സണ്‍റെസേഴ്‌സിന് 11 റണ്‍സ് ജയം; പോയിന്റ് പട്ടികയില്‍ ഒന്നാമത്‌

ജയ്പുര്‍: രാജസ്ഥാനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സിന് 11 റണ്‍സിന്റെ വിജയം. ഈ ജയത്തോടെ സീസണിലെ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കിയ സണ്‍റൈസേഴ്‌സ് വീണ്ടും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ടോസ് നേട് ബാറ്റിങ് തെരഞ്ഞെടുത്ത സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റിന് 151 റണ്‍സെടുക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ 140 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ബൗളര്‍മാരുടെ പ്രകടനമാണ് സണ്‍റൈസേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണായങ്ക പങ്ക് വഹിച്ചത്.

മലയാളി താരം ബേസില്‍ തമ്പി എറിഞ്ഞ അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 21 റണ്‍സ് വേണമായിരുന്നെങ്കിലും, ഒമ്പത് റണ്‍സ് നേടാനെ രാജസ്ഥധാന് സാധിച്ചുള്ളൂ. ഓപ്പണറായിറങ്ങിയ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 65 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. സഞ്ജു സാംസണ്‍ 30 പന്തില്‍ 40 റണ്‍സെടുത്ത് പുറത്തായി. ഏഴ് മല്‍സരങ്ങളില്‍ നിന്ന് ആറ് പോയിന്റുള്ള രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

152 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന് തുടക്കം തന്നെ പതറി. ഓപ്പണര്‍ രാഹുല്‍ ത്രിപാഠിയെ സ്‌കോര്‍ ബോര്‍ഡില്‍ 13 റണ്‍സ് മാത്രമുള്ളപ്പൊ തന്നെ നഷ്ടമാവുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഞ്ജു-രഹാനെ സഖ്യം പ്രതീക്ഷ നല്‍കിയെങ്കിലും സഞ്ജുവിനെ പുറത്താക്കിയ സിദ്ധര്‍ഥ് കൗള്‍ തിരിച്ചടിച്ചു.

30 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 40 റണ്‍സെടുത്ത സഞ്ജുവിനെ അലക്‌സ് ഹെയില്‍സാണ് ക്യാച്ചെടുത്തു പുറത്താക്കിയത്. പിന്നീട് വന്നവരാര്‍ക്കും നിലയുറപ്പിക്കാനാകാതെ പോയതാണ് രാജസ്ഥാന് തിരിച്ചടിയായത്.

ബെന്‍ സ്റ്റോക്‌സ് (മൂന്നു പന്തില്‍ പൂജ്യം), ജോസ് ബട്ലര്‍ (11 പന്തില്‍ 10), മഹിപാല്‍ ലോംറോര്‍ (12 പന്തില്‍ 11), കൃഷ്ണപ്പ ഗൗതം (അഞ്ചു പന്തില്‍ എട്ട്) എന്നിങ്ങനെയാണ് മറ്റ് രാജസ്ഥാന്‍ താരങ്ങളുടെ പ്രകടനം. ജോഫ്ര ആര്‍ച്ചര്‍ ഒരു റണ്ണോടെ രഹാനെയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.

നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത സന്ദീപ് ശര്‍മയുടെ പ്രകടനം സണ്‍റൈസേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായി. സിദ്ധാര്‍ഥ് കൗള്‍ നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.