സത്യപ്രതിജ്ഞ ചെയ്ത നാള്‍ തന്നെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളി യെദ്യൂരപ്പ

ബംഗളുരു: മുഖ്യമന്ത്രിയായി അധികാരമേറ്റ ദിവസം തന്നെ ജനപ്രിയ തീരുമാനവുമായി ബി.എസ് യെദ്യൂരപ്പ. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഒരു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെയാണ് കര്‍ണാടകയുടെ ഇരുപത്തിനാലാമത് മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ സുപ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നത്. ആ വാഗ്ദാനമാണ് ആദ്യമന്ത്രസഭാ യോഗത്തില്‍ തന്നെ യെദ്യൂരപ്പ നടപ്പിലാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ കര്‍ഷകരോടുള്ള പാര്‍ട്ടിയുടെയും തന്റെയും പ്രതിബദ്ധത വെളിപ്പെടുത്തുന്നതിനുള്ള നടപടികളാണ് സത്യപ്രതിജ്ഞാ ചടങ്ങ് മുതല്‍ യെദ്യൂരപ്പ സ്വീകരിച്ചത്. കര്‍ഷക നാമത്തിലായിരുന്നു യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത്. കര്‍ഷകരോടുള്ള ആദര സൂചകമായി പച്ചഷാള്‍ പുതച്ചായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയതും. കര്‍ഷകരുടെ മുഖ്യമന്ത്രിയാണ് താനെന്ന് ചൂണ്ടിക്കാട്ടുന്നതിനായിരുന്നു ഇത് എന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസും ജെഡിഎസും അധാര്‍മികമായ സഖ്യത്തിലൂടെ ഭരണം കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുകയാണെന്ന് യെദ്യൂരപ്പ കുറ്റപ്പെടുത്തി. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും ബിജെപി സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികച്ച് ഭരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.