ഷുക്കൂര്‍ വധക്കേസ്; സിബിഐയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി, കുറ്റപത്രം സമര്‍പ്പിച്ച സിബിഐയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

കണ്ണൂരിലെ ആക്രമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഉന്നതര്‍ക്കും പങ്കുണ്ടെന്നാണ് മുല്ലപ്പള്ളി ആരോപിച്ചിരിക്കുന്നത്. ഗുണ്ടാസംഘങ്ങളെ വളര്‍ത്തുന്നത് സിപിഎമ്മാണെന്നും ടി.പി ചന്ദ്രശേഖരന്‍ വധകേസും സിബിഐ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

സിബിഐ അന്വേഷിച്ചാല്‍ ടി പി വധക്കേസിലും ഉന്നത സിപിഎം നേതാക്കള്‍ ഇരുമ്ബഴിക്കുള്ളിലാവുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കോളിളക്കം സൃഷ്ടിച്ച ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനെതിരെയും ടി.വി. രാജേഷ് എം.എല്‍.എക്കെതിരെയും കൊലക്കുറ്റം ചുമത്തിയിരുന്നു.

ഇവര്‍ക്കെതിരെ ഗൂഢാലോചനാ കേസും ചുമത്തിയിട്ടുണ്ട്. തലശ്ശേരി കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കൊലക്കുറ്റവും ഗൂഢാലോചനാക്കുറ്റവും ചുമത്തിയത്.

കേസില്‍ ജയരാജന്‍ 32ാം പ്രതിയും രാജേഷ് 33ാം പ്രതിയുമാണ്. സി.ബി.ഐ എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. നേരത്തെ എറണാകുളം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം തലശേരി കോടതിയിലേക്ക് മാറ്റിയിരുന്നു.

കണ്ണൂരിലെ തളിപ്പറമ്ബ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ (24) എന്ന യുവാവിനെ 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച്‌ കൊലപ്പെടുത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

സംഭവ ദിവസം പട്ടുവത്ത് വെച്ച്‌ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, കല്ല്യാശ്ശേരി എം.എല്‍.എ ടി.വി.രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനു പ്രതികാരമായിട്ടാണ് ഷുക്കൂര്‍ വധിക്കപ്പെട്ടത് എന്നാണ് പൊലീസ് ആരോപിച്ചത്. രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന നിലയില്‍ ഈ കേസ് വലിയതോതില്‍ പൊതുജനശ്രദ്ധ നേടുകയുണ്ടായി.

ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷമാണ് മാതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.