ശ്രീരാമകൃഷ്ണന്‍, നിങ്ങള്‍ ഇങ്ങിനെ നിരാശപ്പെടുത്തരുതായിരുന്നു…

കെ.ശ്രീജിത്ത്

‘മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു 

കണ്ണടകള്‍ വേണം’
                        – മുരുകന്‍ കാട്ടാക്കട

മുരുകന്‍ കാട്ടാക്കടയെ കവി എന്ന നിലയില്‍ ഏറെ പ്രശസ്തനാക്കിയ കവിതയാണ് ‘കണ്ണട’. ആ കവിതയിലെ വരികളാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. ആ കവിതയെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കാന്‍ കാരണം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഒരു കണ്ണട വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദമാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് കാലം ചെല്ലുംതോറും കാഴ്ച മങ്ങിത്തുടങ്ങുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോഴത്തെ വിവാദം.

കണ്ണട വാങ്ങുന്നതിനായി സ്പീക്കര്‍ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയിരിക്കുന്നത് 49,900 രൂപ. വിവരാവകാശ പ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ് ഇനത്തില്‍ 4,25,594 രൂപയാണ് സ്പീക്കര്‍ 05.10.2016 മുതല്‍ 19.01.2018 വരെയുള്ള കാലയളവില്‍ കൈപ്പറ്റിയതെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. നേരത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇരുപത്തെട്ടായിരത്തോളം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവാക്കി കണ്ണട വാങ്ങിയത് വിവാദമായതിന് പിന്നാലെയാണ് ഇപ്പോള്‍ ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങി കുരുക്കില്‍പ്പെട്ടിരിക്കുന്നത്.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് കണ്ണട വാങ്ങിയതെന്നും ഫ്രെയിമിന് 5000 രൂപയില്‍ കൂടരുതെന്ന മാനദണ്ഡം പാലിച്ചാണ് കണ്ണട വാങ്ങിയിട്ടുള്ളതെന്നുമാണ് ശ്രീരാമകൃഷ്ണന്റെ വിശദീകരണം. ഡോക്ടറുടെ നിര്‍ദേശമനുസരിച്ചാണ് ലെന്‍സ് ഇത്രയും വിലയുള്ളത് വാങ്ങിയതെന്നും അദ്ദേഹം പറയുന്നു. ഈ വിശദീകരണം കേള്‍ക്കുന്ന ഒരാളുടെ മനസില്‍ സ്വാഭാവികമായി ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. ശ്രീരാമകൃഷ്ണന്‍ നിയമസഭാ സ്പീക്കറല്ലെന്നും ഒരു നിയമസഭാംഗം പോലുമല്ലെന്നും അദ്ദേഹം ഒരു സാധാരണ സ്‌കൂള്‍ അധ്യാപകനായിത്തന്നെ തുടരുന്നു എന്നും കരുതുക. അങ്ങിനെയൊരു സാഹചര്യത്തിലാണ് ഡോക്ടര്‍ വിലയേറിയ ലെന്‍സ് വാങ്ങാന്‍ ഉപദേശിക്കുന്നതെന്നിരിക്കട്ടെ. അപ്പോള്‍ അദ്ദേഹം ഇത്രയും വില കൊടുത്ത് ഒരു ലെന്‍സ് വാങ്ങുമായിരുന്നോ? അതല്ല സ്പീക്കര്‍ എന്ന നിലയിലോ നിയമസഭാംഗമെന്ന നിലയിലോ സൗകര്യമുള്ളതുകൊണ്ടാണ് വില കൂടിയ ലെന്‍സ് വാങ്ങിയതെന്നും അതിലെന്താ തെറ്റെന്നും അദ്ദേഹത്തിന് ചോദിക്കാവുന്നതാണ്. കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ പ്രതിനിധി ആയിട്ടാണ് അദ്ദേഹം നിയമസഭയില്‍ ഇരുന്നിരുന്നതെങ്കില്‍ പോലും പൊതുസമൂഹം തെറ്റെന്ന് വിധിക്കുമായിരുന്ന ഒരു കാര്യം ചെയ്തത് ഒരു കമ്യൂണിസ്റ്റുകാരനായിരുന്നിട്ടാണെന്ന് കൂടി വന്നാലോ?

കേരള സമൂഹം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന, ചെറുപ്പക്കാരനായ ഒരു രാഷ്ട്രീയ നേതാവാണ് ശ്രീരാമകൃഷ്ണന്‍. അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും പക്വതയുള്ള രാഷ്ട്രീയക്കാരന്‍. ഏത് സാഹചര്യത്തിലും പ്രകോപിതനാകാത്ത അദ്ദേഹം ശാന്തപ്രകൃതിയായ മനുഷ്യനാണ്. പൊതുവെ ചെറുപ്പക്കാരായ രാഷ്ട്രീയ നേതാക്കളില്‍ കാണുന്ന എടുത്തുചാട്ടം ഒട്ടുമില്ലാത്ത, പ്രായത്തിലധികം പക്വമതിയായ ഒരാള്‍. വളരെ ചെറുപ്പത്തില്‍ തന്നെ ഇരുത്തംവന്ന ഒരു രാഷ്ട്രീയ നേതാവിന്റെ പ്രതിച്ഛായയുള്ള ഒരാള്‍. വിവാദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്ന മിതവാദി. അതുകൊണ്ടുതന്നെയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോള്‍ ഏറെ പക്വതയോടെ കൈകാര്യം ചെയ്യേണ്ട സ്പീക്കര്‍ സ്ഥാനം അദ്ദേഹത്തിന് നല്‍കിയതും. മാത്രമല്ല ഭാവിയില്‍ വലിയ ചുമതലകള്‍ ഏറ്റെടുക്കാന്‍ പ്രാപ്തനായ ഒരാള്‍ എന്ന നിലയില്‍ ജനം അദ്ദേഹത്തില്‍ വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. അങ്ങിനെയുള്ള ഒരാളില്‍ നിന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല ഇപ്പോഴത്തെ ഈ വിവാദം.

ധനമന്ത്രി തോമസ് ഐസക്ക് വാക്കിനുവാക്കിന് പറയുന്നതാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ധനസ്ഥിതിയെക്കുറിച്ച്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നു. പല തരത്തിലുള്ള ധൂര്‍ത്തുകള്‍ സര്‍ക്കാര്‍ ഒഴിവാക്കുമെന്നും അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ആ ഘട്ടത്തിലാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ കണ്ണട വിവാദം തലപൊക്കുന്നത്. 49,000 രൂപയോളം ചിലവാക്കി ഒരു കണ്ണട വാങ്ങുന്നു എന്നത് ചുരുങ്ങിയത് സാധാരണക്കാരനെയെങ്കിലും ഞെട്ടിക്കുന്നു. പിന്നെ ദരിദ്രനാരായണന്‍മാരുടെ കഥ പറയുകയും വേണ്ടല്ലോ. സാങ്കേതികമായി എന്ത് മുട്ടാപ്പോക്ക് പറഞ്ഞാലും ശരി ശ്രീരാമകൃഷ്ണന്‍ എന്ന കമ്യൂണിസ്റ്റുകാരന്‍ ചെയ്തത് നൂറ് ശതമാനം തെറ്റാണ്. അദ്ദേഹം ആത്യന്തികമായി ഒരു കമ്യൂണിസ്റ്റുകാരനാണ്. അതുകഴിഞ്ഞുമാത്രമെ അദ്ദേഹം ഇരിക്കുന്ന പദവിയുടെ അധികാരം പോലും കടന്നുവരുന്നുള്ളൂ. 49,000 രൂപയുടെ കണ്ണട ആ അധികാരത്തിന്റെ പരിധിയില്‍ വരുന്നതുതന്നെയായിരിക്കാം. അത് വാങ്ങാന്‍ അദ്ദേഹത്തിന് നിയമപരമായ അവകാശമുണ്ടായിരിക്കുകയും ചെയ്യാം. എന്നാല്‍ 49000 രൂപയുടെ കണ്ണട വാങ്ങുന്ന ഒരു കമ്യൂണിസ്റ്റുകാരന്റെ ധാര്‍മികത തീര്‍ച്ചയായും ഒരു ചോദ്യചിഹ്നം തന്നെയാണ്. അതിന് ഇനി എന്ത് ന്യായീകരണങ്ങള്‍ നിരത്തിയാലും ശരി ശ്രീരാമകൃഷ്ണന്‍, നിങ്ങള്‍ ചെയ്തത് തെറ്റായിപ്പോയി.

സ്വന്തം വസ്തുവകകള്‍ വിറ്റ് ആ പണം പാര്‍ട്ടിയ്ക്ക് നല്‍കി ജീവിതകാലം മുഴുവന്‍ പാര്‍ട്ടി നല്‍കിയ പൈസ കൊണ്ട് വാടക വീടുകളില്‍ ജീവിച്ച ഇഎംഎസിനെപ്പോലുള്ള ഒരു നേതാവിന്റെ പാര്‍ട്ടിയിലാണ് താങ്കളുടെ അംഗത്വമെന്നത്, ആ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ് താങ്കളെന്നത് ഏത് മലവെള്ളപ്പാച്ചിലിലും മറക്കരുത് മിസ്റ്റര്‍ ശ്രീരാമകൃഷ്ണന്‍. കൃഷ്ണപ്പിള്ളയും എകെജിയും പലോറ മാതയും… അങ്ങിനെ പറഞ്ഞുപറഞ്ഞ്, പഴകിത്തേഞ്ഞ കഥകള്‍ ആവര്‍ത്തിക്കുന്നില്ല. ദിവസത്തില്‍ ഒരു തവണയെങ്കിലും ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് എന്നുമാത്രം ഓര്‍ക്കുക. നിങ്ങളെപ്പോലുള്ളവര്‍ സൗകര്യപൂര്‍വം അത് മറന്നുകളയുന്നു. അധികാരത്തിലാണെങ്കിലും അല്ലെങ്കിലും നിങ്ങളൊരു കമ്യൂണിസ്റ്റുകാരന്‍ തന്നെയാണ്. അതിനിടയില്‍ ഒരു ഇരട്ട ജീവിതം സാധ്യമല്ല. ഒരൊറ്റ ജീവിതം, ഒരേയൊരു ജീവിതം, കമ്യൂണിസ്റ്റുകാരന്റേത് മാത്രം. അധികാരം കൊണ്ടുവരുന്ന സൗകര്യങ്ങള്‍ ഉപയോഗിക്കാം, അതില്‍ തെറ്റില്ല എന്ന് കരുതുന്ന ചില കമ്യൂണിസ്റ്റുകരെപ്പോലെയാണ് നിങ്ങളുമെങ്കില്‍, ആ നിങ്ങളോട് സഹതാപം മാത്രമെയുള്ളൂ.

അതല്ലെങ്കില്‍ നിങ്ങള്‍ക്കൊരു വലതുപക്ഷക്കാരനാകാമല്ലോ. അപ്പോള്‍ പിന്നെ ഏത് ആര്‍ഭാടവും ആകാം. വേണ്ടുവോളം ധൂര്‍ത്താകാം. പശ്ചിമ ബംഗാളിലെ താങ്കളുടെ തന്നെ പാര്‍ട്ടിയിലെ നേതാവായിരുന്ന ഋതബ്രത ബാനര്‍ജിയ്‌ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ട് കാലം അധികമായിട്ടില്ലെന്ന് ഓര്‍ക്കുക. അദ്ദേഹം ലക്ഷങ്ങള്‍ വിലയുള്ള വാച്ചാണ് വാങ്ങിയിരുന്നത്. കമ്യൂണിസ്റ്റുകാരന് ചേരാത്ത ജീവിതശൈലി എന്നാണ് അന്ന് പാര്‍ട്ടി കണ്ടെത്തിയത്. അതില്‍ നിന്ന് ഏറെ അകലെയൊന്നുമല്ല താങ്കളുടെ ചെയ്തിയും എന്നത് മറക്കരുത്. അല്ലെങ്കില്‍ ജനത്തിന് അത് നിങ്ങളെ ഓര്‍മിപ്പിക്കേണ്ടിവരും. താങ്കളില്‍ ഒരു നല്ല ഭരണാധികാരിയെ കാണുന്ന, ഒരുപാട് പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്തുന്ന, വലിയ ഉത്തരവാദിത്തങ്ങള്‍ താങ്കളെ വിശ്വസിച്ച് ഏല്പിക്കാമെന്ന് കരുതുന്ന ഒരു ജനതയെ ശ്രീരാമകൃഷ്ണന്‍, നിങ്ങള്‍ ഇങ്ങിനെ നിരാശപ്പെടുത്തരുത്.