ഷുഹൈബ് വധം: സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും


കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ വധത്തില്‍ സിബിഐ അന്വേഷത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും, അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ അമരേന്ദ്ര ശരണാണ് ഹാജരാകുന്നത്.

ഷുഹൈബിന്റെ കൊലപാതകത്തില്‍ പൊലീസ് വളരെ കാര്യക്ഷമമായി അന്വേഷണം നടത്തുന്നതിനിടെ കേസ് സിബിഐയ്ക്ക് നല്‍കണമെന്നുള്ള സിംഗിള്‍ ബെഞ്ചിന്റെ വിധി അസാധാരണമാണെന്നാണ് സര്‍ക്കാര്‍ വാദം.

പൊലീസ് അന്വേഷണത്തില്‍ ഭയമുണ്ടെന്ന ഹര്‍ജിക്കാരുടെ പരാതിയെ വൈകാരികമായി സിംഗിള്‍ ബെഞ്ച് സ്വീകരിച്ചതാണ് കേസ് സിബിഐ വിടാന്‍ കാരണമായതെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു.

ജസ്റ്റിസ് കമാല്‍ പാഷയാണ് കേസ് സിബിഐ വിടണമെന്ന് ഉത്തരവിട്ടത്. തിരുനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണം സിബിഐ ഏല്‍പ്പിക്കണമെന്ന ഷുഹൈബിന്റെ മാതാപിതാക്കളുടെ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് കേരളാ പൊലീസിന് നേരെ രൂക്ഷവിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. സിബിഐയുടെ അന്വേഷണത്തില്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ടാകണമെന്ന് ബെഞ്ച് അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ മറികടന്നുള്ള ബെഞ്ചിന്റെ വിധിക്കെതിരെയാണ് ഇപ്പോള്‍ വീണ്ടും സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.