സന്ദേശങ്ങളെ അവയുടെ ഉറവിടത്തിലേക്ക് പിന്തുടരണമെന്ന് സര്‍ക്കാര്‍; ഒന്നും ചെയ്യാനാകില്ലെന്ന് വാട്‌സ് ആപ്പ്

ഡല്‍ഹി: വാട്‌സാപ്പ് സന്ദേശങ്ങളെ അവയുടെ ഉറവിടത്തിലേക്ക് പിന്തുടരാന്‍ കഴിയണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും രംഗത്തെത്തി. നിലവിലെ എന്‍ക്രിപ്ഷന്‍ സംവിധാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഷെയര്‍ ചെയ്യുന്ന മെസ്സേജുകള്‍ കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനം ഒരുക്കണമെന്നാണ് സര്‍ക്കാര്‍ വാട്‌സാപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2018 മുതലാണ് വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വാട്‌സാപ്പിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങിയത്. ഈ സമ്മര്‍ദ്ദം ശക്തമായപ്പോള്‍ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുകയും പത്ര മാധ്യമങ്ങളില്‍ ബോധവല്‍ക്കരണ പരസ്യം നല്‍കുകയുമാണ് വാട്‌സാപ്പ് ചെയ്തത്. ഇതിനപ്പുറം ഒന്നും ചെയ്യാനാകില്ലെന്നും എന്‍ക്രിപ്ഷന്‍ സംവിധാനത്തെ ഇല്ലാതാക്കാതെ സന്ദേശങ്ങളെ അവയുടെ ഉറവിടത്തിലേക്ക് പിന്തുടരാന്‍ ആകില്ലെന്നും വാട്‌സാപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു

എന്നാല്‍ സംശയകരമായ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തേണ്ട സാഹചര്യം വരുമ്പോള്‍ അതിന് കഴിയണമെന്ന് മാത്രമാണ് അവശ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്‍ക്രിപ്ഷന്‍ സംവിധാനത്തെ അപ്പാടെ ഇല്ലാതാക്കാതെ ഇത് സാധ്യമല്ലെന്ന നിലപാടിലാണ് വാട്‌സാപ്പ്. നിലവില്‍ ഉപയോക്താക്കള്‍ തമ്മില്‍ കൈമാറുന്ന സന്ദേശങ്ങള്‍ വാട്‌സാപ്പിന് പോലും വായിക്കാന്‍ കഴിയില്ലെന്നാണ് കമ്പനി നിലപാട്. ഇക്കാര്യത്തില്‍ പുതുതായി ഒന്നു പറയാനില്ലെന്ന് വാട്‌സാപ്പ് വ്യക്തമാക്കി.