സംസ്ഥാന സര്‍ക്കാരിന്റെ ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുള്ള വന്ധ്യതാ ചികിത്സയ്ക്കുള്ള ജനനി പദ്ധതിക്ക് ദേശീയ പ്രശംസ

തിരുവനന്തപുരം:വന്ധ്യതാ ചികിത്സയ്ക്കുള്ള ജനനി പദ്ധതിക്ക് ദേശീയ പ്രശംസ സംസ്ഥാന സര്‍ക്കാരിന്റെ ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുള്ള വന്ധ്യതയ്ക്കുള്ള ഹോമിയോപ്പതി ചികിത്സയായ ജനനി പദ്ധതിക്ക് ദേശീയ പ്രശംസ.

പാര്‍ലമെന്റിലെ ഇക്കണോമിക് റിവ്യൂ റിപ്പോര്‍ട്ടില്‍ ആയുഷ് ചികിത്സയുമായി ബന്ധപ്പെട്ട് ജനനി പദ്ധതി മാത്രമാണ് പരാമര്‍ശിക്കപ്പെട്ടത്. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ കേരളത്തില്‍ നടപ്പിലാക്കിയ ജനനി പദ്ധതിയുടെ വന്‍വിജയം മാതൃകയാണെന്നാണ് കേന്ദ്ര ആയുഷ് വകുപ്പ് അറിയിച്ചിരിക്കുന്നത്. വന്ധ്യതാ ചികിത്സാ രംഗത്ത് ഹോമിയോപ്പതി വകുപ്പ് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

പല ചികിത്സകളും ചെയ്ത് നിരാശരായ ദമ്പതികള്‍ക്ക് ആശ്വാസമായാണ് ചെലവ് കുറഞ്ഞതും ഫലപ്രദവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ഹോമിയോപ്പതിയുടെ ജനനി പദ്ധതിയ്ക്ക് രൂപം നല്‍കിയത്. ആദ്യകാലത്ത് കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയിലാരംഭിച്ച വന്ധ്യത ചികിത്സാ ഒ.പി. വിപുലീകരിച്ച് 2017ല്‍ ജനനി സെന്ററാക്കി മാറ്റി. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് ജനനി പദ്ധതി സംസ്ഥാന വ്യാപകമാക്കി നടപ്പാക്കിയത്. ഇന്ന് എല്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ജനനി പദ്ധതി ലഭ്യമാണ്.
2019-20 ലെ വാര്‍ഷിക പദ്ധതിയില്‍ ജനനി പദ്ധതിയുടെ നടത്തിപ്പിനായി ബഡ്ജറ്റില്‍ 125 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ജനനി പദ്ധതി വിപുലമാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജനനി കേന്ദ്രത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് പുതിയ ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.