ശ്രീചിത്രൻ വഞ്ചിച്ചു, പറ്റിയത് വലിയ പിഴവെന്ന്‌ ദീപാ നിഷാന്ത്‌

തൃശൂര്‍: അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ എന്ന കവിത തനിക്ക് നല്‍കിയത് ശ്രീചിത്രനെന്ന് സമ്മതിച്ച് കേരളവർമ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. സ്വന്തം വരികളാണെന്നു പറഞ്ഞാണ് ശ്രീചിത്രൻ തനിക്ക് കവിത നൽകിയത്. ശ്രീചിത്രൻ വഞ്ചിച്ചു. കവിതയുടെ സ്രഷ്ടാവായ കലേഷിനോടു മാപ്പ് പറയുന്നു. ജാഗ്രത കാട്ടേണ്ടിയിരുന്നു.

എഴുത്തുകാരിയെന്ന് അറിയപ്പെടാനല്ല കവിത പ്രസിദ്ധീകരിച്ചത്. മനുഷ്യന്‍ എത്ര സമര്‍ത്ഥമായാണ് കള്ളം പറയുന്നതെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞു. അധ്യാപിക, എഴുത്തുകാരി എന്ന നിലയില്‍ സത്യസന്ധത പുലര്‍ത്തേണ്ടിയിരുന്നു. കലേഷ് കവിത മോഷ്ടിച്ചെന്നുപോലും തെറ്റിദ്ധരിച്ചു. കലേഷിനോടു മാപ്പ് പറയുന്നു. പറ്റിയത് വലിയ പിഴവെന്നും ദീപ നിശാന്ത്  പറഞ്ഞു.

അതേസമയം, തന്റെ തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്ന് ആരോപണ വിധേയനായ ശ്രീചിത്രന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ക്കോ പരസ്യ പ്രതികരണങ്ങള്‍ക്കോ താന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.