സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി

കൊച്ചി: സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി. സെന്‍റ് തെരേസാസ് കോളജ് അധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. വര്‍ഷങ്ങള്‍ നീണ്ട പ്രണയമാണ് ലളിതമായ വിവാഹ ചടങ്ങില്‍ സഫലമായത്. നടന്‍ ദിലീപ്, കലാഭവന്‍ ഷാജോണ്‍, ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ ആയിരുന്നു വിവാഹ ചടങ്ങുകള്‍. തുടര്‍ന്ന് കുണ്ടന്നൂര്‍ ക്രൗണ്‍ പ്ലാസയില്‍ വിവാഹസത്ക്കാരം നടത്തും. സിനിമാ മേഖലയിലുള്ളവര്‍ക്കായി അടുത്ത തിങ്കളാഴ്ചയാണ് വിരുന്നൊരുക്കിയിരിക്കുന്നത്. അരുണ്‍ ഗോപി ആദ്യമായി സംവിധാനം ചെയ്ത ദിലീപ് ചിത്രമായിരുന്നു രാമലീല.