ഷുഹൈബ് വധം ആയുധമാക്കി പി.ജയരാജനെതിരെ സിപിഎമ്മില്‍ പടയൊരുക്കം

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഇന്ന് സിപിഎം സംസ്ഥാനം സമ്മേളനം തൃശൂരില്‍ ആരംഭിച്ചിരിക്കെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെയുള്ള പടയൊരുക്കം ശക്തം. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച മന്ത്രി എ.കെ.ബാലന്റെ വാക്കുകള്‍ തന്നെ ജയരാജനെതിരെയുള്ള പടയൊരുക്കമായി വ്യാഖ്യാനിക്കപ്പെടുന്നു.

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിനു സര്‍ക്കാര്‍ സന്നദ്ധമാണെന്നാണ് കോണ്‍ഗ്രസ് ബഹിഷ്ക്കരിച്ച സമാധാന യോഗത്തില്‍ എ.കെ.ബാലന്‍ പറഞ്ഞത്. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമെന്നത് കോണ്‍ഗ്രസിന്റെ ആവശ്യമാണ്‌. ഫലത്തില്‍ അത് അംഗീകരിച്ചുകൊടുക്കുകയായിരുന്നു സര്‍ക്കാര്‍.

കോണ്‍ഗ്രസ് സി ബി ഐ അന്വേഷണം ആവശ്യപ്പെടും മുമ്പ് തന്നെ ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തെ പൊലീസ്‌ എതിര്‍ക്കില്ലെന്ന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ വ്യക്തമാക്കിയിരുന്നു.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരിക്കെ സിബിഐ അന്വേഷണത്തെ പൊലീസ് എതിര്‍ക്കില്ലെന്ന ഡിജിപിയുടെ വാക്കുളുടെ രാഷ്ട്രീയ മാനം വലുതാണ്.

മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായിയെ ഭരിക്കാന്‍ അനുവദിക്കാതെ കണ്ണൂര്‍ കേന്ദ്രീകരിച്ച് പി.ജയരാജന്‍ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളാണ്‌ ഷുഹൈബ് വധത്തില്‍ കലാശിച്ചതെന്ന് സിപിഎമ്മിനുള്ളില്‍ തന്നെ അഭിപ്രായമുണ്ട്. ഈ അഭിപ്രായമാണ് ജയരാജനെതിരായ നീക്കങ്ങളായി ശക്തിപ്പെടുന്നത്.

സംസ്ഥാന സമ്മേളനത്തിന് പിന്നാലെ ജയരാജനെതിരെ പാര്‍ട്ടി തലത്തില്‍ ശക്തമായ നടപടികള്‍ വരുമെന്നാണ് സൂചന. ഒന്നുകില്‍ സംസ്ഥാന സെക്രട്ടറിയാവുക അല്ലെങ്കില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമെങ്കിലും ആവുക എന്നതാണ് ജയരാജന്റെ ലക്ഷ്യമെന്ന് പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ സംസാരമുണ്ട്.

അതുകൊണ്ട് തന്നെയാണ് പ്രതിച്ഛായ വിവാദത്തില്‍ കുരുക്കി ജയരാജനെ ആദ്യം തന്നെ നിലം പരിശാക്കാന്‍ ചിലര്‍ ലക്ഷ്യമിടുന്നത്. ഈ വിവാദത്തില്‍ കുരുക്കി ജയരാജനെ ദുര്‍ബലമാക്കിയാണ് വീണ്ടും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദവി അദ്ദേഹത്തിന് തന്നെ നല്‍കിയത്. ആദ്യം വെടി നിര്‍ത്തല്‍ സൂചന നല്‍കിയ ജയരാജന്‍ നിശബ്ദനാകും എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ കരുതിയിരിക്കെയാണ് ഷുഹൈബ് വധത്തോടെ അദ്ദേഹം പാര്‍ട്ടിയെ വീണ്ടും പ്രതിസന്ധിയിലാക്കിയത്.

പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമുള്ള ജയരാജന്റെ മറുപടിയാണ് ഷുഹൈബിന്റെ വധമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വിലയിരുത്തുന്നു.
നിരന്തരം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച്‌
ജയരാജന്‍ ഭരിക്കാന്‍ അനുവദിക്കാത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം തന്നെ നീരസം പ്രകടമാക്കിയിരുന്നു.

ജയരാജന്റെ നീക്കങ്ങളെ വെട്ടാനാണ് ഒരു നിര്‍ണായക ഘട്ടത്തില്‍ ഉന്നത ബിജെപി നേതാക്കളെ മുഖ്യമന്ത്രി രഹസ്യമായി വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയത്. ഇപ്പോള്‍ ഷുഹൈബ് വധത്തോടെ ജയരാജന് പൂര്‍ണമായി മൂക്ക് കയറിടാനാണ് സിപിഎം നീക്കം. സിബിഐ അന്വേഷണം അതിനുള്ള വഴിയാവുകയും ചെയ്യും.

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വന്നാല്‍ ആദ്യം കുരുക്കിലാവുക പി.ജയരാജനാകും. കാരണം ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അറസ്റ്റിലുള്ള ആകാശ് തില്ലങ്കേരിക്ക് പി.ജയരാജനുമായുള്ള അടുപ്പം വ്യക്തമാണ്. ഒരു പടികൂടി കടന്നു ആകാശ് തില്ലങ്കേരി പാര്‍ട്ടി അംഗമാണെന്നാണ് ഇന്നലെ പി.ജയരാജന്‍ പറഞ്ഞത്. പാര്‍ട്ടി അംഗം ഉള്‍പ്പെട്ട രാഷ്ട്രീയ കൊലപാതക കേസില്‍ അന്വേഷണം വന്നാല്‍ അത് മൊത്തം പാര്‍ട്ടിയ്ക്ക് എതിരായാണ് വരിക.

കണ്ണൂരിലെ സിപിഎം എന്ന് പറഞ്ഞാല്‍ പി.ജയരാജനാണ്. സിബിഐ അന്വേഷണം തുടങ്ങുന്നത് തന്നെ സിപിഎമ്മിന് ഈ കാര്യത്തിലുള്ള ബന്ധം അടിസ്ഥാനമാക്കിയാവും. അന്വേഷണം ജയരാജന് നേരെ തിരിയും. നിലവില്‍ സിബിഐ അന്വേഷിക്കുന്ന രണ്ടു രാഷ്ട്രീയ കൊലപാതക കേസുകളില്‍ പ്രതിയാണ് ജയരാജന്‍.

അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ പി.ജയരാജന്‍ പ്രതിയാണ്. അത് കൂടാതെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആര്‍എംപി നേതാവും ടിപിയുടെ ഭാര്യയുമായ രമ നല്‍കിയ ഹര്‍ജി ഹൈക്കോടതിയിലുമുണ്ട്. സ്ഥിതി ഇതായിരിക്കെ ഷുഹൈബ് വധക്കേസിലും കൂടി ജയരാജനെതിരെ സിബിഐ അന്വേഷണം വന്നാല്‍ അദ്ദേഹം പൂര്‍ണമായും
പ്രതിരോധത്തിലാകും.

ഷുഹൈബ് വധത്തിലൂടെ ജയരാജന്‍ നല്‍കിയ തിരിച്ചടിയെ സി ബി ഐ അന്വേഷണമെന്ന പ്രതിരോധത്തിലൂടെ മറികടക്കാനാണ് പിണറായി ശ്രമിക്കുന്നത്.
സംസ്ഥാന സമ്മേളനം കഴിയുന്നതോടെ ജയരാജന് എതിരായ നടപടികള്‍ക്ക് തുടക്കമാകും എന്നാണ്‌ സിപിഎമ്മിനുള്ളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.