സംസ്ഥാനത്താകെ കനത്ത മഴ ; മൂന്നാറിൽ വെള്ളപ്പൊക്കം

ഇടുക്കി : മൂന്നാറില്‍ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം. റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. നിരവധി വീടുകളിലും വാഹനങ്ങളിലും വെള്ളം കയറി. ഇരവികുളം റോഡിലെ പെരിയവര പാലം തകര്‍ന്ന് മറയൂര്‍ മേഖല ഒറ്റപ്പെട്ടു.

മണികണ്ഠന്‍ ചാല്‍ വെള്ളത്തില്‍ മുങ്ങിയ കോതമംഗലം ജവഹര്‍ കോളനിയിലും വെള്ളപ്പൊക്കം ഉണ്ടായി. പീരുമേട് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയില്‍ പലയിടത്തും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

വടക്കന്‍ കേരളത്തിലും കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്ത്രതിലും വെള്ളം കയറി. മലപ്പുറം നിലമ്പൂര്‍ ടൗണില്‍ വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു. ചാലിയാറും വളപട്ടണം പുഴയും കരകവിഞ്ഞ് ഒഴുകുകയാണ്. കക്കയം ഡാം സൈറ്റ് റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പൊലീസ്, കെഎസ്‌ഇബി, വനം ജീവനക്കാര്‍ ഒറ്റപ്പെട്ടു.

സംസ്ഥാനത്തെ നദികളില്‍ ജല നിരപ്പ് ഉയരുകയാണ്. ഇതേത്തുടര്‍ന്ന് നദീതിരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്താകെ നിരവധി നഷ്ട്ടങ്ങളാണ് റിപ്പോട്ട് ചെയ്യുന്നത്.