സത്യം പറഞ്ഞില്ലെങ്കിൽ ബാപ്പ പട്ടിയിറച്ചി തിന്നും, പറഞ്ഞാലോ ഉമ്മയ്ക്ക് തല്ല് കിട്ടുകയും ചെയ്യും

അനൂപ്. സി. ബി

“സത്യം പറഞ്ഞില്ലെങ്കിൽ ബാപ്പ പട്ടിയിറച്ചി തിന്നും, സത്യം പറഞ്ഞാലോ ഉമ്മയ്ക്ക് തല്ല് കിട്ടുകയും ചെയ്യും” എന്ന് പറഞ്ഞത് പോലെയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും മകന്റെയും അവസ്ഥ. അയ്യപ്പജ്യോതിക്കൊപ്പം നിന്നാൽ പിണറായി പഴയ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് പൊടി തട്ടി പുറത്തെടുക്കും. വനിതാ മതിലിനൊപ്പം നിന്നാലോ അയ്യപ്പഭക്തരായ സമുദായംഗങ്ങൾ പിണങ്ങുകയും ചെയ്യും ഇതാണ് വെള്ളാപ്പള്ളിയെയും, മകനെയും ധർമ്മ സങ്കടത്തിലാക്കിയത്. അയ്യപ്പജ്യോതി നടന്നപ്പോൾ എൻഡിഎ കൺവീനർ കൂടിയായ തുഷാർ വെള്ളാപ്പള്ളിയടക്കമുള്ള ചില ബിഡിജെഎസ് നേതാക്കൾ വിട്ടു നിന്നു. ഇതോടെ ബിജെപി നേതൃത്വം വെള്ളാപ്പള്ളിയുമായി പിണങ്ങുകയും ചെയ്തു. ബിഡിജെഎസ് വിട്ടു നിന്നതിനെപ്പറ്റി അവരോട് തന്നെ ചോദിക്കണമെന്ന് പറഞ്ഞാണ് ബിജെപി സംസ്ഥാന അധ്യക്ഷനായ അഡ്വ. ശ്രീധരൻ പിള്ള തന്റെ നീരസം പ്രകടിപ്പിച്ചത്. അയ്യപ്പ ഭക്തരായ സമുദായാംഗങ്ങളെയും ബിഡിജെഎസ് അയ്യപ്പജ്യോതിയിൽ നിന്ന് വിട്ടു നിന്നത് അസംതൃപ്തരാക്കി. ഇതറിഞ്ഞ വെള്ളാപ്പള്ളി തങ്ങൾ ബിഡിജെഎസ്സിലുള്ള ആരോടും അയ്യപ്പജ്യോതിയിൽ നിന്ന് വിട്ട് നിൽക്കാൻ നിർദ്ദേശിച്ചിട്ടില്ല എന്ന പ്രസ്താവനയുമായാണ് പ്രശ്നം മയപ്പെടുത്താൻ ശ്രമിക്കുന്നത്. എന്നാൽ വനിത മതിലിന്റെ കാര്യത്തിൽ ഈ ‘ഉരുണ്ടു കളി’ നടക്കില്ലെന്ന് ഇപ്പോഴേ ഇടത്പക്ഷം വെള്ളാപ്പള്ളിക്ക് വ്യക്തമായ സൂചനകൾ കൊടുത്തിട്ടുണ്ട്.

കാലം എത്രയൊക്കെ തന്നെ പുരോഗമിച്ചാലും നമ്മുടെ വോട്ട് ബാങ്കിനെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകങ്ങൾ മതവും, സമുദായവുമാണെന്നത് പരസ്യമായ രഹസ്യമാണ്. അങ്ങനെ നോക്കുമ്പോൾ കേരളത്തിലെ വോട്ട് ബാങ്കിൽ ഏറ്റവുമധികം സ്വാധീനം ചെലുത്താൻ കഴിയുന്നതും അംഗബലത്തിൽ മറ്റേത് സമുദായത്തെക്കാളും കേരളത്തിൽ മുന്നിലുള്ള ഈഴവ സമുദായത്തിനുമാണ്. പക്ഷെ തന്റെ വ്യക്തിപരമായ താത്പര്യങ്ങൾ സമുദായത്തിനും മുകളിൽ ഉയർത്തിപ്പിടിക്കുന്ന വെള്ളാപ്പള്ളിക്കും, മകനും ഇന്നേ വരെ ഒരു തിരഞ്ഞെടുപ്പിലും ഈഴവസമുദായത്തെ വ്യക്തമായ നിർദ്ദേശങ്ങൾ നൽകി ഒരു പക്ഷത്തേക്ക് നയിക്കാൻ കഴിഞ്ഞിട്ടില്ല.എസ്.എൻ.ഡി.പി എന്ന പശുവിനെ ഏത് ആലയിൽ കൊണ്ട് പോയി കെട്ടണമെന്നറിയാതെ നടക്കുകയാണ് വെള്ളാപ്പള്ളിയും മകനും. സ്ഥാപക നേതാവായ ശ്രീ നാരായണഗുരുവിനെത്തന്നെ പുകച്ചു പുറത്തു ചാടിച്ചതാണ് എസ്.എൻ.ഡി.പിയുടെ ചരിത്രം. ആ സാമുദായിക സംഘടനയുടെ മുൻനിരയിൽ കസേരയിട്ടിരിക്കാൻ വെള്ളാപ്പള്ളിയും മകനും ഒട്ടനവധി പേരെ ഒതുക്കിയിട്ടുണ്ട്. സ്വാമി ശാശ്വിതീകാനന്ദയുടെ മരണത്തിലടക്കം വെള്ളാപ്പള്ളിയുടെയും, മകന്റെയും പേര് ഉയർന്നു കേട്ടതുമാണ്. എന്നാൽ എല്ലാം തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വെള്ളാപ്പള്ളി ഒതുക്കി.ഗോകുലം ഗോപാലനെ പോലുള്ളവരെ പിൻ നിരയിലാക്കി. തന്റെ സ്ഥാനം ഭദ്രവുമാക്കി.

.

പിന്നാക്ക വികസന കോര്‍പ്പറേഷനിൽ നിന്നും വ്യവസ്ഥകൾ ലംഘിച്ചു 2003 മുതൽ 2014 വരെ 15 .85 കോടി നൽകിയതിനെക്കുറിച്ചു ഉയർന്ന മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് വെള്ളാപ്പള്ളിയുടെയും, മകന്റെയും മേൽ അശനിപാതം പോലെയാണ് പതിച്ചത്.കൊല്ലം എസ് എന്‍ കോളജ് ജൂബിലി ഫണ്ട് തട്ടിപ്പ് കൂടി പുറത്തായതോടെ കൂനിന്മേൽ കുരു എന്ന അവസ്ഥയിലായി നടേശൻ മുതലാളിയും,കുടുബവും. കേസ് റദ്ദാക്കാൻ വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയും, മകനെ രണ്ടാം പ്രതിയുമാക്കി അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അതു കൂടാതെ എസ് എന്‍ കോളജുകളില്‍ അഡ്മിഷന്‍ നടത്തി കോഴ വാങ്ങിയതിന് വിജിലന്‍സ് വെള്ളാപ്പള്ളി നടേശനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്ന് ശുപാര്‍ശ ചെയ്തിരിന്നു. മൂവായിരത്തോളം നിയമനത്തിന് കോടിക്കണക്കിന് രൂപയാണ് കോഴവാങ്ങിയതായി ആരോപണം ഉയർന്നത്. കഴിഞ്ഞ 22 വര്‍ഷമായി സമുദായത്തിന്റെ രണ്ടായിരത്തിലധികം കോടി രൂപ വെള്ളാപ്പള്ളിയും കുടുംബവും കൂടി കൈക്കലാക്കിയിട്ടുണ്ടെന്ന് എസ് എന്‍ ഡി പി യോഗം സംരക്ഷണ സമിതി ആരോപിച്ചിരുന്നു. കേന്ദ്രവും, കേരളവും കോൺഗ്രസ്സ് ഭരിച്ചിരുന്ന സമയത്ത്‌ വെള്ളാപ്പള്ളിയും, മകനും അവരോടൊപ്പമായിരുന്നു. പിന്നീട് ബിജെപി കേന്ദ്രത്തിൽ എത്തിയപ്പോൾ ബിഡിജെഎസുമായി എൻഡിഎ മുന്നണിയിൽ കയറിക്കൂടി. അതേ സമയം തന്നെ വിജിലൻസ് കയ്യിലുള്ള പിണറായിയേയും പിണക്കിയില്ല. ഇങ്ങനെയൊക്കെയാണ് വെള്ളാപ്പള്ളി മൈക്രോ ഫിനാൻസ് തട്ടിപ്പ് മയപ്പെടുത്തിയത്.

വനിത മതിൽ പിണറായിയെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നമായി മാറിയിരിക്കുകയാണ്. എൻ.എസ്. എസുമായി ഉടക്കിയതോടെ സാമുദായികമായ പിന്തുണയിൽ വലിയ ഇടിവുണ്ടായി. ഇനി എസ്.എൻ.ഡി.പിയെ എങ്കിലും കൂടെ നിർത്തുക എന്നതാണ് തന്ത്രം. സെൻ കുമാറിനെയും, ജേക്കബ് തോമസിനെയും എന്ന് വേണ്ട, എതിരാളികൾക്കൊക്കെ പണി കൊടുക്കാൻ പഴയ കേസുകൾ പൊടി തട്ടിയെടുക്കുന്ന പിണറായി, താൻ അയ്യപ്പജ്യോതിക്ക് പോയാൽ മൈക്രോ ഫിനാൻസ് കേസും പൊടി തട്ടിയെടുക്കും എന്ന് ഉത്തമബോധ്യമുള്ള വെള്ളാപ്പള്ളി ഇനി തീക്കളിക്ക് നിൽക്കില്ല. വനിത മതിലിന് പോകാൻ താൻ അണികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇപ്പോഴേ പറഞ്ഞു കഴിഞ്ഞു. കേന്ദ്രത്തിൽ മോദി താഴെയിറങ്ങാനുള്ള ലക്ഷണങ്ങൾ കണ്ടു തുടങ്ങിയ സ്ഥിതിക്ക് ഇനി ആ ബാന്ധവം വേണ്ട എന്ന് തന്നെയാണ് അച്ഛന്റെയും, മകന്റെയും തീരുമാനം. പാർട്ടികൾ മാറിയും, മുന്നണികളിൽ നിന്ന് മുന്നണികളിലേക്ക് ചാടിയും ശീലിച്ച തത്വദീക്ഷയില്ലാത്ത ഈ അച്ഛനും, മകനും എസ്.എൻ.ഡി.പി എന്ന പശുവിനെ അടുത്ത കാലത്തൊന്നും ഒരു ആലയിലും സ്ഥിരമായി കൊണ്ട് പോയി കെട്ടാതെ യാത്ര തുടരുക തന്നെ ചെയ്യും. മതിലായാലും, ചുവരായാലും ഒന്നും ഇവർക്ക് പ്രശ്നമല്ല. കാരണം കോടികളുടെ അഴിമതിക്കേസുകൾ തലയ്ക്ക് മുകളിൽ ഡെമോക്ലീസിന്റെ വാളായി തൂങ്ങിക്കിടക്കുകയാണ്.