ശാന്തിവനത്തിലെ ദുരന്തം മുഖ്യമന്ത്രി കാണണം: സുധീരൻ


തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ കേരളം അനുഭവിക്കുന്ന സന്ദർഭത്തിൽ പറവൂരിലെ ‘ശാന്തിവന’ത്തിൽ നടക്കുന്ന നശീകരണ നടപടികളിൽ നിന്ന് കെഎസ്ഇബി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ശാന്തിവനം സന്ദർശിക്കണമെന്നും കോൺഗ്രസ് നേതാവ് വി.എം. സുധീരൻ.

പറവൂരിലെ എന്‍എച്ച് റോഡിനോട് ചേര്‍ന്ന വഴിക്കുളങ്ങര ഭാഗത്ത് സ്ഥിതിചെയ്യുന്ന രണ്ടേക്കര്‍ വരുന്ന ശാന്തിവനം കാവുകളും കുളങ്ങളും ചേരുന്ന ഒരു സ്വാഭാവിക ആവാസവ്യവസ്ഥയാണ്. നൂറുകണക്കിന് ഔഷധസസ്യങ്ങളുള്‍പ്പെടെ അപൂര്‍വ്വമായ സസ്യ-ജീവജാലങ്ങള്‍ ശാന്തിവനത്തില്‍ ഉണ്ട്. ശാന്തിവനത്തെ തകര്‍ത്തുകൊണ്ട് കെഎസ്ഇബിയുടെ വൈദ്യുതി ലൈനിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഇപ്പോള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.

മഹാപ്രളയത്തിന്റെയും കൊടും വേനലിന്റെയും ദുരിതങ്ങളൊക്കെ നേരിടേണ്ടി വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ സര്‍വ്വ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും പരിസ്ഥിതി സൗഹൃദമായി മുന്നോട്ടു കൊണ്ടുപോകണമെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. പക്ഷേ, ഈ അവസ്ഥയിലും അവശേഷിച്ച പച്ചപ്പും തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും സംരക്ഷിക്കുന്നതിന് പകരം പല കാരണങ്ങളും കണ്ടെത്തി ഇതെല്ലാം നശിപ്പിക്കാനുള്ള വ്യഗ്രതയിലാണ് സര്‍ക്കാര്‍ സംവിധാനത്തിന്റെ പല തലങ്ങളിലും പെട്ടവര്‍.

അര്‍പ്പണബോധത്തോടെ പൈതൃക സമ്പത്തായ ശാന്തിവനം സംരക്ഷിച്ചുവരുന്ന ഉടമസ്ഥ മീന മേനോന്‍ വൈദ്യുതി ബോര്‍ഡിന്റെ ഈ പദ്ധതിയെക്കുറിച്ച് അറിയുന്നത് 2013ല്‍ അവിടെ കുറ്റിയടിക്കാന്‍ ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ മാത്രമാണ്. അതിനു മുമ്പ് ഇങ്ങനെയൊരു പദ്ധതിയെ കുറിച്ച് ഒരു തലത്തിലുള്ള ഉദ്യോഗസ്ഥരും അവരെ അറിയിച്ചിട്ടില്ല.
ശാന്തിവനത്തിന് കോടാലി വെക്കുന്ന ഈ പദ്ധതിയെ കുറിച്ച് അറിയാന്‍ കഴിഞ്ഞ ഉടനെ തന്നെ അവര്‍ കളക്ടര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അതേതുടര്‍ന്ന് മീന മേനോന്‍ തന്നെ അംഗീകരിച്ച ബദല്‍ മാര്‍ഗ്ഗവും നിര്‍ദേശിക്കപ്പെട്ടിരുന്നു.

പക്ഷേ മീനാ മേനോന്‍ അംഗീകരിച്ച ബദല്‍ നിര്‍ദ്ദേശം തള്ളിക്കളഞ്ഞുകൊണ്ട് അതിനൊക്കെ വിരുദ്ധമായ തീരുമാനമാണ് എഡിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. തികച്ചും ദുരൂഹമായ സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതിനെതിരെ മീന മേനോന്‍ പുന പരിശോധനാ ഹര്‍ജി നല്‍കിയെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടില്ല.

ടവര്‍ നിര്‍മിക്കാന്‍ ഒരു സെന്റില്‍ താഴെ സ്ഥലം മാത്രം മതിയെന്ന് പറഞ്ഞിരുന്ന കെഎസ്ഇബി അധികൃതര്‍ ശാന്തിവനത്തിന്റെ അകത്തുകയറി അമ്പത് സെന്റോളം വരുന്ന അടിക്കാടും മരങ്ങളും ഉള്‍പ്പെടെയുള്ള സ്വാഭാവിക വനം വെട്ടി നശിപ്പിക്കുകയും പൈലിങ് നടത്തിയപ്പോള്‍ ഉണ്ടായ ചെളി പൂര്‍ണ്ണമായും കാടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഒഴുക്കി ആ ഭാഗത്തെ കാടും നശിപ്പിക്കുന്ന ക്രൂരപ്രവര്‍ത്തിയാണ് ചെയ്തിരിക്കുന്നത്. അവിടെ കാണുന്ന ഈ കാഴ്ച ആര്‍ക്കും ഹൃദയഭേദകമാണ്. വ്യാപകമായ പ്രതിഷേധത്തിന് ഇടവരുത്തിയ ഇപ്പോഴത്തെ നശീകരണോന്മുഖമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതിന് മുഖ്യമന്ത്രി അടിയന്തിര നിര്‍ദേശം നല്‍കുകയും സ്ഥലം നേരിട്ട് സന്ദർശിക്കുകയും വേണമെന്നും സുധീരൻ പറഞ്ഞു.