം,അതിന്‍റെ ചില്ലിനുള്ളില്‍ നാല് സൂചി. മൂന്നാം സൂചി ഏകാധിപതിയുടെ ഭരണത്തില്‍ നിലനില്‍പ്പിനായി മരണവീര്‍പ്പോടെ ഓടുന്ന ജനതയെപ്പോലെ നില്‍ക്കാതെ ഓടുകയാണ്. കനലെരിയുന്ന മനസ്സ് മെനഞ്ഞെടുക്കുന്ന കഥകളില്‍ ക്ലോക്കിനുമുണ്ടൊരു സ്ഥാനം. റഷ്യയിലെ സാറും ചക്രവര്‍ത്തിയായിരുന്നു. അദ്ദേഹത്തിന്‍റെ നാട്ടില്‍ നിന്നാണ് അതെന്റെ വീട്ടിലേക്ക് വന്നതും. ആ ടൈംപീസ്‌ കിട്ടിയപ്പോള്‍ അതിന്‍റെ പിറകിലായി എന്‍റെ കണ്ണ്, അലാറത്തിനൊരു കുഞ്ഞു സൂചി,അത് തിരിക്കാനൊരു കുന്ത്രാണ്ടം, അത്താഴത്തിന് മൂന്ന് മണിക്ക് അലാറം വെക്കാമെന്ന് ബാപ്പ, ആദ്യ ദിവസത്തെ മണിയടി കേട്ട് ഞെട്ടി എണീറ്റപ്പോള്‍ ഉറഞ്ഞാടുന്ന കോമരം പോലെ അര്‍ദ്ധരാത്രിയില്‍ അരികില്‍ വിറച്ചു കൊണ്ടിരിക്കുന്ന ടൈംപീസ്‌. സമയഭൂതത്തിന്‍റെ തലക്കൊരു കൊട്ട് വെച്ച് കൊടുത്തപ്പോള്‍ അത് ചലനമറ്റ് കിടന്നു.

വര്‍ഷങ്ങളങ്ങിനെ കടന്നുപോയി. കടല്‍ കടന്ന് ഒമേഗയും സിറ്റിസേന്‍ വാച്ചുമൊക്കെ വീടിന്‍റെ പടികയറി വന്നു. ചുവരില്‍ തീവണ്ടിയാപ്പീസില്‍ കാണുന്നത് പോലെയുള്ള വട്ടത്തിലുള്ള ക്ലോക്കുകള്‍ സ്ഥാനം പിടിച്ചു. പള്ളികളുടെ എണ്ണം കൂടി, ബാങ്ക് വിളി ഇപ്പോള്‍ കൃത്യമായി കേള്‍ക്കാം. അസര്‍ നിസ്കാരത്തിനു നിഴല്‍ നോക്കിയ ഉമ്മയുടെ കണ്ണുകള്‍ക്ക് പകരം ബാങ്ക് വിളികേള്‍ക്കാന്‍ കാതുകള്‍ ദൂരം പിടിക്കുന്നു. പെരുന്നാള്‍ മാസം അറിയിക്കുന്ന ആകാശവാണിപ്പെട്ടിയെ പിറന്നു വീണ മാലാഖയെപ്പോലെ ഞങ്ങള്‍ തുണിയില്‍ പൊതിഞ്ഞു കിടത്തിയിട്ടുണ്ട്. അടുക്കളയില്‍, അടുപ്പത്തിരിക്കുന്ന സേമിയാപായസത്തില്‍ കശുവണ്ടിപ്പരിപ്പ് ഗള്‍ഫിന്‍റെ അഹങ്കാരത്തോടെ പൊട്ടിച്ചിരിക്കുന്നത് കേള്‍ക്കാം.

ക്ലോക്കുകള്‍ നിതാന്തമായി തളരാതെ കറങ്ങി. വീടുകളില്‍
മനുഷ്യര്‍ കുറഞ്ഞും സംഘടനകള്‍ കൂടിയും വന്നു. ഒരുപാട് സംഘടനകളുള്ള ഏകദൈവം ഒരേ വീട്ടില്‍ ബാപ്പയും മകനും രണ്ട് വ്യത്യസ്ത ദിനങ്ങളില്‍ നോമ്പും പെരുന്നാളും എടുക്കുന്നതിന് മൂകസാക്ഷിയായി. മാസം കണ്ടുറപ്പിക്കുന്നതില്‍ ഇടയ്ക്കൊക്കെ തര്‍ക്കങ്ങളുണ്ടായി.

കപ്പല്‍ യാത്ര തുടങ്ങിയപ്പോഴാണ് സൂര്യചന്ദ്രന്മാരുടെ ഉദയവും അസ്തമയവും കൈവെള്ളയില്‍ കൂട്ടിനോക്കുന്ന സയന്റിഫിക് നാവിഗേഷന്‍ കാല്‍കുലേറ്റര്‍ ഞാന്‍ കാണുന്നത്. അല്മനാക് എന്ന വലിയ കിതാബ് നോക്കി കണക്ക് കൂട്ടുന്ന രീതിയും കപ്പലുകാര്‍ ഉപേക്ഷിചിട്ട് വര്‍ഷങ്ങളാവുന്നു. പി സി സൈറ്റ് മാസ്റ്ററും,സ്കൈമേറ്റും ആകാശത്തെ കമ്പ്യൂട്ടറില്‍ കാണിച്ചു തന്നു തുടങ്ങിയിട്ട് വര്ഷം ഏറെയായി. ഗ്രഹങ്ങളുടെട ഉദയാസ്തമയവും അതിന്‍റെ പാഥേയവും ഒരു മൌസ് ക്ലിക്കില്‍ നമ്മുടെ മുന്‍പിലിരിക്കുകയാണിപ്പോള്‍. അടുത്ത പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്ക് അപ്പുറവുമുള്ള വിവരങ്ങള്‍ ഒരു സെക്കണ്ടില്‍ കണ്ടറിയാം.

പാകിസ്താന്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പെരുന്നാള്‍ തിയ്യതികള്‍ ഇപ്പോഴേ പ്രഖ്യാപിച്ചിരിക്കുന്നെന്ന്‍ ഇന്നലത്തെ അറബി പത്രത്തില്‍ വായിച്ചപ്പോള്‍, മനസ്സ്, സമയം പെരുമ്പറമുഴക്കിയ കാലത്തേക്ക് കിതച്ചുപായുകയായിരുന്നു.
അവരുടെ സയന്‍സ് ആന്‍ഡ്‌ ടെക്നോളജി മന്ത്രി ഫഹാദ്‌ ഹുസ്സയിന്‍ പാകിസ്ഥാനിലെ ആദ്യത്തെ ലൂണാര്‍ കലണ്ടറും ഒഫീഷ്യല്‍ മൂണ്‍ സൈറ്റിംഗ് വെബ്സൈറ്റും ഉദ്ഘാടനം ചെയ്തതോടൊപ്പം ആഗസ്ത് മാസം സയന്‍സ് ആന്‍ഡ് ടെക്നോളജി മാസമായി ആചരിക്കുന്നതായും ജനങ്ങളെ അറിയിച്ചു.

സമയം അറിവിലേക്ക് നടന്നു നീങ്ങിയപ്പോള്‍ അത്താഴം ബാവ ചരിത്രമായി, സമയം ഒരന്തകനാണ്. ഏകനൊന്തം ഇന്നില്ല, അത് നിരപ്പായിപ്പോയിരിക്കുന്നു. ബാങ്ക് കൊടുത്തോന്നും പറഞ്ഞു ഓടിപ്പോവാന്‍ മക്കളില്ലാതായി. അതിന്‍റെ ആവശ്യമില്ലാതായി അറക്കിലാടെ കതിനാവെടി നിലച്ചിട്ട് കാലമേറെയായി. ഉമ്മയും ബാപ്പയും ഇന്നില്ല, അവരും മണ്‍മറഞ്ഞുപോയി. അസര്‍നിസ്കരിക്കാന്‍ ഉമ്മ നിഴല്‍നോക്കി നിന്ന കല്‍പ്പടവുകളടക്കം തറവാട് ഇടിച്ചുപൊളിച്ചുകളഞ്ഞിരിക്കുന്നു. അത് ഇടിഞ്ഞു പൊളിഞ്ഞു കല്ലും മണ്ണുമായി നിലംപതിയുമ്പോള്‍ ഞാന്‍ തന്നെയാണ് അതിന്‍റെ ഓരോ തരിയിലും തകര്‍ന്നു വീഴുന്നതെന്ന് നോക്കിക്കണ്ടതായിരുന്നു ഏറ്റവും വലിയ സങ്കടം

കൈവെള്ളയില്‍ എഴുതിയ ഇന്നലെകളുടെ കഥകള്‍ മാഞ്ഞുപോയി,,,

പലതും സമയം എടുത്തോണ്ട്പോയി…..
.
ഇന്ന്,
ബാക്കിയാവുന്നത് ഇത്രമാത്രം.

“”ട്യേ അയിശുവേ, ന്‍റെ മോനിതാ ഇബടെ
സമയം വിയുങ്ങാന്‍ കാത്തിരിക്കുന്ന്””

കാതില്‍,,
മൈലാഞ്ചിക്കാട്ടില്‍ നിന്ന് ഖബര്‍ തുറന്ന് പുറത്ത് വരുന്ന ഉമ്മാമയുടെ ശബ്ദം.

കണ്ണില്‍,,, ഇരിക്കാൻ രണ്ട് മരപ്പലക, ചോറ് വിളമ്പിയ സാനിന്‍റെ ഒരു വശത്ത് ബാപ്പയും മറുവശത്ത് ഞാനും. മണ്ണെണ്ണവിളക്കിന്‍റെ അരണ്ടവെളിച്ചത്തില്‍ റംസാന്‍ നിലാവായി ഉമ്മ ഇപ്പോഴും ഒരു സാനില്‍ നിന്ന് ചോറ് വാരി തിന്നുന്ന ബാപ്പയെയും മകനെയും നോക്കിനില്‍ക്കുന്നത് കാണാം.