സംസ്ഥാനത്ത് കനത്തമഴ തുടരുന്നു; പെരുവണ്ണാമൂഴി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

തിരുവനന്തപുരം:  സംസ്ഥാനത്ത്  കനത്തമഴ തുടരുന്നു. വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍കോട്  ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

അന്‍പതു കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.  തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളില്‍  ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.

പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 3.7 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി.

മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്‌ ജൂലൈ 22 ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി ജൂലൈ 22-ന് അവധിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണ്. കാസര്‍കോട്, കോഴിക്കോട്, കണ്ണൂർ, കോട്ടയം ജില്ലകളിൽ മാത്രമാണ് ഇന്ന് അവധിയുള്ളത്.