ഷാങ്ഹായി ഉച്ചകോടിയില്‍ കശ്മീര്‍ പരോക്ഷമായി പരാമര്‍ശിച്ച് ഇമ്രാന്‍ ഖാന്‍

ബിഷ്‌കെക്: ഷാങ്ഹായി ഉച്ചകോടിയില്‍ കശ്മീര്‍ വിഷയംപരോക്ഷമായി പരാമര്‍ശിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യങ്ങള്‍ പിടിച്ചുവച്ചിരിക്കുന്ന ജനതയ്ക്കു മേല്‍ നടത്തുന്ന അക്രമവും ഭീകരവാദമെന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ ഇരയെന്നും, തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള അവസരം പാഴാക്കരുതെന്നുംഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഭീകരവാദികളെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടത്. ഇന്ത്യ ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം എന്ന നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നുവെന്നും മോദി പറഞ്ഞു.

ഒരേ വേദി പങ്കിട്ടെങ്കിലും മോദിയും ഇമ്രാന്‍ ഖാനും തമ്മില്‍ ഹസ്തദാനം പോലും ഉണ്ടായില്ല. ആദ്യ സര്‍ക്കാരിന്റെ കാലത്ത് നവാസ് ഷെരിഫിനോട് സൗഹൃദം കാട്ടിയ മോദി അതേ നിലപാട് ഇമ്രാന്‍ പ്രതീക്ഷിക്കേണ്ടെന്ന സന്ദേശമാണ് നല്‍കുന്നത്. ഇന്ത്യാ-പാക് ചര്‍ച്ച വീണ്ടും തുടങ്ങാനുള്ള സാധ്യതകള്‍ തല്‍ക്കാലം അടയ്ക്കുന്നതാണ് ബിഷ്‌ക്കെക്കിലെ കാഴ്ചകള്‍.