ശ്രീദേവിയുടേത് അപകട മരണമല്ല, ആസൂത്രിതമായ കൊലപാതകം; ആരോപണവുമായി മുന്‍ എ.സി.പി

ന്യൂഡല്‍ഹി: നടി ശ്രീദേവിയുടേത് അപകട മരണമല്ലെന്നും അസൂത്രിതമായ കൊലപാതകമാണെന്നുമുള്ള ആരോപണവുമായി ഡല്‍ഹി പൊലീസിലെ മുന്‍ എ.സി.പി വേദ് ഭൂഷണ്‍ രംഗത്ത്. ശ്രീദേവിയുടെ മരണത്തില്‍ സൂക്ഷ്മ പരിശോധനയ്ക്കായി ദുബായില്‍ പോയി തിരികെ എത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനം. പൊലീസില്‍ നിന്നും വിരമിച്ച ശേഷം സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ് വേദ് ഭൂഷണ്‍.

ബാത്ത് ടബ്ബില്‍ തള്ളിയിട്ട് ഒരാളെ ശ്വാസം മുട്ടിച്ച് കൊല്ലാനും കുറ്റകൃത്യം നടത്തിയതിന്റെ തെളിവുകള്‍ അവശേഷിപ്പിക്കാതെ അപകടമരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണ്. ഇതൊരു ആസൂത്രിത കൊലപാതകം പോലെയാണ് തോന്നുന്നതും വേദ് ഭൂഷണ്‍ പറഞ്ഞു.

തെളിവുകള്‍ ശേഖരിക്കുന്നതിനായി വേദ് ഭൂഷണ്‍ ദുബായില്‍ ശ്രീദേവി താമസിച്ചിരുന്ന ജുമെയ്‌റ എമിറേറ്റ്‌സ് ടവര്‍ സന്ദര്‍ശിച്ചെങ്കിലും ശ്രീദേവി മരിച്ചു കിടന്ന മുറി സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് അനുവാദം ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് ശ്രീദേവി മരിച്ച മുറിയുടെ അതേ രീതിയിലുള്ള മറ്റൊരു മുറിയില്‍ മരണം സംഭവിച്ച രീതി പുനഃസൃഷ്ടിക്കുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ടാണ് ഈ കേസ് ഇത്രപെട്ടെന്ന് തീര്‍പ്പാക്കിയതെന്ന് അറിയണമെന്നും അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കേസ് റദ്ദാക്കിയതെന്നും വേദ് ഭൂഷണ്‍ പറഞ്ഞു. താനിപ്പോഴും ഈ കേസിന്റെ പിന്നാലെയാണെന്നും ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

ദുബായ് പൊലീസിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോട്ടിനെതിരെയും വേദ് ഭൂഷണ്‍ ആരോപണം ഉന്നയിച്ചു. ദുബായ് നീതിവ്യവസ്ഥയോടുള്ള എല്ലാ ആദരവോടും കൂടിയ തന്നെ പറയുകയാണ് ശ്രീദേവിയുടെ മരണത്തില്‍ അവര്‍ നല്‍കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തങ്ങള്‍ തൃപ്തരല്ല. സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും ഒരുപാട് ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ ബാക്കിയാകുന്നുണ്ടെന്നും വേദ് പറയുന്നു. ശ്രീദേവിയുടേത് അപകടമരണമാണെന്നും ബാത്ത്ടബില്‍ ബോധരഹിതയായി കിടക്കുകയായിരുന്ന ശ്രീദേവിയുടെ ഉള്ളില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു എന്നുമാണ് ഫെബ്രുവരി 26-ന് ദുബായ് പൊലീസ് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഫെബ്രുവരി 24-നാണ് ദുബായിലെ ആഢംബര ഹോട്ടലിലെ ബാത്ത്ടബ്ബില്‍ ശ്രീദേവി മുങ്ങി മരിക്കുന്നത്. മരണത്തെ ചൊല്ലി നിരവധി ഊഹാപോഹങ്ങള്‍ ഉയര്‍ന്നെങ്കിലും ശ്രീദേവിയുടേത് വെള്ളത്തില്‍ മുങ്ങിയുള്ള അപകടമരണമാണെന്നും യാതൊരു അസ്വാഭാവികതയും മരണത്തില്‍ ഇല്ലെന്നുമുള്ള കണ്ടെത്തലിലാണ് ദുബായ് പൊലീസ് കേസ് അവസാനിപ്പിച്ചത്.