സംഘപരിവാര്‍ സംഘടനകള്‍ വീണ്ടുമൊരു രഥയാത്രയ്ക്ക് കോപ്പുകൂട്ടുമ്പോള്‍…


എ.പി.രാഗിന്ദ്‌

രാജ്യം കണ്ട എറ്റവും വലിയ വര്‍ഗീയ കലാപങ്ങളിലൊന്നിന് വഴിവെച്ച 1990ലെ കുപ്രസിദ്ധമായ രഥയാത്രയ്ക്ക് ശേഷം സംഘപരിവാര്‍ സംഘടനകള്‍ വീണ്ടും മറ്റൊരു രഥയാത്രയ്ക്ക് കോപ്പുകൂട്ടുകയാണ്. കഴിഞ്ഞ മൂന്നര വര്‍ഷക്കാലത്തെ നരേന്ദ്ര മോദി ഭരണം രാജ്യത്ത് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള അതിക്രമങ്ങള്‍ എറ്റവും കൂടുതല്‍ വര്‍ദ്ധിച്ച കാലഘട്ടമായിരുന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ പലതും ഭൂരിപക്ഷ വര്‍ഗീയ സംഘടനകളുടെ അതിക്രമങ്ങളില്‍ പൊറുതിമുട്ടി, രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടന്ന വര്‍ഗീയ കലാപങ്ങളില്‍ പതിനായിരക്കണക്കിന് സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമായി. ബി.ജെ.പി അധികാരത്തിലിരിക്കുന്ന പല സംസ്ഥാനങ്ങളിലും ഭരണ സംവിധാനവും ജനപ്രതിനിധികളും വര്‍ഗീയ പരാമര്‍ശങ്ങള്‍ ഇടതടവില്ലാതെ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന പരിതസ്ഥിതിയിലാണ് അയോധ്യ മുതല്‍ രാമേശ്വരം വരെ രണ്ടാം രഥയാത്രയുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വരുന്നത്.

രാജ്യത്ത് ഉയര്‍ന്ന് വരുന്ന പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധന, രാജ്യത്ത് അവശ്യ സാധനങ്ങള്‍ക്ക് അനുദിനമുണ്ടാവുന്ന വില വര്‍ദ്ധന, ജി.എസ്.ടി, കോര്‍പ്പറേറ്റ് വത്കരണം തുടങ്ങിയവ സാധാരണ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്. നോട്ട് നിരോധനം കാരണം രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്ഥികള്‍ തുച്ഛ വിലയ്ക്ക് വന്‍തോതില്‍ വിറ്റഴിക്കുകയാണ്.  കഴിഞ്ഞ പൊതു ബജറ്റില്‍ പോലും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പോന്ന പ്രഖ്യാപനങ്ങളൊന്നും മുന്നോട്ട് വെയ്ക്കാന്‍
കഴിയാത്തതിന്റെ ജാള്യതയിലുമാണ് ബി.ജെ.പി.

ഇതിനെല്ലാം പുറമെ സംഘപരിവാര്‍ സംഘടനള്‍ക്കകത്തും ബി.ജെ.പിയിലും നേതൃത്വത്തിനെതിരെ കലാപക്കൊടിയുമായി ഒരു വിഭാഗം രംഗത്ത് വന്നിരിക്കുകയാണ്. മുതിര്‍ന്ന സംഘപരിവാര്‍ നേതാവ് പ്രവീണ്‍ തൊഗാഡിയ അഭിപ്രായ വ്യത്യാസം പരസ്യമായി പ്രകടിപ്പിക്കുന്നു. പതിറ്റാണ്ടുകള്‍ നീണ്ട സഖ്യം ശിവസേന അവസാനിപ്പിക്കുന്നു. അഴിമതികളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ എല്ലാ കാലത്തും വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും അക്രമങ്ങള്‍ അഴിച്ചുവിടാനും തന്നെയാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിച്ചിട്ടുള്ളത്. അയോധ്യ മുതല്‍ രാമേശ്വരം വരെയുള്ള യാത്ര കടന്നുപോകുന്ന മിക്ക സംസ്ഥാനങ്ങളും സംഘപരിവാര്‍ സംഘടനകള്‍ക്ക് വന്‍തോതില്‍ സ്വാധീനമുള്ള പ്രദേശങ്ങളാണെന്ന യാഥാര്‍ത്ഥ്യം കൂടി മനസിലാക്കിയാല്‍ ഈ രഥയാത്രയെ നിസാരമായി നോക്കിക്കാണാന്‍  കഴിയില്ല.