സംഘകാല പാണ്ഡ്യ നാണയങ്ങൾ (പെരു വഴുതി നാണയങ്ങൾ)

ബോബിൻ. ജെ. മണ്ണനാൽ

ദക്ഷിണേന്ത്യയുടെ പുരാതനചരിത്രത്തിലെ ഏറ്റവും മഹത്തായ കാലഘട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘകാലത്തിൽ( 3rd century BC_3rd century AD.) മധുര ഉള്‍പ്പെടെയുള്ള തമിഴകത്ത് ഭരണം നടത്തിയ രാജവംശമായിരുന്നു ആദ്യ കാല പാണ്ഡ്യൻമാർ. ഇവരുടെ രാജ്യം കലഭദ്രന്മാരുടെ ആക്രമണത്തോടെ നാമാവശേഷമായിപ്പോയെങ്കിലും
ബി. സി ആറാം നൂറ്റാണ്ടോടെ പാണ്ഡ്യൻമാരുടെ മറ്റൊരു പരമ്പര ഭരണം കൈവശപ്പെടുത്തി. അതുകൊണ്ടുതന്നെ സംഘകാല പാണ്ഡ്യ വംശത്തെ ആദ്യകാല പാണ്ഡ്യൻമാരെന്നാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്.

സംഘസാഹിത്യ കൃതികളിലും നാണയങ്ങളിലും ഇവരെക്കുറിച്ചു ധാരാളം പരാമര്‍ശങ്ങളുണ്ടെങ്കിലും രാജാക്കന്മാരുടെ ഭരണ കാലക്രമത്തെക്കുറിച്ചോ, ഭരണ കാലയളവിനെക്കുറിച്ചോ കൃത്യമായ വിവരങ്ങളില്ല. എങ്കിലും ലഭ്യമായ അറിവുകൾ വെച്ച് ഈ കാലഘട്ടത്തിന്റെ ചരിത്രം വീണ്ടെടുക്കുന്നതിൽ ചരിത്രകാരന്മാർ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്.

സംഘകാല പാണ്ഡ്യ രാജാക്കന്മാരിൽ പലരും’ പെരുവഴുതി’
എന്ന സ്ഥാനപ്പേര് സ്വീകരിച്ചിരുന്നതായി കാണാം. സംഘസാഹിത്യ കൃതികളിൽ പരാമർശിച്ചു കാണുന്ന പാൽ യാഗശാലൈ മുതുകുടുമി പെരുവഴുതി, ഉഗ്ര പെരുവഴുതി, വെളിയംപലത്ത് തുഞ്ചിയ പെരുവഴുതി, ഇളം പെരുവഴുതി എന്നിവരിൽ ഏറ്റവും ആദ്യം ഭരണം നടത്തിയ രാജാവ് പാൽ യാഗശാലൈ മുതുകുടുമി പെരുവഴുതി ആണെന്ന് കരുതുന്നു.

തന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇദ്ദേഹം അനേകം യാഗങ്ങൾ നടത്തിയിട്ടുണ്ട്.

പാൽ യാഗശാലൈ പെരുവഴുതിയുടെ കാലത്ത് അടിച്ചിറക്കിയ വിവിധ നാണയങ്ങൾ മധുരയ്ക്കടുത്ത പ്രദേശങ്ങളിൽ നിന്ന് ഉദ്ഘനനത്തിലൂടെ കണ്ടെടുത്തിട്ടുണ്ട്. ബി സി 200 ൽ അടിച്ചിറക്കിയ ഈ നാണയങ്ങളിൽ തമിഴ്ബ്രഹ്മി ലിപിയിൽ ‘പെരുവഴുതി’എന്ന് എഴുതിയിട്ടുണ്ട്. അശ്വമേധയാഗങ്ങളുടെ പ്രതീകമായ യാഗാശ്വത്തെയും, പാണ്ഡ്യ വംശത്തിന്റെ രാജകീയ ചിഹ്നമായ മത്സ്യത്തെയും ഈ നാണയങ്ങളിൽ ചിത്രീകരിച്ചിട്ടുണ്ട്.

പെരുവഴുതി നാണയശ്രേണിയിൽ പെട്ട അപൂര്‍വ്വമായ നാണയങ്ങളിൽ ഒന്നിന്റെ ചിത്രമാണ് താഴെ കാണുന്നത്.
4.68ഗ്രാം തൂക്കമുള്ള ഈ ചെമ്പ് നാണയത്തിന്റെ മുഖവശത്ത് യാഗാശ്വത്തെയും, അതിനു മുകളിലായി ബ്രഹ്മി ലിപിയിൽ പെരുവഴുതി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അശ്വത്തിന്റെ മുഖത്തിനു താഴെ രണ്ട് ആമകളെയും കാണാം.
നാണയത്തിന്റെ മറുഭാഗത്ത് അടയാളപ്പെടുത്തിയിരുന്ന പാണ്ഡ്യ ചിഹ്നമായ ചിഹ്നമായ മത്സ്യത്തിന്റെ രൂപം മാഞ്ഞു പോയ നിലയിലാണ് ഉള്ളത്.

ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു നാണയമാണ് ഇത്.