സഭയ്ക്കകത്ത് കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു; ലൈംഗിക പീഡനം നടത്തുന്ന പുരോഹിതരും ബിഷപ്പുമാരുമുണ്ട്; തുറന്നു പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍: കത്തോലിക്ക സഭയ്ക്കകത്ത് കന്യാസ്ത്രീകള്‍ക്കെതിരെ ലൈംഗിക പീഡനങ്ങള്‍ നടക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ബിഷപ്പുമാര്‍ അടക്കമുള്ള പുരോഹിതന്മാര്‍ കന്യാസ്ത്രീകളെ പീഡനത്തിനിരയാക്കുകയും ലൈംഗിക അടിമകളാക്കുകയും ചെയ്തിട്ടുണ്ട്. ഇതാദ്യമായിട്ടാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സഭയ്ക്കകത്തെ കന്യാസ്ത്രീ പീഡനത്തെക്കുറിച്ച് പ്രതികരിക്കുന്നത്.

എല്ലാവരും അത് ചെയ്യുന്നുവെന്നല്ല പക്ഷേ അങ്ങനെ ചെയ്ത പുരോഹിതന്മാരും ബിഷപ്പുമാരും ഉണ്ട്. അത് നമ്മള്‍ കരുതുന്നത് പോലെ അവസാനിക്കുന്നില്ല, കുറച്ചു കാലമായി അതില്‍ എന്തുചെയ്യാമെന്ന് പരിശോധിക്കുകയാണ്. പീഡനങ്ങള്‍ തടയാന്‍ പരിശ്രമിക്കേണ്ടതായിട്ടുണ്ട്. അതിനായുള്ള കരുത്ത് സഭയ്ക്കുണ്ടെന്നും അത് തുടങ്ങിക്കഴിഞ്ഞെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കിക്കൊണ്ട് കേരള കത്തോലിക്കാസഭ പെരുമാറ്റ ചട്ടം പുറത്തിറക്കിയ അന്നു തന്നെയാണ് ലോക കത്തോലിക്ക സഭാ അധ്യക്ഷന്‍ കന്യാസ്ത്രീ പീഡനങ്ങള്‍ തടയാന്‍ ഇനിയും പരിശ്രമിക്കേണ്ടതുണ്ടെന്ന് നിര്‍ദേശിച്ചത്.

യുഎഇ സന്ദര്‍ശനം കഴിഞ്ഞ് റോമിലേക്ക് തിരിച്ച് പോകുന്നതിന് മുന്‍പായി പത്രപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സഭയ്ക്കകത്ത് പീഡനങ്ങള്‍ നടക്കുന്നുവെന്ന ആരോപണങ്ങള്‍ ശരിവച്ചത്. സഭയ്ക്കകത്ത് കന്യാസ്ത്രീകള്‍ നേരിടുന്ന ലൈംഗിക പീഡനത്തെക്കുറിച്ച് വത്തിക്കാന്‍ വനിതാ മാഗസിന്‍ കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.