ഷുക്കൂര്‍ വധം: വിചാരണ സിബിഐ കോടതിയിലേക്ക് മാറ്റി

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസ് വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി. സിബിഐയുടെ അപേക്ഷ അംഗീകരിച്ച്‌ ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. തലശ്ശേരി സെഷന്‍സ് കോടതിയിലെ വിചാരണ നടപടികളാണ് എറണാകുളത്തേക്ക് മാറ്റിയത്. നേരത്തെ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം തലശ്ശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസില്‍ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടിവി രാജേഷ് എംഎല്‍എയും അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന അനുബന്ധ കുറ്റപത്രം തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സിബിഐ സമര്‍പ്പിച്ചിരുന്നത്.

എംഎസ്‌എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്ബിന് സമീപത്തുള്ള പട്ടുവത്ത് വച്ച്‌ തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ചെറുകുന്ന് കീഴറയില്‍ വച്ചാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.

പി ജയരാജനും ടിവി രാജേഷിനുമെതിരെ കൊലക്കുറ്റം ചുമത്തിയാണ് സിബിഐ കുറ്റപത്രം നല്‍കിയത്. വാഹനം ആക്രമിക്കപ്പെട്ട ശേഷം പി ജയരാജനും ടി വി രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയില്‍ വച്ചാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം. തളിപ്പറമ്ബ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കള്‍ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.