ഷിബുവും അസീസും എൽഡിഎഫിലേക്ക്, പ്രേമചന്ദ്രൻ ബിജെപിയിലേക്കോ?; ആർ എസ് പി നേരിടുന്ന പ്രതിസന്ധികൾ

സഞ്ജയന്‍

ലോക്സഭാ തെരഞ്ഞെടുപ്പ് ഏറ്റവും ആശങ്കയിലാക്കിയിരിക്കുന്നത് ആർ എസ് പിയെ ആണ്. ഫലം എന്തു തന്നെയായാലും ആർ എസ് പിയിൽ പൊട്ടിത്തെറികൾ ഉറപ്പെന്നാണ് സൂചനകൾ. കൊല്ലത്ത് മുപ്പതിനായിരത്തോളം വോട്ടിന് പ്രേമചന്ദ്രൻ പരാജയപ്പെടും എന്ന്
ആർ എസ് പി രഹസ്യമായി വിലയിരുത്തി എന്നാണ് 24 കേരളയ്ക്ക് ലഭിച്ച വിവരം. പ്രേമചന്ദ്രനെതിരെ കടുത്ത രോഷമാണ് പാർട്ടി പ്രവർത്തകർക്കുള്ളത്. ബിജെപിയുമായുള്ള പരസ്യ ബാന്ധവം കാരണം ന്യൂനപക്ഷ വോട്ടുകൾ പൂർണ്ണമായും എൽ ഡി എഫിലേക്ക് പോയി എന്ന കണക്കുകൂട്ടൽ പല ആർ എസ് പി നേതാക്കളും പങ്കു വയ്ക്കുന്നു. ഇടതുമുന്നണിയിലേക്ക് ആർ എസ് പി തിരിച്ചു പോകണം എന്ന അഭിപ്രായം ആണ് അസീസും ഷിബു ബേബി ജോണും ഉൾപ്പെടെ യുള്ള നേതാക്കൾക്ക് ഉള്ളത്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഷിബു ബേബി ജോണും സിപിഐഎം നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഷിബു ബേബി ജോണും പിണറായി വിജയനും തമ്മിലുള്ള നല്ല ബന്ധത്തിൽ പ്രേമചന്ദ്രൻ പണ്ടു മുതലേ അസ്വസ്ഥനുമാണ്. ചവറയിൽ നടന്ന നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉത്ഘാടനത്തിൽ ഷിബു ബേബി ജോണിന്റെ ഭരണ മികവിനെ പിണറായി വാഴ്ത്തിയതും ഷിബു മുഖ്യമന്ത്രിയുടെ നല്ല മനസിന് നന്ദി പറഞ്ഞതും വാർത്തയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് ഇടതുമുന്നണിയിലേക്ക് തിരികെ പോകണമെന്നൊരു മോഹം ഷിബുവിനുണ്ടായിരുന്നു. പ്രേമചന്ദ്രനാണ് അത് പൊളിച്ചത്. ഇത്തവണ യു ഡി എഫിന്റെ ഭാഗമായി മത്സരിച്ചു ജയിച്ചാൽ ഒരു കേന്ദ്ര സഹമന്ത്രി സ്ഥാനം ഒപ്പിച്ചെടുക്കാമെന്നും അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പോലെ കോൺഗ്രസിലോ ബിജെപിയിലോ ചേരാമെന്നുള്ള ലക്ഷ്യം പ്രേമചന്ദ്രനുണ്ട്. ആർ എസ് പിയെ ഇടതുപാളയത്തിലെത്തിക്കാനുള്ള ഷിബുവിന്റെ നീക്കം പ്രേമൻ പൊളിച്ചത് ഇക്കാരണത്താലാണ്. പ്രേമന്റെ സ്വഭാവം നന്നായറിയാവുന്ന ഷിബു ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രേമന് പാര പണിഞ്ഞു എന്നത് പരസ്യമായ രഹസ്യമാണ്. ഷിബുവിന്റെ അനുയായികളിൽ പലരും പ്രേമനെതിരെ പ്രവർത്തിച്ചിട്ടുണ്ട്. വളരെയേറെ പേർ നിഷ്ക്രിയരുമായിരുന്നു. ചവറയിൽ കോൺഗ്രസിൽ നിന്ന് പ്രേമനെതിരെ ഉണ്ടായ നീക്കങ്ങൾക്കും ഷിബുവിന്റെ മൗനാനുവാദം ഉണ്ടായിരുന്നു.

Image result for rsp kerala

ഈ സാഹചര്യത്തിലാണ് ബിജെപിയുടെ കാര്യാലയത്തിൽ പ്രേമൻ അഭയം പ്രാപിച്ചത്. ശബരിമല വിഷയത്തിൽ ബിജെപിയുടെ നിലപാട് പ്രേമചന്ദ്രൻ പരസ്യമായി പ്രഖ്യാപിച്ചാൽ പൂർണ്ണ പിന്തുണ നൽകാം എന്നതായിരുന്നു ബിജെപിയുടെ വാഗ്ദാനം. പ്രേമൻ അത് അക്ഷരം പ്രതി അനുസരിച്ചു. ബിജെപി തങ്ങളുടെ വലിയൊരു ഭാഗം വോട്ടുകൾ നൽകുകയും ചെയ്തു. പ്രേമന്റെ വർഗീയ പ്രസംഗം കേട്ട പല പരിവാർ നേതാക്കളും പറഞ്ഞത് ശശികല ടീച്ചറിന്റെ പിൻഗാമിയെ കണ്ടെത്തിയിരിക്കുന്നു എന്നാണ്. ഇടതു സൈബർ ട്രോളുകളിൽ കേരള ആദിത്യനാഥ് എന്നാണ് പ്രേമചന്ദ്രനെ പരിഹസിക്കുന്നത്. കേരളത്തിലെ ബിജെപി നേതാക്കൾ പോലും മടിച്ചു നിന്നപ്പോൾ പച്ചയായ വർഗീയത പ്രസംഗിക്കാൻ പ്രേമൻ തയ്യാറായത് സംഘപരിവാർ വൃത്തങ്ങളിൽ വലിയ മതിപ്പുളവാക്കിയിട്ടുണ്ട്. മത സ്പർദ്ധ ഉളവാക്കുന്ന പ്രസംഗം നടത്തിയതിന്റെ പേരിൽ ഇത്തവണ കേസ് എടുക്കപ്പെട്ട കേരളത്തിലെ ഏക സ്ഥാനാർത്ഥി പ്രേമചന്ദ്രനാണ് എന്നതും പരിവാർ നേതൃത്വത്തെ സന്തോഷിപ്പിച്ചിട്ടുണ്ട്.

ആർ എസ് പിയിൽ പ്രേമചന്ദ്രൻ ഇനി അധികകാലം ഉണ്ടാകില്ല എന്ന് മനസിലാക്കിയതു കൊണ്ടാണ് അസീസും ഷിബുവും ഈ തെരഞ്ഞെടുപ്പിൽ നിശബ്ദത പാലിച്ചത് എന്ന സന്ദേശം അണികളിലേക്ക് ആർ എസ് പി കൈമാറിയിട്ടുമുണ്ട്. ഇടതുപക്ഷത്തേക്ക് തിരിച്ചെത്തിയില്ലെങ്കിൽ ആർ എസ് പി എന്നെന്നേക്കുമായി അസ്തമിക്കുമെന്ന് അവർക്കറിയാം.

പ്രേമചന്ദ്രനാകട്ടെ ജയിച്ചാലും തോറ്റാലും ഇനി ആർ എസ് പി വേണ്ട എന്ന തീരുമാനത്തിലാണ്. മകന്റെ സുഹൃത്തുക്കളുടെ ഏജൻസി നടത്തിയ പോസ്റ്റ്‌ പോൾ സർവ്വേ പ്രകാരം കനത്ത പരാജയം ഉണ്ടാകുമെന്ന് മനസ്സിലാക്കിയതോടെ ബിജെപിയുമായുള്ള ചർച്ചകൾ തുടങ്ങി എന്നാണ് വാർത്തകൾ. ബിജെപിയുടെ ദേശീയ വക്താവ് സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിച്ചേക്കും എന്നാണ് സൂചന.