ഷങ്ഹായ് ഉച്ചകോടിയില്‍ ഇമ്രാന്‍ഖാനുമായി കൂടിക്കാഴ്ചയില്ലെന്ന് ഇന്ത്യ

ഡല്‍ഹി: ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച ഉണ്ടാകില്ലെന്ന് ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷേകേക്കില്‍ വച്ച് ഈ മാസം അവസാനമാണ് ഉച്ചകോടി നടക്കുക.

ഇന്ത്യ-പാക് പ്രധാനമന്ത്രിമാർ കൂടിക്കാഴ്ച നടത്തിയാൽ അതിർത്തി കടന്നുള്ള ഭീകരവാദം ചർച്ചയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിനുള്ള സാധ്യതകള്‍ മങ്ങുകയാണ് ചെയ്തത്‌. 2016ലെ ഉറി ഭീകരാക്രമണത്തിനു ശേഷം ഉലഞ്ഞ ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായത് ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തോടെയാണ്.

റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ ചേർന്ന് 2001 മുതലാണ് എസ്.സി.ഒ ഉച്ചകോടി ആരംഭിച്ചത്. പാകിസ്ഥാനൊപ്പം ഇന്ത്യയ്ക്കും 2017ലാണ് ഉച്ചകോടിയിൽ അംഗത്വം ലഭിച്ചത്.