സഭയില്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനം; കെ.മുരളീധരന്‍ തീര്‍ത്തത് ഒരു പഴയ കണക്ക്

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സഭയിലെ അഭാവം മുഖ്യപ്രശ്നമാക്കി മാറ്റി കെ.മുരളീധരന്‍ അച്ഛന്റെ പേരിലുള്ള ഒരു പഴയ കണക്ക് തീര്‍ക്കുന്നതിനു ഇന്നു സഭാ തലം വേദിയായി. ചരിത്രത്തിന്റെ ഒരു തനിയാവര്‍ത്തനമായി അത് മാറുകയും ചെയ്തു.

അന്ന് സഭയിലെ അഭാവം കാരണം അമ്പ് കൊണ്ടത് യുഡിഎഫ് മുഖ്യമന്ത്രിയായ ലീഡര്‍ കെ.കരുണാകരന് ആയിരുന്നെങ്കില്‍ ആ അമ്പ് ഇന്ന് കൊണ്ടത് ഇടതു മുഖ്യമന്ത്രിയായ പിണറായി വിജയനാണ് എന്ന മാറ്റം മാത്രം. ഇത് ചരിത്രത്തിന്റെ ഒരു തിരിച്ചടികൂടിയായി മാറുകയും ചെയ്തു.

സഭ സമ്മേളിച്ചിരിക്കെ മുഖ്യമന്ത്രി എവിടെയെന്ന് ചോദിച്ചാണ് നിയമസഭയില്‍ ഇന്നു പ്രതിപക്ഷം ബഹളം വെച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലാണ്. സിപിഎം കേന്ദ്രകമ്മറ്റി യോഗമുണ്ട്. ഒപ്പം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ഇന്നു കൂടിക്കാഴ്ച നടത്തുന്നുമുണ്ട്. ഇന്നു ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കൂടിക്കാഴ്ച.

പക്ഷെ കഴിഞ്ഞ മൂന്നു ദിവസമായി മുഖ്യമന്ത്രി സഭയിലില്ല. മുഖ്യമന്ത്രിയുടെ അഭാവം പ്രകടമാണ്. പക്ഷെ ഇന്നത്തെ സിപിഎം കേന്ദ്രകമ്മറ്റിയോഗം ആയുധമാക്കിയാണ് പ്രതിപക്ഷം സഭയില്‍ ആഞ്ഞടിച്ചത്. മുഖ്യമന്ത്രി എവിടെ? പ്രശ്നം സഭയില്‍ ഉന്നയിച്ചത് കെ.മുരളീധരനാണ്.

മുഖ്യമന്ത്രിയുടെ അഭാവം ഉയര്‍ത്തിക്കാട്ടിയാണ് മുരളീധരന്‍ ആഞ്ഞടിച്ചത്. ലീഡര്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ കെ.കരുണാകരന്‍ നടത്തിയ ഒരു രഹസ്യ മുംബൈ യാത്രയുടെ പേരിലാണ് അന്നത്തെ പ്രതിപക്ഷം ആഞ്ഞടിച്ചത് . അന്ന് മുഖ്യമന്ത്രിയായ കരുണാകരന്റെ അഭാവം ചൂണ്ടിക്കാട്ടി സഭയില്‍ അന്നത്തെ ഭരണപക്ഷത്തെ ഈ ഇടതുപക്ഷം മുള്‍മുനയില്‍ നിര്‍ത്തി.

കെ.കരുണാകരന്റെ മകന്‍ കൂടിയായ കെ.മുരളീധരനാണ് അന്നത്തെ ഇടത് തിരിച്ചടിയ്ക്ക് ഇന്നു സഭയില്‍ അതേ രീതിയില്‍ മറുപടി നല്‍കിയത്. മുഖ്യമന്ത്രി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് സ്പീക്കര്‍ അറിയിച്ചു. അക്കാര്യം സഭയെ അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. .

സിഐടിയു സമ്മേളനത്തിനും കേന്ദ്രകമ്മിറ്റിക്കുമുള്ള പ്രാധാന്യം സഭയ്ക്കില്ലേയെന്ന് കെ.മുരളീധരന്‍ തിരിച്ചു ചോദിച്ചു. നരേന്ദ്ര മോദിയെ പോലെയാണ് മുഖ്യമന്ത്രിയെന്നു സഭയില്‍ ആരോപണം ഉന്നയിക്കുകയും ചെയ്തു. . മുഖ്യമന്ത്രി നിയമസഭയെ ബഹുമാനിക്കുന്നില്ലെന്നും ശരം എയ്തു. കെ.മുരളീധരന്‍ കണക്ക് തീര്‍ക്കുകയായിരുന്നു.

ലീഡര്‍ കരുണാകരന് എതിരെ ഇടതുപക്ഷം സഭയില്‍ ഉന്നയിച്ച ആരോപണമാണ് മുരളി തിരിച്ച് എയ്തത്. അത് ഒരു പക്ഷെ ചരിത്രത്തിന്റെ ആവര്‍ത്തനം കൂടിയാണ്. 1982-87 മന്ത്രിസഭയുടെ കാലം. കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ കാലത്താണ് മുഖ്യമന്ത്രിയായ കരുണാകരന്‍ ആരെയും അറിയിക്കാതെ സഭ നടക്കുന്ന വേളയില്‍ യാത്ര നടത്തിയത്.

ഭരണപക്ഷത്തെ പലര്‍ക്കും ഈ യാത്രയെക്കുറിച്ച് ഗ്രാഹ്യമുണ്ടായിരുന്നില്ല. സഭയെ അറിയിച്ചിട്ടും ഉണ്ടായിരുന്നില്ല. . സഭയ്ക്ക് അറിയണം. മുഖ്യമന്ത്രി എവിടെപ്പോയെന്ന്. ഇത് സഭയോടുള്ള അനാദരവാണ്. അന്നത്തെ പ്രതിപക്ഷനേതാവ് ഇ.കെ.നായനാരുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ആഞ്ഞടിച്ചു.

ഭരണപക്ഷം വിഷമത്തിലായി. ഭരണപക്ഷത്തെ കൂടുതല്‍ വിഷമിക്കാതെ അടുത്ത തിരുവനന്തപുരം വിമാനത്തില്‍ തന്നെ മുഖ്യമന്ത്രി കരുണാകരന്‍ തിരിച്ചെത്തി. ആ യാത്രയുടെ രഹസ്യത്തിന്റെ കെട്ട് കരുണാകരന്‍ അഴിച്ചതേയില്ല. കരുണാകരന്‍ ഉടന്‍ തിരിച്ചെത്തും എന്നല്ലാതെ എവിടെയെന്നു അന്ന് സഭ അറിഞ്ഞില്ല.

ലീഡര്‍ ആ വിവരം പറയുകയും ചെയ്തില്ല.മുഖ്യമന്ത്രി കരുണാകരന്റെ സഭാ വേളയിലെ ആ യാത്രയിലെ രഹസ്യാത്മകത പക്ഷെ സഭയില്‍ നിലനില്‍ക്കുക തന്നെ ചെയ്തു. അടിയന്തിരമായി മുഖ്യമന്ത്രി തിരിച്ചെത്തുകകൂടി ചെയ്തതോടെ വിവാദം താത്കാലികമായി അമരുകയും ചെയ്തു.

അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. പ്രതിപക്ഷം കരുണാകരന്റെ വിവാദ യാത്ര മറന്നെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ മറന്നിരുന്നില്ല. ഇന്ദിരാഗാന്ധി കേരളത്തില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഇന്ദിരയ്ക്ക് മുന്നില്‍ ചോദ്യത്തിന്റെ കെട്ടഴിച്ചു. അന്നത്തെ ലീഡറുടെ ആ വിവാദയാത്ര എന്തിനു വേണ്ടിയായിരുന്നു?

മാധ്യമ പ്രവര്ത്തകര്‍ ആ ചോദ്യം ഉതിര്‍ക്കുമ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്ക്കൊപ്പം മുഖ്യമന്ത്രി കരുണാകരന്‍ കൂടിയുണ്ടായിരുന്നു. കരുണാകരനെ ഒന്ന് നോക്കിയശേഷം ഇന്ദിരാഗാന്ധി പ്രതികരിച്ചു. എന്റെ ഒരു കാര്യത്തിനു വേണ്ടി ഞാന്‍ കരുണാകരനെ അയക്കുകയായിരുന്നു.

ഒപ്പമുള്ള നേതാവിനെ എങ്ങിനെ സംരക്ഷിക്കണം എന്ന് ഉത്തമ ബോധ്യമുണ്ടായിരുന്ന ഇന്ദിരാഗാന്ധി ലീഡര്‍ക്ക് ഒരു നേതാവും നല്‍കാത്ത കരുതല്‍ തന്നെ നല്‍കി സുരക്ഷിതമായി നിര്‍ത്തി. ഇന്ദിരയുടെ ആ മറുപടിയില്‍ മാധ്യമപ്രവര്‍ത്തകരും നിശബ്ദരായി.

അന്നത്തെ മുഖ്യമന്ത്രിയുടെ മകന്‍ ഇന്നു സഭയില്‍ അന്നത്തെ പ്രതിപക്ഷത്തെ സമാന പ്രശ്നത്തില്‍ മുള്‍മുനയില്‍ നിര്‍ത്തുന്നു. സഭാ തലം പ്രക്ഷുബ്ദമാക്കുന്നു. ഒരു മറുപടി നല്കാന്‍ കഴിയാതെ ഇന്നത്തെ ഭരണപക്ഷവും താത്കാലത്തെക്കെങ്കിലും പ്രതിരോധത്തിലാകുന്നു.

മുഖ്യമന്ത്രിയുടെ അഭാവത്തെ ഇന്നു കെ.മുരളീധരന്‍ ചോദ്യശരങ്ങള്‍ കൊണ്ട് സഭാതലത്തില്‍ വീര്‍പ്പ്മുട്ടിച്ചപ്പോള്‍ ഒരു വാക്ക് കൂടി പ്രയോഗിച്ചു. മുഖ്യമന്ത്രി പിണറായി മോദിയെ പോലെയാണെന്ന്. ഏകാധിപതിയാണെന്ന്. ഈ വിശേഷണം ഇന്ദിരാഗാന്ധിയെ വിശേഷിപ്പിക്കാന്‍ അന്നത്തെ രാഷ്ട്രീയ നേതാക്കള്‍ പ്രയോഗിച്ചതാണ്.

ഇന്ദിരയ്ക്ക് ഉണ്ടായിരുന്ന ആ വിശേഷണം കടമെടുത്ത് കെ.മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ എയ്യുമ്പോള്‍ ആ അമ്പ് രണ്ടു ലക്ഷ്യങ്ങളില്‍ ഒരേ സമയം  പതിക്കുകയും ചെയ്യുന്നു.പിണറായി- നരേന്ദ്രമോദി എന്ന രണ്ടു ലക്ഷ്യങ്ങളില്‍. മുരളീധരന്‍ പഴയ ഒരു കണക്ക് അച്ഛന്റെ പേരിലുള്ള കണക്ക് ഇന്നു തീര്‍ക്കുകയാണ് ചെയ്തത്. കാവ്യനീതിപോലെയുള്ള ഈ  പക വീട്ടലില്‍ ഭരണപക്ഷം തതക്കാലത്തേങ്കിലും നിശബ്ദരായി മാറുന്നു.