ശുഹൈബിന് നേരത്തെ വധഭീഷണി ഉണ്ടായിരുന്നതായി പിതാവ്

കണ്ണൂര്‍: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന് നേരത്തെ വധഭീഷണി ഉണ്ടായിരുന്നതായി പിതാവ് വ്യക്തമാക്കി. മകനെ കള്ളക്കേസില്‍ കുടുക്കിയെന്നും ജയിലില്‍ വെച്ച് സിപിഎം തടവുകാര്‍ ഷുഹൈബിനെ ആക്രമിച്ചെന്നും പിതാവ് മുഹമ്മദ് പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ തൃപ്തനല്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബ് എടയന്നൂര്‍ സ്‌കൂളിലെ പ്രശ്നത്തില്‍ കെഎസ്യുവിനുവേണ്ടി ഇടപെട്ടത് സിപിഎമ്മിന് രാഷ്ട്രീയ ശത്രുതയുണ്ടാക്കി. പിന്നീട് സിഐടിയുക്കാരെ ആക്രമിച്ചെന്നു പറഞ്ഞ് കള്ളക്കേസില്‍ കുടുക്കി. തുടര്‍ന്ന് ജയിലില്‍വെച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നെന്നും പലതവണ ശുഹൈബിന് വധഭീഷണിയുണ്ടായെന്നും മുഹമ്മദ് പറഞ്ഞു.
സംഭവം നടന്ന് ഇതുവരെയായിട്ടും പൊലീസ് അന്വേഷണത്തിനു വരികയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് നടപടിയില്‍ തൃപ്തനല്ലെന്നും മുഹമ്മദ് പറഞ്ഞു.

തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് കാറിലെത്തിയ നാലംഗ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം റാഡരികിലെ തട്ടുകടയില്‍ ഇരിക്കുകയായിരുന്ന ഷുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരുകാലുകള്‍ക്കും ആഴത്തില്‍ വെട്ടേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് (36), പള്ളിപ്പറമ്പത്ത് നൗഷാദ് (28) എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ശുഹൈബിന്റെ ശരീരത്തില്‍ 37 വെട്ടുണ്ടായിരുന്നു.