പ്രിയാ ജംഗിഡ് സ്‌കൂളില്‍ നിന്ന് വന്ന് കളിക്കാന്‍ പോകാനൊരുങ്ങിയപ്പോള്‍ ആ കുട്ടിയോട് അവളുടെ കല്യാണം നിശ്ചയിച്ചു എന്ന് അമ്മ അറിയിച്ചു. അത് കേട്ട് അവള്‍ കരയാന്‍ തുടങ്ങി. ശൈശവവിവാഹം നിയമവിരുദ്ധമാണെന്നതോ തുടര്‍ന്നു പഠിക്കാനാവില്ലെന്നതോ ഒന്നുമല്ല അവളെ വിഷമത്തിലാക്കിയത്. ഭക്ഷണം പാകം ചെയ്യാനറിയില്ല എന്നതായിരുന്നു വിഷമത്തിനു കാരണം.

പിറ്റേന്ന് സ്‌കൂളില്‍ പോയി തന്റെ വിവാഹകാര്യം അവള്‍ കൂട്ടുകാരോടും അധ്യപാകരോടും അറിയിച്ചു.
പ്രിയ പറഞ്ഞതു കേട്ട് അധ്യാപകരിലൊരാള്‍ നൊബേല്‍ സമ്മാനജേതാവ് കൈലാഷ് സത്യാര്‍ഥിയുടെ ബച്പന്‍ ബചാവോ ആന്ദോളനില്‍ വിവരമറിയിച്ചു. അതവളുടെ ജീവിതത്തെ മാറ്റിമറിച്ചു.

ശെശവവിവാഹം നിയമവിരുദ്ധമാണെന്നും ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് തന്റെ വീട്ടുകാര്‍ ചെയ്യുന്നതെന്നും അവള്‍ക്ക് മനസ്സിലായത്. ഇത്ര ചെറുപ്പത്തില്‍ വിവാഹിതയായാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും അതോടെ അവള്‍ ബോധവതിയായി.

പ്രിയയുടെ വീട്ടിലെത്തിയ പ്രവര്‍ത്തകര്‍ അവളുടെ അച്ഛനോട് സംസാരിച്ചു. എന്നാല്‍ മകളുടെ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ അയാള്‍ തയ്യാറായില്ല. വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോയെങ്കിലും പ്രിയയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഒടുവില്‍ വീട്ടുകാര്‍ക്ക് തോറ്റുകൊടുക്കേണ്ടി വന്നു. അച്ചനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നതില്‍ അവള്‍ വിജയിച്ചു.

2015 ല്‍ കൈലാഷ് സത്യാര്‍ഥിക്കൊപ്പം അമേരിക്ക സന്ദര്‍ശിക്കാനും ബരാക് ഒബാമയെയും മിഷേലിനെയും നേരിട്ട് കാണാനും പ്രിയക്ക് സാധിച്ചു. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുറച്ച് മുന്നേറുകയാണ് പ്രിയ എന്ന പതിനൊന്നാം ക്ലാസ്സുകാരി.