ശ്രീധരന്‍ പിള്ളയ്ക്ക് സംഭവിക്കുന്നത് തന്ത്രപരമായ പിഴവുകള്‍; പിള്ളയ്‌ക്കെതിരെ ബിജെപിയില്‍ എതിര്‍പ്പ് ശക്തം

എം. മനോജ്‌ കുമാര്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയായ പി.എസ്.ശ്രീധരന്‍ പിള്ളയ്ക്കെതിരെ ബിജെപിയില്‍ എതിര്‍പ്പ് ശക്തം. ചെങ്ങന്നൂരില്‍ ഒരേ മനസോടെയല്ല ബിജെപി മുന്നോട്ട് പോകുന്നതെന്ന്‌
വ്യക്തമാകുന്നതിനിടെയാണ്‌ ഒരു വശത്ത് ശ്രീധരന്‍ പിള്ളയോടുള്ള എതിര്‍പ്പ് പൊന്തിവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താന്‍ നേടിയ 42,682 വോട്ടിന്റെ പേരില്‍ പിള്ള നടത്തുന്ന അവകാശവാദത്തിന്റെ പേരിലാണ് സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.

തിരഞ്ഞെടുപ്പ് വേദികളില്‍ രാഷ്ട്രീയം പറയുക, സ്വന്തം പാര്‍ട്ടിക്കാരെ വിമര്‍ശിക്കുക. ഈ രണ്ടു കാര്യങ്ങളിലാണ് പിള്ളയ്ക്ക് നേരെ വിയോജിപ്പുകള്‍ വരുന്നത്. ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ അല്ല ശ്രീധരന്‍ പിള്ള ചെങ്ങന്നൂരില്‍ മുന്നോട്ട് പോകുന്നത്. ഇതാണ് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാക്കുന്നത്. വി.മുരളീധരന്‍റെ കേരള കോണ്‍ഗ്രസിനോടുള്ള നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിച്ച പിള്ളയും ഒരു ഗ്രൂപ്പിന്റെ നായകന്‍ എന്ന നിലയിലാണ് ചെങ്ങന്നൂരില്‍ മുന്നോട്ട് പോകുന്നത്.

പാര്‍ട്ടിയുടെ ഒരു യോഗത്തില്‍ കഴിഞ്ഞ തവണ നിങ്ങളെയാരും കണ്ടില്ലല്ലോ എന്ന് തന്നെ പിള്ള തുറന്നടിച്ചിരുന്നു. ഇതും പാര്‍ട്ടിക്കാരെ പിള്ളയ്ക്ക് എതിരാക്കി.
പകയുളള പാര്‍ട്ടിക്കാരെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു വെട്ടിക്കൊണ്ടു നടക്കുന്ന ഒരു സമീപനമാണ് പിള്ള സ്വീകരിക്കുന്നത്. ഗ്രൂപ്പുകള്‍ക്കെതിരെ നില്‍ക്കുന്ന പിള്ളയും ഗ്രൂപ്പിന്റെ വക്താവാകുകയാണ് എന്ന ആരോപണമാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയരുന്നത്.

നേതാക്കളെ പഴയ പകയുടെ പേരില്‍ തലങ്ങും വിലങ്ങും വെട്ടുമ്പോള്‍ എല്ലാവര്‍ക്കും
ആത്മാര്‍ഥത കുറയും. അപ്പോള്‍ പറയേണ്ട കാര്യങ്ങള്‍ അവര്‍ യോഗങ്ങളില്‍ പറയില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോള്‍ അത് വഴിപാടാവുകയും ചെയ്യും.
ഫലത്തില്‍ വോട്ട് കുറയും. ഈ സ്ഥിതിവിശേഷമാണ് ചെങ്ങന്നൂരില്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. ഇതാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ തവണ നേടിയ വോട്ടുകളുടെ ക്രെഡിറ്റ്‌ സ്വന്തം പേരിലാണ് പിള്ള കുറിക്കുന്നത്. ഇത്തവണ ജയിച്ചാല്‍ അതും സ്വന്തം പേരിലാകും. പാര്‍ട്ടിക്ക് ക്രെഡിറ്റ്‌ ലഭിക്കില്ല. ഈ രീതിയിലും നേതാക്കള്‍ ആലോചിച്ച് തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ മികച്ച പ്രകടനം നടത്തിയിട്ടും മൂന്നാം സ്ഥാനത്ത് തന്നെ തുടര്‍ന്നപ്പോള്‍ ബിജെപിക്കാര്‍ സഹായിക്കാത്തതാണ് തന്റെ തോല്‍വിക്ക് കാരണമെന്നാണ് പിള്ള പറഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് തോറ്റപ്പോള്‍ ശോഭാ സുരേന്ദ്രനും നിരത്തിയത് ഇതേ കാരണമാണ്. പിള്ളയെ അപേക്ഷിച്ച് പാലക്കാട് രണ്ടാം സ്ഥാനത്ത് എത്താന്‍ ശോഭാ സുരേന്ദ്രന് കഴിഞ്ഞിരുന്നു. പിള്ള ചെങ്ങന്നൂരില്‍ മൂന്നാമതാണെത്തിയത്.

പിള്ളയും ശോഭാ സുരേന്ദ്രനും മറക്കുന്ന കാര്യം സ്ഥാനാര്‍ഥികളായ ഇവര്‍ക്ക് വേണ്ടി വെള്ളം കോരാനും വിറക് വെട്ടാനും ഈ രണ്ടു മണ്ഡലങ്ങളിലും ഒരുപാട് ബിജെപിക്കാര്‍ ഉണ്ടായിരുന്നു. ഇവരെ മറന്നുകൊണ്ടാണ്, ഇവരുടെ മുഖത്ത് അടിച്ചു കൊണ്ടാണ് ഈ രണ്ടു നേതാക്കളും തോല്‍വിയെക്കുറിച്ച് സമാന അഭിപ്രായ പ്രകടനം നടത്തിയത്. പാര്‍ട്ടിയുടെ ദൗര്‍ഭാഗ്യം കൊണ്ട് ഞാന്‍ തോറ്റു എന്ന് പറഞ്ഞാല്‍ അത് ഒരു മാന്യതയാണ്. ഈ മാന്യത നേതാക്കള്‍ പ്രകടിപ്പിക്കുന്നില്ല. അതിനു പകരം പ്രവര്‍ത്തകരെ മറന്നും നേതാക്കളെ മറന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എവിടെയാണ് ബിജെപിയ്ക്ക് ജയം ലഭിച്ചത് എന്നാണ് നേതാക്കള്‍ മറുചോദ്യം ഉന്നയിക്കുന്നത്.

ഒരു നേമം മാത്രമാണ് ബിജെപിക്ക്‌
വിജയിക്കാന്‍ കഴിഞ്ഞത്. നേമത്ത് ഒരുപാടു രാഷ്ട്രീയ അടിയൊഴുക്കുകള്‍ ഉണ്ടായിരുന്നു. സിപിഎമ്മിലും ഈ രാഷ്ട്രീയ അടിയൊഴുക്കുകള്‍ പ്രകടമായിരുന്നു.

നേമം എംഎല്‍എ ആയിരുന്നപ്പോള്‍
മുണ്ടും മടക്കിക്കുത്തി നിയമസഭയില്‍ അഴിഞ്ഞാടിയ രംഗങ്ങള്‍ കണ്ടപ്പോള്‍ ചില വോട്ടര്‍മാരെങ്കിലും തീരുമാനിച്ചു ഇക്കുറി വി.ശിവന്‍കുട്ടിയ്ക്ക് വോട്ടില്ല എന്ന്. ഇങ്ങിനെ വോട്ടര്‍മാര്‍ വ്യാപകമായി ചിന്തിച്ചപ്പോള്‍ നേമത്ത് ഓ.രാജഗോപാല്‍ വിജയക്കൊടി നാട്ടി. അതുപോലെയല്ല ശോഭാ സുരേന്ദ്രന്‍റെയും ശ്രീധരന്‍ പിള്ളയുടെയും കാര്യം.

ഇവര്‍  ഒരിടത്തും ജയിച്ച സ്ഥാനാര്‍ഥികള്‍ അല്ല. പരാജയമടഞ്ഞ സ്ഥാനാര്‍ഥികള്‍ മാത്രമാണ്. ജയിക്കാനുള്ള പൊസിഷനും ഫൈറ്റ് ചെയ്യാനുള്ള പൊസിഷനും രണ്ടും രണ്ടാണ്. ഇതുപോലും ഈ രണ്ടു സ്ഥാനാര്‍ഥികളും തിരിച്ചറിയുന്നില്ല എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. അപ്പോള്‍ പരാജയത്തിനു കാരണം പാര്‍ട്ടിക്കാരാകുന്നത് എങ്ങിനെ എന്നാണ് ചോദ്യം ഉയരുന്നത്. കഴിഞ്ഞ തവണ ഇരു നേതാക്കളും നടത്തിയ ഈ അഭിപ്രായ പ്രകടനങ്ങള്‍ വരുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും എന്ന് ബിജെപി നേതാക്കള്‍ തന്നെ വിലയിരുത്തിയ കാര്യവുമാണ്.

ഇക്കുറി പിള്ള ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയുമാണ്‌. അപ്പോഴാണ്‌ കഴിഞ്ഞ തവണത്തെ അതേ നിലപാടില്‍ കുറച്ചുകൂടി തീവ്രമായി, പാര്‍ട്ടി നേതാക്കളുടെയെല്ലാം എതിര്‍പ്പ് കുറച്ചുകൂടി ശക്തമാക്കി അദ്ദേഹം
മുന്നോട്ട് പോകുന്നത്. ഇത്തവണ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുതല്‍ പിള്ള ഉയര്‍ത്തുന്ന കഴിഞ്ഞ തവണത്തെ റെക്കോര്‍ഡ് വോട്ടിനെക്കുറിച്ചുള്ള അവകാശവാദമാണ് പാര്‍ട്ടിക്കാരെ അദ്ദേഹത്തിന്‌ എതിരാക്കുന്നത്.

വ്യക്തിപരമായ വോട്ടുകളാണ് കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ നേടിയത് എന്നാണ് പിള്ളയുടെ വാദം. ബിജെപിയുടെ യോഗങ്ങളില്‍ പിള്ള ഈ അവകാശവാദം ഉന്നയിക്കുന്നുണ്ട്‌. തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പിള്ള രാഷ്ടീയം പറയുന്നുമുണ്ട്. രാഷ്ട്രീയം പിള്ളയാണോ പറയേണ്ടത് അതോ മറ്റുള്ള നേതാക്കളോ എന്നാണ് ബിജെപിയില്‍ നിന്ന് ഉയരുന്ന ചോദ്യം.

കഴിയാവുന്നത്ര വോട്ടുകള്‍ സമാഹരിക്കുക. ആ രീതിയില്‍ സംസാരിക്കുക, പ്രചാരണം നടത്തുക. ഇതാണ് സ്ഥാനാര്‍ഥി ചെയ്യേണ്ടത്. അതിനുപകരം സ്ഥാനാര്‍ഥി തന്നെ അവകാശവാദം ഉന്നയിക്കുകയും രാഷ്ട്രീയം പറയുകയും ചെയ്യുന്നത് ചെങ്ങന്നൂരില്‍ തിരിച്ചടിക്കും എന്നാണ് ബിജെപി വിലയിരുത്തല്‍.

ഇങ്ങിനെ രാഷ്ട്രീയം പറഞ്ഞാലുള്ള പ്രശ്നം രാഷ്ട്രീയക്കാരനായ ഒരാളുടെ വോട്ട് കിട്ടില്ല. കോണ്‍ഗ്രസുകാരന്‍റെ അടുത്ത്‌ ബിജെപിയുടെ രാഷ്ട്രീയം പറഞ്ഞാല്‍ വോട്ട് ലഭിക്കില്ല. രാഷ്ട്രീയത്തിനതീതമായി നേടുന്ന വോട്ടുകളാണ് തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് എന്നിരിക്കെ പിള്ളയുടെ നീക്കം തിരിച്ചടിച്ചേക്കും എന്ന് ബിജെപി നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ബിജെപി-ബിഡിജെഎസ് വോട്ടുകള്‍ മാത്രം ലഭിച്ചാല്‍ ചെങ്ങന്നൂരില്‍ ബിജെപി ജയിക്കില്ല. അതിനു പൊതുസമൂഹത്തിന്റെ വോട്ട് വേണം. സിപിഎമ്മും കോണ്‍ഗ്രസും എസ്എന്‍ഡിപിയും ഉള്‍പ്പെട്ടതാണ് ഈ പൊതുസമൂഹം.

ആ വോട്ടുകള്‍ സമാഹരിക്കാന്‍ ഈ രീതിയിലുള്ള നീക്കം കൊണ്ട് കഴിയില്ല. ബിജെപി ചെങ്ങന്നൂരില്‍ പിന്നോക്കം പോകും. വെള്ളാപ്പള്ളി എനിക്ക് പിന്തുണ നല്‍കും എന്ന് ശ്രീധരന്‍ പിള്ള പരസ്യമായി പറയുന്നു. എന്‍എസ്എസിന്റെ സുകുമാരന്‍ നായരും പിന്തുണ നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. രണ്ടു പേരും രണ്ടു സമുദായ സംഘടനാ നേതാക്കളാണ്. ഇരുവര്‍ക്കും എതിരെ ശക്തമായ എതിര്‍പ്പുള്ളവര്‍ ചെങ്ങന്നൂരില്‍ ധാരാളമുണ്ട്.

പിള്ളയുടെ ഈ ഒരൊറ്റ പ്രസ്താവനയുടെ പേരില്‍ ഈ രണ്ടു സാമുദായിക നേതാക്കളോട് എതിര്‍പ്പുള്ള മുഴുവന്‍ പേരും പിള്ളയ്ക്ക് എതിരായി വോട്ട് ചെയ്യും.
പിള്ളയ്ക്ക് തന്ത്രപരമായ പിഴവുകള്‍ ചെങ്ങന്നൂരില്‍ സംഭവിക്കുന്നു എന്ന് വിലയിരുത്തപ്പെടുകയാണ്. അപ്പോള്‍ പിള്ള ഇങ്ങിനെ ചെങ്ങന്നൂരില്‍ നീങ്ങിയാല്‍ എന്ത് ഗുണം എന്നാണ് ചോദ്യം ഉയരുന്നത്. ഇതേ സമയത്ത് തന്നെയാണ് പാര്‍ട്ടിക്കുള്ളിലെ എതിരാളികളെ പിള്ള തലങ്ങും വിലങ്ങും വെട്ടുകയും ചെയ്യുന്നത്. ഇത് ബിജെപിയില്‍ പിള്ളയോടുള്ള എതിര്‍പ്പ് ശക്തമാക്കാനും ഇടവെയ്ക്കുന്നു.