സംസ്ഥാനങ്ങളെ ഞെരുക്കുന്ന ബജറ്റെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം> കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയുടെ സമ്ബത്ത്ഘടന താഴേയ്ക്കാണെന്നും, നിക്ഷേപം ദേശീയ വരുമാനത്തിന്റെ 35 ശതമാനമായിട്ടെങ്കിലും ഉയര്‍ത്താന്‍ പറ്റണമെന്ന ബജറ്റ് പ്രസംഗത്തിലെ കേന്ദ്ര ധനമന്ത്രിയുടെ വാക്കുകളാണ് അതിനുള്ള പ്രത്യക്ഷ തെളിവെന്നും ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

39 ശതമാനമായിരുന്നു നമ്മുടെ നിക്ഷേപം. ഇപ്പോഴത് 29 ശതമാനമാണ്. നിക്ഷേപം കുറയുമ്ബോള്‍ എങ്ങനെയാണ് സമ്ബത്ത്ഘടന വളരുക എന്നതാണ് അടിസ്ഥാനപരമായ ചോദ്യമെന്നും തോമസ് ഐസക്ക് പറഞ്ഞു. ഈ ബജറ്റിന്റെ പ്രതീക്ഷ വലിയ തോതില്‍ വിദേശ മൂലധനത്തെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നുള്ളതാണ്. വിദേശമൂലധനത്തെ ആശ്രയിച്ചുകൊണ്ട് ഇന്നത്തെ മാന്ദ്യത്തില്‍ നിന്നും കരകയറാം എന്നതാണ് കാഴ്ചപ്പാട്. എന്നാല്‍ ഇത്തരത്തില്‍ വിദേശ മൂലധനത്തെ ആകര്‍ഷിക്കണമെങ്കില്‍ ധനക്കമ്മി ഉയരാന്‍ പാടില്ല. ഇന്ത്യാ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നിക്ഷേപം വര്‍ധിപ്പിച്ച്‌ സമ്ബത്ത്ഘടനയെ ഉയര്‍ത്തുക എന്ന സമീപനമല്ല ഇവിടെ സ്വീകരിച്ചിരിക്കുന്നത്; മറിച്ച്‌ വളരെ യാഥാസ്ഥിതികമായ സമീപനം കൈകക്കൊണ്ട് വിദേശമൂലധനത്തിന്റെ വിശ്വാസമാര്‍ജിച്ച്‌ അത് ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് കേന്ദ്രം ബജറ്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 

പ്രധാന വരുമാന മാര്‍ഗമായി കണ്ടിട്ടുള്ളത് ഓഹരി വിറ്റഴിക്കലാണ്. 1.05 ലക്ഷം കോടിയുടെ ഓഹരി വില്‍ക്കാനാണ് പരിപാടി. ഇത് സര്‍വകാല റെക്കോര്‍ഡാണ്. റെയില്‍വേയിലും സ്വകാര്യവത്കരണ നടപടിയാണ്. ബ്രിട്ടണ്‍ ഇത് തുടങ്ങിയതാണ്. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. 51 ശതമാനത്തിനപ്പുറം ഓഹരി വില്‍ക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഏറ്റവും പ്രതിലോമ നടപടി പെട്രോളിനും ഡീസലിനും വില കൂട്ടിയതാണെന്നും ഐസക്ക് ചൂണ്ടിക്കാട്ടി
.
സംസ്ഥാനങ്ങളെ ഞെരുക്കുന്ന ബജറ്റാണിത്. കോര്‍ സെക്ടര്‍ പദ്ധതികള്‍ക്ക് കഴിഞ്ഞ തവണയുള്ള തുകമാത്രമെ ഇപ്പോഴുമുള്ളു. തൊഴിലുറപ്പിന് കഴിഞ്ഞ തവണ 61,000 കോടിയാണുണ്ടായിരുന്നത്. ഇത്തവണ 60,000 കോടിയാണ്. സോഷ്യല്‍ സെക്ടറില്‍ കഴിഞ്ഞ തവണത്തെ ബജറ്റിനപ്പുറം പോയിട്ടില്ല. വിലക്കയറ്റം കൂടിയ സാഹചര്യത്തില്‍ തുക നല്‍കിയിരിക്കുന്നത്‌ കുറഞ്ഞിരിക്കുകയാണ്.

കേരളത്തെ സംബന്ധിച്ച്‌ സമ്ബൂര്‍ണ നിരാശയാണ്.കാര്‍ഷിക മേഖലയില്‍ കൃഷിക്കാര്‍ക്കുള്ള 6000 രൂപ മാറ്റിനിര്‍ത്തിയാല്‍ എല്ലാകാര്യങ്ങളിലും കുറവാണുണ്ടായിരിക്കുന്നത്. ഈ സമീപനം തികച്ചും പ്രതിഷേധാര്‍ഹമാണെന്നും തോമസ് ഐസക്ക് പറഞ്ഞു.