ശ്രവണ സഹായി സമ്മാനിച്ച്‌ ആരോഗ്യമന്ത്രി; കേള്‍വിയുടെ ലോകത്തേക്ക് നിയ മോള്‍ വീണ്ടുമെത്തി

ശ്രവണ സഹായി മോഷണം പോയതുമുതല്‍ ബുദ്ധിമുട്ടിയാ നിയമോള്‍ വീണ്ടും കേള്‍വിയുടെ ലോകത്തേക്ക് തിരിച്ചെത്തി. മോഷണം പോയ ശ്രവണ സഹായിക്ക് പകരം പുതിയൊരെണ്ണവുമായി നിയ മോളുടെ അടുത്തേക്ക് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ത്തെി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഈ കുഞ്ഞുമുഖമായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത്. ശ്രവണ സഹായി മോഷണം പോയതുമുതല്‍ കരഞ്ഞ് തളര്‍ന്ന് പരി പിടിച്ച നിയ മോളുടെ സങ്കടത്തിന് അറുതിയായിരിക്കുകയാണ്. ആരോഗ്യമന്ത്രി കെ.ക ശൈലജ നിയയുടെ വീട്ടിലെത്തി താല്‍ക്കാലിക ശ്രവണ സഹായി നല്‍കി. നിയ മോള്‍ക്ക് പുതിയ സ്പീച്ച്‌ പ്രോസസര്‍ കിട്ടുന്നതുവരെ ഉപയോഗിക്കാന്‍ താല്‍ക്കാലികമായി സര്‍വ്വീസ് ചെയ്ത പഴയ പ്രോസസറാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.

കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ നിയശ്രീയുടെ നാല് മാസം മുന്‍പ് ഘടിപ്പിച്ച ശ്രവണ സഹായ ഉപകരണം ആശുപത്രിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് നഷ്ടമായത്. ജന്മനാ കേള്‍വി ശേഷിയില്ലാതിരുന്ന നിയശ്രീ കേള്‍ക്കാന്‍ തുടങ്ങിയിട്ടു നാലുമാസമേ ആയുള്ളൂ. ഇതിനിടയിലാണ് ശ്രവണ സഹായ യന്ത്രം മോഷണം പോയത്. ഇതോടെ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയിരുന്ന നിയ മോള്‍ ഒന്നും കേള്‍ക്കാനാകാതെ ബുദ്ധിമുട്ടിലാകുകയായിരുന്നു. സര്‍ജറിക്ക് ശേഷം തുടര്‍ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് ശ്രവണ സഹായ ഉപകരണങ്ങളടങ്ങിയ ബാഗ് ട്രെയിനില്‍ വച്ച്‌ നഷ്ടപ്പെട്ടത്. ട്രെയിനില്‍ നല്ല തിരക്കായതിനാല്‍ ഉപകരണങ്ങളടങ്ങിയ ബാഗ് അവര്‍ കയറിയ ലേഡീസ് കമ്ബാര്‍ട്ട്‌മെന്റിലെ സൈഡില്‍ തൂക്കിയിടുകയായിരുന്നു.

നിയമോളുടെ സങ്കടം വാര്‍ത്തയായതിനെത്തുടര്‍ന്ന് മന്ത്രി സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. പുതിയ സ്പീച്ച്‌ പ്രോസസര്‍ രണ്ടാഴ്ചക്കകം നല്‍കും. സാമൂഹ്യ സുരക്ഷ മിഷന്‍ വഴി വീ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്പീച്ച്‌ പ്രോസസര്‍ നല്‍കുന്നത്.