സബ് കളക്ടറെ ആക്ഷേപിച്ചിട്ടില്ല; വാക്കുകള്‍ വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറെന്ന്‌ എസ് രാജേന്ദ്രന്‍ എംഎല്‍എ

മൂന്നാര്‍: ദേവികുളം സബ് കലക്ടറെ അധിക്ഷേപിച്ച സംഭവത്തില്‍ ഖേദ പ്രകടനത്തിന് തയ്യാറെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ. സബ് കലക്ടറെ താന്‍ ആക്ഷേപിച്ചിട്ടില്ല. തന്റെ വാക്കുകള്‍ അവരെ വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി.

പരസ്പര വിപരീതമായ പെരുമാറ്റമായിരുന്നു സബ് കലക്ടറിന്റേത്. താന്‍ പറയുന്നത് എംഎല്‍എ കേട്ടാല്‍ മതി എന്നൊക്കെ രേണു രാജ് പറഞ്ഞു. അവര്‍ തന്നെയും അധിക്ഷേപിച്ചു. ആക്ഷേപം എന്നതിലുപരി ഒരു സര്‍ക്കാര്‍ പരിപാടി നടപ്പിലാക്കാന്‍ പറ്റില്ല എന്ന് ഒരു സബ് കലക്ടര്‍ പറയുമ്പോള്‍ മൂന്നാറില്‍ മറ്റ് പരിപാടികളൊന്നും നടത്താന്‍ പറ്റാത്ത അവസ്ഥയാകും.ഐഎഎസ് ഉദ്യാഗസ്ഥരെ ബഹുമാനിക്കുന്ന ആളാണ് താന്‍. തെറ്റ് ചെയ്‌തോ ഇല്ലയോ എന്നൊക്കെ പിന്നെ ചര്‍ച്ച ചെയ്യാം. പാര്‍ട്ടി വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കുമെന്നും രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു.

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ തീരത്ത് പഞ്ചായത്ത് നിര്‍മിക്കുന്ന കെട്ടിടത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ് എസ് രാജേന്ദ്രനെ പ്രകോപിപ്പിച്ചത്. സ്റ്റോപ്പ് മെമ്മോ അവഗണിച്ച്‌ തുടര്‍ന്ന നിര്‍മാണം റവന്യൂ ഉദ്യോഗസ്ഥരെത്തി തടഞ്ഞതോടെ സബ് കലക്ടറെ ആക്ഷേപ വാക്കുകളോടെ എംഎല്‍എ ശകാരിക്കുകയായിരുന്നു.